ലക്നൗ : വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമം. ട്രെയിൻ വന്ന ട്രാക്കിൽ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു യുവാക്കൾ . ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ എഞ്ചിനിൽ കുടുങ്ങിയ ബൈക്ക് ഏറെ ദൂരത്തേക്ക് വലിച്ചിഴച്ചു . വൈകിട്ട് 4.20ന് വാരണാസിയിൽ നിന്ന് പ്രയാഗ്രാജ് ജംക്ഷനിലേക്ക് വന്ദേ ഭാരത് പോകുമ്പോഴാണ് സംഭവം. ബന്ദ്വ താഹിർപൂർ റെയിൽവേ അടിപ്പാതയിൽ ചില യുവാക്കൾ ബൈക്കുകളുമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു
ട്രെയിൻ അടുത്തെത്തിയപ്പോൾ യുവാക്കൾ ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വാരണാസി നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചപ്പോൾ ജാഗ്രതാ നിർദേശം നൽകുകയും റെയിൽവേ ട്രാക്കിലൂടെയുള്ള ഗതാഗതം നിർത്തുകയും ചെയ്തു. ബൈക്കിൽ ഇടിച്ചതോടെ ശക്തമായ ശബ്ദവും , കുലുക്കവും അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു.
വന്ദേ ഭാരതിൽ ഉണ്ടായിരുന്ന സാങ്കേതിക ജീവനക്കാർ ബൈക്ക് എഞ്ചിനിൽ നിന്ന് പുറത്തെടുത്തു. എൻജിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു.ചിലർ റെയിൽവേ ട്രാക്കിനു മുകളിലൂടെ ബൈക്കുകൾ അനധികൃതമായി കൊണ്ടുപോകുന്നതായി വാരണാസി ഡിവിഷൻ പിആർഒ അശോക് കുമാർ പറഞ്ഞു. ബൈക്ക് പിടിച്ചെടുത്ത് ബൈക്ക് നമ്പർ പ്രകാരം കേസെടുത്തു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: