പാലക്കാട് വോട്ടെടുപ്പിന് ഒരാഴ്ച കൂടി നീട്ടിക്കിട്ടി. നവംബര്‍ 20നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. കല്പാത്തി രഥോത്സവത്തിന്റെ തിരക്കൊഴിവാക്കി വോട്ടെടുപ്പ് നടക്കണമെന്ന് ബിജെപി യടക്കം ആഗ്രഹിച്ചിരുന്നു. ബാക്കി രണ്ടിടത്ത്, ചേലക്കര നിയമസഭയിലേക്കും വയനാട് ലോക്സഭയിലേക്കും നിശ്ചയിച്ച തീയതി തന്നെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിന്റെ ആരവമെന്ന നിലയ്ക്ക് ഈ തെരഞ്ഞെടുപ്പിലും കൊടകര കുഴല്‍പ്പണം കോണ്‍ഗ്രസും മാര്‍ക്സിസ്റ്റുകാരും എടുത്തിട്ടു. ബിജെപിക്കെതിരെ ആയുധമാക്കുകയാണ് അവരുടെ ലക്ഷ്യം. ആവും വിധമൊക്കെ ഇരുമുന്നണികളും അതിട്ട് കൊഴുപ്പിക്കുകയാണ്. മൂന്നരക്കൊല്ലം പോലീസ് അന്വേഷിച്ച് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടാത്ത കുഴല്‍പ്പണമാണ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. കേസും രജിസ്റ്റര്‍ ചെയ്തു. വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ ബിജെപിയുടെ പഴയ ഓഫീസ് സെക്രട്ടറി സതീശനും കൂട്ടിനുണ്ട്.
സതീശന്റേതായി വന്ന മൊഴി ശോഭാസുരേന്ദ്രനെ ബിജെപിയുടെ ശത്രുവാക്കാനാണ്. അതേതായാലും അവര്‍ തന്നെ പൊളിച്ച് കയ്യില്‍കൊടുത്തു. പിന്നെയുള്ളത് സന്ദീപ് വാര്യരുടെ നിലപാടാണ്. ബിജെപിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് ഇതൊക്കെ വച്ച് ഉറഞ്ഞുതുള്ളുന്നത്. കേളന്മാര് നിരന്നുനിന്ന് കുലുക്കിയാലും ബിജെപിയുടെ ഗോപുരം കുലുങ്ങില്ലെന്നവര്ക്ക് അറിയാനിരിക്കുന്നതേയുള്ളൂ. വ്യക്തിയല്ല പാര്‍ട്ടി. അതിനും മുകളിലാണെന്നറിയാന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
മൂന്നിടത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. പാലക്കാട് സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറാണ്. പവന്മാര്ക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥി. അവിടെ ജയിച്ചുകയറുമെന്നുറപ്പാണ്. അത് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തരംതാണ രാഷ്ട്രീയം കളിക്കാനാണ് നോക്കുന്നത്. മെട്രോമാന് ഇ. ശ്രീധരനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നോക്കിയ പണി ഇപ്പോഴും പരിശ്രമിക്കാനാണവരുടെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചുവെന്ന് സിപിഎം തന്നെ സമ്മതിച്ചതാണ്. ആ തരംതാണ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ചേലക്കരയിലും മികവാര്‍ന്ന സ്ഥാനാര്‍ത്ഥിയാണ്. വയനാട്ടിലും പാലക്കാടും ചെയ്തതുപോലെ തരംതാണ രാഷ്ട്രീയക്കളിയാണ് ചേലക്കരയിലും ഉപതെരഞ്ഞെടുപ്പുണ്ടാക്കിയത്. കെ. രാധാകൃഷ്ണന് ജയിച്ച് മന്ത്രിയായ മണ്ഡലത്തില്‍ എന്തിനുവേണ്ടിയാണ് ഉപതെരഞ്ഞെടുപ്പുണ്ടാക്കിയതെന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ബാലകൃഷ്ണനാണ് മത്സരരംഗത്തുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളുടെ പ്രീതി സമ്പാദിച്ച സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടാനില്ല.
വയനാട് പാര്‍ലമെന്റില്‍ രാഹുലിനെ ജയിപ്പിച്ചുവിട്ട ജനങ്ങളെ അവഗണിച്ചതിന് പ്രിയങ്കയോട് പകരം ചോദിക്കാന്‍ കാത്തിരിക്കുകയാണ് വയനാട്ടിലെ വോട്ടര്‍മാര്‍. പ്രിയങ്കയെ നേരിടാന്‍ കരുത്തും കഴിവുമുള്ള യുവ മഹിളാനേതാവിനെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറായി പേരും പെരുമയും നേടിയ മഹിളാമോര്‍ച്ച സംസ്ഥാന നേതാവ് നവ്യാ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി. ആ സ്ഥാനാര്‍ത്ഥിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഒട്ടും പിടിച്ചില്ലത്രെ. കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ് നവ്യ സ്ഥാനാര്‍ത്ഥിയായതെന്നാണ് ബിനോയ് കണ്ടെത്തിയിരിക്കുന്നത്.
ഇലക്ട്രല്‍ ബോണ്ട് വഴി 170 കോടി ബിജെപിക്ക് സംഭാവന ചെയ്ത വ്യക്തിയാണ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നാണ് ബിനോയ് കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്കയ്ക്കുവേണ്ടിയാണ് നവ്യയെ നിര്‍ത്തിയതെന്നാണ് ബിനോയ് വിശ്വത്തിന്റെ കണ്ടുപിടുത്തം. രാഹുലിനും സോണിയയ്ക്കും സിന്ദാബാദ് വിളിക്കുന്ന വോട്ടുപിടിക്കുന്ന നേതാവാണ് ബിനോയിയുടെ പാര്‍ട്ടി സെക്രട്ടറി ഡി. രാജയും സിപിഐയും. പണത്തിനുവേണ്ടി ആര്‍ത്തി കാണിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ബിനോയിക്ക് അഭിപ്രായമുണ്ട്. പാരമ്പര്യം കളഞ്ഞുകുളിച്ചാണ് കോണ്‍ഗ്രസ്, ബിജെപി സഹായം കൊതിക്കുന്നതെന്ന് പറയുന്ന സിപിഐ സെക്രട്ടറി, തങ്ങളുടെ പാര്‍ട്ടിയെ കോണ്‍ഗ്രസ് തൊഴുത്തില്‍ കെട്ടി ചെല്ലും ചെലവും നല്കുന്നതില് ഒരു കുറ്റവും കാണുന്നില്ല. സിപിഐ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ ആഹ്വാനവും ചെയ്താണ് ഇരിക്കുന്നത്. കള്ളപ്പണത്തിന്റെ ദല്ലാളായി മാറിയ സിപിഐ നേതാവ് തൊള്ള തുറന്നാല്‍ കള്ളത്തരമേ പുറത്തുവരൂ എന്നായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: