തിരുവനന്തപുരം: പൂന്തുറയില്‍ നഗരസഭ നടത്തിയ അശാസ്ത്രീയ ഓടനിര്‍മാണം പ്രദേശവാസികളെ വെള്ളത്തില്‍ മുക്കി. ചെറിയ തോതിലുള്ള മഴയില്‍ പോലും നീന്തി നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. പൂന്തുറ പോലീസ് ക്വാര്‍ട്ടേഴ്സിന് പുറകിലായി ആലുകാട് പ്രദേശത്തെ എഴുപതോളം കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ ദുരിതത്തിലായിരിക്കുന്നത്. മിക്ക വീടുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കക്കൂസ് ടാങ്കുകള്‍ നിറഞ്ഞ് വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുകയാണ്.
നഗരവികസനത്തിന്റെ ഭാഗമായി വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടത്തിയ ഓടനിര്‍മാണമാണ് വെള്ളക്കെട്ടിന് കാരണം. ഇടവഴികളെ പൂര്‍ണമായും കയ്യടക്കി നിര്‍മിച്ച ഓട ബന്ധിപ്പിച്ചിരിക്കുന്നത് പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തെ മറ്റൊരു ഓടയിലാണ്. ഇവിടം ഉയര്‍ന്ന പ്രദേശമായതുകൊണ്ട് വെള്ളം ഒഴുകിപോകാത്ത സ്ഥിതിയാണുള്ളത്. താഴ്ന്ന പ്രദേശമായ ആലുക്കാടില് വെള്ളക്കെട്ടിന് ശാശ്വതപരിഹാരമെന്ന് കൊട്ടിഘോഷിച്ചാണ് കൗണ്‍സിലര്‍ ഓട നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണസമയത്ത് തന്നെ നാട്ടുകാര്‍ ഓടയുടെ അപാകത ചൂണ്ടിക്കാട്ടിയെങ്കിലും മുഖവിലയ്ക്കെടുക്കാന്‍ കൗണ്‍സിലര്‍ തയ്യാറായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ നഗരസഭയുടെ ഭരണകാലത്ത് മഴവെള്ളം ഒഴുകി പോകുന്നതിനായി കോണ്‍ക്രീറ്റ് പൈപ്പാണ് സ്ഥാപിച്ചിരുന്നത്. ഇത് വെട്ടിപ്പൊളിച്ചാണ് ഓടയുടെ നിര്‍മാണം നടത്തിയത്. ഇപ്പോള്‍ ഓടയില്‍ നിറയുന്ന വെള്ളം ഒഴുകി പോകാത്തത് കാരണം പ്രദേശങ്ങളില്‍ നിറയുന്ന വെള്ളം താഴ്ന്നുപോകാന് കാലതാമസം നേരിടുകയാണ്. മാത്രവുമല്ല കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയാനുള്ള സംവിധാനം പോലും കൗണ്‍സിലര്‍ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മുന്‍കാലത്ത് പ്രദേശത്തുള്ള കയര്‍ ഫാക്ടറിക്ക് സമീപത്തെ കുളത്തിലേക്കാണ് വെള്ളം ഒഴുകി പോയിരുന്നത്. ഇവിടെ നിന്ന് ചെറിയ തോടു വഴി പാര്വതിപുത്തനാറിലേക്കും ഒഴുകിയിരുന്നു. എന്നാല്‍ കുളത്തെയും പാര്വതിപുത്തനാറിനേയും ബന്ധിപ്പിക്കുന്ന തോട് അടഞ്ഞ നിലയിലാണ്. സുനാമി കോളനി ഭാഗത്ത് കൂടിയാണ് തോട് പോകുന്നത്. തോട് അടഞ്ഞ നിലയിലായതു കൊണ്ട് സമീപവാസികള്‍ തോട് കയ്യേറിയ നിലയിലുമാണ്. ഈ തോട് പുനര്‍നിര്‍മാണം നടത്തിയാല്‍ മാത്രമേ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാവുകയുള്ളൂ. അനവധി പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും കൗണ്‍സിലറടക്കം മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: