ന്യൂയോർക്ക് : നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായിട്ടാണ് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യൂറോപ്യൻ ഭൂഖണ്ഡത്തിലെ സമാധാനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പ്രധാനമായും ഉക്രെയ്ൻ യുദ്ധം ഉടൻ പരിഹരിക്കുന്നത് ചർച്ച ചെയ്യുന്നതിനുള്ള തുടർ സംഭാഷണങ്ങളിൽ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതായിട്ടാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ യുദ്ധം വഷളാകാതിരിക്കാൻ അദ്ദേഹത്തിന് പ്രോത്സാഹനം നൽകുന്നുവെന്നും ദിനപത്രം പറഞ്ഞു.
ഫ്ളോറിഡയിലെ തന്റെ റിസോർട്ടിൽ നിന്ന് വിളിച്ച കോളിനിടെ ട്രംപ് ഉക്രെയ്നിലെ യുദ്ധം വർദ്ധിപ്പിക്കരുതെന്ന് റഷ്യൻ പ്രസിഡൻ്റിനെ ഉപദേശിക്കുകയും യൂറോപ്പിലെ അമേരിക്കയുടെ ഗണ്യമായ സൈനിക സാന്നിധ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തുവെന്ന് കോളുമായി പരിചയമുള്ള ഒരാൾ പറഞ്ഞതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം 70-ലധികം ലോക നേതാക്കളുമായി ട്രംപ് സംസാരിച്ചിരുന്നു. അതേ സമയം ട്രംപ് ആദ്യം സംവദിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടുന്ന ലോക നേതാക്കളുമായിട്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
2025 ജനുവരി 20 ന് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: