വയനാട്: ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമലയിലേക്ക് ആദ്യവോട്ടുവണ്ടിയെത്തി. മുറിവേറ്റ മനസ്സുമായി വന്നിറങ്ങിയ വോട്ടർമാരെ പൂക്കള്‍ നല്കി സ്വീകരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. മുട്ടിൽ, മാണ്ടാട്, തൃകൈയ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ 80 വോട്ടർമാരാണ് രണ്ട് ബസുകളിലായി എത്തിയത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 14,71,742 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയ വോട്ടര്‍മാരില്‍ കുറെയേറെപ്പേർ ഇന്ന് ജീവിച്ചിരിപ്പില്ല. വോട്ടര്‍പട്ടികയില്‍ അവശേഷിച്ച ബാക്കി പേര് വികാരനിര്‍ഭരമായാണ് വോട്ടുചെയ്യാനെത്തിയത്. രണ്ട് ബൂത്തുകളാണ് ഇവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരും നാട് വിട്ടുപോയി. ഉപതിരഞ്ഞെടുപ്പ് ദിവസം വോട്ടുചെയ്യാമെന്നതിനൊപ്പം ഒരിക്കല്‍ കൂടി പ്രിയപ്പെട്ടവരെ കാണാമെന്ന സന്തോഷത്തിലാണ് അവരെല്ലാം ചൂരൽമലയിലേക്ക് മടങ്ങിയെത്തിയത്.
കെ.എസ്.ആര്.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്‍വീസ് നടത്തുക. ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തിരികെ എത്തിക്കാനും വോട്ട് വണ്ടിയുടെ സഹായം ലഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർ വോട്ട് ചെയ്തത് വെള്ളാർമല സ്കൂളിലായിരുന്നു.
ജനിച്ചുവളർന്ന മണ്ണിൽ തിരിച്ചെത്തിയ സന്തോഷമുണ്ടെങ്കിലും വീടിരുന്ന സ്ഥലം കാണാനുള്ള കെല്പ് അവർക്കില്ല. ഉറ്റവരൊത്ത് ഒന്നിച്ചുകഴിഞ്ഞ വീട് മൺകൂന മാത്രമായ രംഗം കണ്ടുനിൽക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: