ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് കഴിക്കാന്‍ വച്ച സമോസ കാണാതായാല്‍ എന്തു ചെയ്യും. അന്വേഷണം നടത്തുക തന്നെ വേണമെന്ന് പോലീസും മുഖ്യമന്ത്രിയും. ഒടുവില്‍ കാണാതായ സമോസയ്ക്കായി സിഐഡി അന്വേഷണം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിനെ എത്തിച്ചത് നാണക്കേടില്‍. വലിയ രാഷ്ട്രീയ വിവാദമായി സമോസ അന്വേഷണം മാറിയിട്ടുണ്ട്. ഷിംലയിലെ റാഡിസണ്‍ ഹോട്ടലില്‍ നിന്ന് ഒരെണ്ണത്തിന് 350 രൂപ നിരക്കില്‍ 21 സമോസകളാണ് മുഖ്യമന്ത്രിയുടെ പരിപാടിക്കായി വാങ്ങിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബര്‍ 21ന് ഷിംലയിലെ സിഐഡി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിന് കഴിക്കാന്‍ വച്ച സമോസ മറ്റാരോ എടുത്ത് കഴിച്ചതാണ് തുടക്കം. പരിപാടി കഴിഞ്ഞതോടെ സംഭവത്തെപ്പറ്റി വലിയ അന്വേഷണവും ആരംഭിച്ചു. സിഐഡി വിഭാഗം കാണാതായ സമോസ തേടിയിറങ്ങിയതിനെ പ്രതിപക്ഷമായ ബിജെപി കണക്കിന് പരിഹസിച്ചു. സുഖുജി കാ സമോസ കിസ്നെ ഖായാ (സുഖുവിന്റെ സമോസ ആരാണ് തിന്നത്) എന്ന മുദ്രാവാക്യമുയര്‍ത്തി സുഖുവിന്റെ ഫോട്ടോയില്‍ സമോസ കഴിക്കാന്‍ നല്‍കിയായിരുന്നു ഷിംലയിലെ യുവമോര്‍ച്ച സമരം. മുന്‍ കേന്ദ്രമന്ത്രി അനുരാഗ്സിങ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും സുഖുവിനെ പരിഹസിച്ച് രംഗത്തെത്തി.
പോലീസ് അന്വേഷണം നാണക്കേടായതോടെ അത്തരത്തിലൊരു അന്വേഷണം നടക്കുന്നില്ലെന്നും സിഐഡി ആസ്ഥാനത്ത് പരിപാടിക്കിടെ നടന്ന മോശം പെരുമാറ്റത്തെപ്പറ്റിയാണ് അന്വേഷണമെന്നുമാണ് മുഖ്യമന്ത്രി സുഖുവിന്റെ വിശദീകരണം. ഹിമാചലിലെ ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി യാതൊരു ചിന്തയും സുഖു സര്‍ക്കാരിനില്ലെന്നും കഴിക്കാന്‍ സമോസ കിട്ടാത്തതാണ് പ്രശ്നമെന്നും ബിജെപി നേതൃത്വവും ആരോപിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഹിമാചല്‍ കോണ്‍ഗ്രസിലെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് കമ്മിറ്റികള്‍ എല്ലാം പിരിച്ചുവിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായിരുന്ന പ്രതിഭാ സിങ്ങും മകന് വിക്രമാദിത്യസിങ്ങും സുഖു സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമത നീക്കങ്ങള്‍ക്കിടെയാണ് സമോസ വിവാദം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: