ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ ബാനർ. ജയിലില്‍ കഴിയുന്ന വിഘടാനവാദി നേതാവ് ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന് ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ബാനർ ബിജെപി അംഗങ്ങൾ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ബുധനാഴ്ച പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ സംസാരിക്കുന്നതിനിടെയാണ് ഷെയ്ഖ് ഖുർഷീദ് ബാനറുമായി നടുത്തളത്തിലേക്ക് ഇറങ്ങിയത്.
ഇതിനെ തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ ബിജെപി അംഗങ്ങൾ ഖുർഷിദിന്റെ കൈയിൽ നിന്നും ബാനർ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. ഇതിനിടെ നാഷണൽ കോൺഫറൻസ് അംഗങ്ങൾ ആർട്ടിക്കിൾ 370 എന്ന മുദ്രാവാക്യം ഉയർത്തി. മറുപടിയായി ബിജെപി എംഎൽഎമാർ “ഭാരത് മാതാ കീ ജയ്” ഉയർത്തി. ബഹളം തുടർന്നതോടെ സഭ 15 മിനിറ്റ് നിർത്തിവച്ചു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: