വയനാട്: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി.
ഏഴു വയസ്സുള്ള ഒരു കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വയറുവേദനയും ഛര്‍ദ്ദിയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഭക്ഷവിഷബാധയാണെന്ന് പറഞ്ഞതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് മന്ത്രി പി.പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാൻ നിർദ്ദേശം നൽകിയതായി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. കളക്ടർക്കാണ് നിർദ്ദേശം നൽകിയത്. ഗുണനിലവാര പരിശോധന നടത്താൻ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്നമാണെങ്കിൽ ഗൗരവതരമാണ്. ആരുടെ വീഴ്ചയാണെന്നതിൽ പരിശോധന വേണമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നൽകിയ സംഭവം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: