കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയിലെ അത്ലറ്റിക്സില് റിക്കാര്‍ഡ് ഡബിളുമായി മലപ്പുറത്തിന്റെ മുഹമ്മദ് അമീന്. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റിക്കാഡോടെ സ്വര്‍ണം നേടിയാണ് മുഹമ്മദ് അമീന് റിക്കാര്‍ഡ് ഡബിള്‍ തികച്ചത്. ഇന്നലെ മൂന്ന് മിനിറ്റ് 54.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മുഹമ്മദ് അമീന്റെ സ്വര്‍ണനേട്ടം.
2014-ല്‍ പാലക്കാട് പറളി സ്കൂളിന്റെ താരമായിരുന്ന പി. മുഹമ്മദ് അഫ്സല് സ്ഥാപിച്ച മൂന്ന് മിനിറ്റ് 54.92 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് ഇന്നലെ എം.പി. മുഹമ്മദ് അമീന് തിരുത്തിയത്.
മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമീന്. കഴിഞ്ഞ ദിവസം 3000 മീറ്ററിലും മുഹമ്മദ് അമീന് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഈ രണ്ട് ഇനങ്ങളിലും വെള്ളിനേടിയ ഇതേ സ്കൂളിലെ തന്നെ കെ.സി. മുഹമ്മദ് ജസീലും റിക്കാര്‍ഡ് മറികടന്നു. മൂന്ന് മിനിറ്റ് 54.88 സെക്കന്‍ഡിലാണ് മുഹമ്മദ് ജസീല്‍ ഫിനിഷ് ചെയ്തത്. പാലക്കാട് പുതുനഗരം എംഎച്ച്എസ്എസിലെ എസ്. ശ്രിധിന്‍(4.07.28 മിനിറ്റ്) വെങ്കലം കരസ്ഥമാക്കി.
അമീനും ജസീലും ഒരുമിച്ച് കായികാധ്യാപകന് മുനീറിന്റെ കീഴില്‍ പരിശീലനം നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ മത്സരിച്ച് അമീന് സ്വര്‍ണവും ജസീല്‍ വെള്ളിയും നേടി. ഇന്ന് നടക്കുന്ന ക്രോസ് കണ്ട്രിയിലും ഇരുവരും പോരാട്ടത്തിനിറങ്ങും. ഒരേ ദിവസം ജനിച്ച ഇവര്‍ക്ക് ഒരുമിച്ച് പരിശീലിച്ച് ഒരേ ഇനങ്ങളില്‍ മത്സരത്തിനിറങ്ങുന്ന ഒരേ സ്കൂളുകാര് എന്ന പ്രത്യേകതയുമുണ്ട്.
മലപ്പുറം കിഴിശ്ശേരി കടുങ്ങല്ലൂര്‍ വാച്ചാപ്പുറം വീട്ടില്‍ ബിസിനസുകാരനായ അബ്ദുള്‍ റഹ്മാമെന്റയും മുനീറയുടെയും മകനാണ് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ അമീന്.
ചീക്കോട് കളത്തിങ്ങല്‍ ചിറ്റാര്‍പറ്റ വീട്ടില്‍ ബിസിനസുകാരനായ ജമാല്‍കുട്ടി-സഫറീന ദമ്പതികളുടെ മകനാണ് പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥിയായ മുഹമ്മദ് ജസിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: