ന്യൂദല്‍ഹി: ജുഡീഷ്യറി സ്വതന്ത്രമാകുന്നത് സര്‍ക്കാരിനെതിരെ എല്ലായ്പ്പോഴും തീരുമാനമെടുക്കുന്നതിലൂടെയാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരു ഇംഗ്ലീഷ് ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ടറല്‍ ബോണ്ട് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിധി പറഞ്ഞപ്പോള്‍ ജുഡീഷ്യറി സ്വതന്ത്രമാണെന്ന് പറഞ്ഞ് എല്ലാവരും ആഘോഷിച്ചു. എന്നാല്‍ സര്‍ക്കാരിനനുകൂലമായി ഏതെങ്കിലും വിധി വന്നാല്‍ ഉടനെ ജുഡീഷ്യറി സ്വതന്ത്രമല്ലെന്ന് പറയും, ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
പരമ്പരാഗതമായി ജുഡീഷ്യല്‍ സ്വാതന്ത്ര്യം എക്സിക്യൂട്ടീവില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. ഇപ്പോഴും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാല്‍ സര്‍ക്കാരില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥമാക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വരവോടെ നമ്മുടെ സമൂഹം മാറിയിരിക്കുന്നു. താല്പര്യ ഗ്രൂപ്പുകളും സമ്മര്‍ദ്ദ ഗ്രൂപ്പുകളും അനുകൂലമായ തീരുമാനങ്ങള്‍ക്കായി കോടതികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇലക്ട്രോണിക് മാധ്യമങ്ങളെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ തങ്ങള്‍ക്കനുകൂലമായി തീരുമാനമെടുത്താല്‍ ഈ സമ്മര്ദഗ്രൂപ്പുകളില് ഭൂരിഭാഗവും ജുഡീഷ്യറി സ്വതന്ത്രമാണെന്ന് പറയും. എന്നാല്‍ മറിച്ചായാല്‍ സ്വതന്ത്രമല്ലായെന്ന് പറയും.
സ്വതന്ത്രനാകാന്‍, ഒരു ജഡ്ജിക്ക് മനസാക്ഷി പറയുന്നതനുസരിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മനസ്സാക്ഷി തീര്‍ച്ചയായും നിയമവും ഭരണഘടനയും വഴി നയിക്കപ്പെടുന്നതാണ്, ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: