സിഡ്നി: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പര ഓസ്ട്രേലിയ നേടി. നിര്‍ണായക പോരില്‍ ഓസീസ് ജയം 13 റണ്‍സിന്. പാകിസ്ഥാന് ഏകദിന പരമ്പര നേടിയതിനെതിരെ ആതിഥേയരുടെ തിരിച്ചടിയായി ടി20 നേട്ടം. ഇന്നലെ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 147 റണ്‍സെടുത്തു. ഇതിനെതിരെ ഇറങ്ങിയ പാകിസ്ഥാന് 19.4 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായി.
സിഡ്നിയില്‍ ഇന്നലെ രാത്രി വൈകിയാണ് മത്സരം നടന്നത്. പേസര്‍മാര്‍ക്ക് ഇരുവശത്തേക്കും കട്ട് ചെയ്യിക്കാന്‍ പാകത്തിലായ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന് ഏറെ ബുദ്ധിമുട്ടി. 148 റണ്‍സ് പിന്തുടര്‍ന്ന അവര്‍ക്ക് ആദ്യ ബൗണ്ടറി കണ്ടെത്താന്‍ പത്താം ഓവര്‍ വരെ കാക്കേണ്ടി വന്നു. പാതി ഓവറുകള്‍ കഴിയുമ്പോഴേക്കും അവരുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഒരോവറില്‍ പത്ത് റണ്‍സ് വീതം നേടേണ്ട സ്ഥിതിയിലുമായി.
എന്നാല്‍ വിട്ടുകൊടുക്കാന്‍ പാക് പട തയ്യാറായില്ല. അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി ഉസ്മാന് ഖാനും(52) ഇര്ഫാന് ഖാനും(37) ഓസ്ട്രേലിയക്ക് വെല്ലുവിളിയുയര്‍ത്തി. രണ്ടാം സ്പെല്ലിനെത്തിയ സ്പെന്‍സര്‍ ജോണ്സന് മുന്നില്‍ ഉസ്മാന് വീണതോടെ ഓസീസ് മത്സരം തിരിച്ചുപിടിച്ചു. തുടക്കത്തിലേ പാക് വിക്കറ്റുകള്‍ വീഴ്ത്തി പ്രതിരോധത്തിലാക്കിയത് സ്പെന്‍സര്‍ ജോണ്സണ് ആയിരുന്നു. താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവാണ് ഓസീസിന് പരമ്പര ഉറപ്പിക്കുന്ന ജയം സമ്മാനിച്ചത്. മത്സരശേഷം ജോണ്സണ് കളിയിലെ താരവുമായി.
പാകിസ്ഥാന് വേണ്ടി അവസാന അഞ്ച് ഓവറുകളില്‍ ഇര്ഫാന് ഖാന്(37) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല. ഷഹീന് അഫ്രീദി അടക്കം മൂന്ന് പേര് പൂജ്യത്തിന് പുറത്തായതും വിരുന്നുകാര്‍ക്ക് വിനയായി. ഉസ്മാനെയും ഇര്‍ഫാനെയും കൂടാതെ മുഹമ്മദ് റിസ്വാന്(16) മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഓസീസിനായി ആദം സാംപ രണ്ടും സേവ്യര്‍ ബാര്‍ട്ട്ലെറ്റ് ഒന്നും വിക്കറ്റെടുത്തു.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് പൊരുതാവുന്ന ടോട്ടല്‍ പാടുപെട്ട് കണ്ടെത്തുകയായിരുന്നു. മാത്യൂഷോര്‍ട്ട് നേടിയ 32 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ആരോണ്‍ ഹാര്‍ഡീ(28), ഗ്ലെന്‍ മാക്സ്വെല്(21), ജെയ്ക് ഫ്രെയ്സര്‍ മക്ഗുര്‍ക്ക്(20) എന്നിവരും മോശമാക്കിയില്ല. പാക് പേസര്‍ ഹാരിസ് റൗഫ് നാല് വിക്കറ്റ് പ്രകടനം കാഴ്ച്ചവച്ചു. അബ്ബാസ് അഫ്രീദി മൂന്നും സുഫിയാന് മുഖീം രണ്ടും വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: