പാലക്കാട്: ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി .സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തു.
സൗത്ത് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സൈബര്‍ വിദഗ്ധരും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്നലെ അര്‍ദ്ധരാത്രി നടന്ന പരിശോധനയില്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികള്‍ അടക്കം പരിശോധിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്.ഉപ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃതമായി പണമെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടന്നത്. പരിശോധനയെ തുടര്‍ന്ന് രാത്രി വന്‍ സംഘര്‍ഷമാണ് ഉണ്ടായത്.
അര്‍ദ്ധരാത്രിയില്‍ മൂന്നര മണിക്കൂറോളം ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടി. വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസുകാര്‍ ബഹളം വച്ചു. എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തതോടെ രംഗം വഷളായി.
ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. സംഘര്‍ഷത്തിനിടെ പണമടങ്ങിയ ട്രോളി ബാഗ് കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിക്കൊണ്ടു പോയെന്നാണ് കരുതുന്നത്. ഇത് കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: