കൊല്ലം: കളക്ടറേറ്റില്‍ 2016 ജൂണ്‍ 15ന് നടത്തിയ സ്ഫോടനം രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു കുറ്റപത്രം. ഗുജറാത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന് കൊല്ലപ്പെട്ടതിന്റെ പകരം വീട്ടലിന്റെ ഭാഗമായും ഭീകരരെ ശിക്ഷിക്കുന്നതിനെതിരെയുമാണ് കോടതിയില്‍ ബോംബ് സ്ഫോടനം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മധുരയിലായിരുന്നു ഗൂഢാലോചന. ബോംബ് സ്ഫോടനത്തിനായി രണ്ടാം പ്രതി ഷംസൂണ്‍ കരിം രാജ 2016 മേയ് 26ന് കളക്ടറേറ്റിലെത്തി വിവിധ ഭാഗങ്ങളിലെ ചിത്രം പകര്‍ത്തി. മധുര കീഴാവേളിയില്‍ ഒന്നാം പ്രതിയുടെ വീടിനു സമീപത്തുള്ള ദാറുല്‍ ലൈബ്രറിയില്‍ നാലുപേരും ഒത്തുചേര്‍ന്ന് ബോംബ് നിര്‍മിച്ച്, സ്ഫോടന പദ്ധതി ആസൂത്രണം ചെയ്തു.
കരിം രാജയാണ് കളക്ടറേറ്റില്‍ ബോംബ് സ്ഥാപിച്ചത്. ബോംബുമായി ഇയാള്‍ തലേരാത്രി തെങ്കാശിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലം സ്റ്റാന്‍ഡിലെത്തി. ഓട്ടോയില്‍ പത്തുമണിയോടെ കളക്ടറേറ്റിലെത്തി, ജീപ്പില്‍ ബോംബുവച്ച ശേഷം സ്റ്റാന്‍ഡിലെത്തി തെങ്കാശിക്കു മടങ്ങി. പത്തേമുക്കാലോടെ ബോംബ് പൊട്ടി.
പ്രതികള്‍ക്കെതിരായ യുഎപിഎ (ഭീകരവിരുദ്ധ നിയമം) അടക്കമുള്ള എല്ലാവകുപ്പുകളും കോടതി ശരിവച്ചു. 63 സാക്ഷികളെ പ്രോസിക്യൂഷന് ഭാഗം വിസ്തരിച്ചു.
അന്വേഷണ സംഘം കണ്ടെടുത്ത മൂന്ന് തെളിവുകള്‍ നിര്‍ണായകമായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ ഫോണിലേക്ക് അയച്ച മെസേജ്, എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ച വീഡിയോയും ശബ്ദസന്ദേശവും, മലപ്പുറം കളക്ടറേറ്റ് സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ്.
2016 ജൂണ്‍ 15ന് രാവിലെ 10.50ന് ആയിരുന്നു സ്ഫോടനം. കളക്ടറേറ്റ് പരിസരത്ത് ജില്ലാ ട്രഷറിക്ക് പിന്നില്‍ ഉപയോഗിക്കാതെ കിടന്ന തൊഴില്‍വകുപ്പിന്റെ കെഎല്‍ 1 ജി 603 എന്ന ജീപ്പില്‍ ചോറ്റുപാത്രത്തില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പരിസരത്തുണ്ടായിരുന്ന കുണ്ടറ പേരയം സ്വദേശി സാബുവിന് മുഖത്ത് പരിക്കേറ്റു.
പ്രോസിക്യൂഷന് 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 വസ്തുക്കളും ഹാജരാക്കി. വിചാരണ ആരംഭിച്ചപ്പോഴും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനും മൊഴിയെടുക്കാനും വിധി കേള്‍ക്കാനും മാത്രമാണ് പ്രതികളെ നേരിട്ട് ഹാജരാക്കിയത്. മറ്റ് കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് പ്രതികള്‍ പങ്കെടുത്തത്. ഇംഗ്ലീഷിലും തമിഴിലും ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതും മൊഴിയെടുത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: