മുംബൈ: മുകേഷ് അംബാനിയുടെ ആഡംബര വസതിയായ 775 മുറികളുള്ള, 15000 കോടി രൂപയോളം വിലമതിക്കുന്ന ആന്റിലിയ എന്ന ആഡംബര വസതി വഖഫ് ഭൂമിയിലാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ടിവി 9 എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഈ പ്രതികരണം.
വഖഫ് ഭൂമിയിലാണ് മുകേഷ് അംബാനി ആഡംബരവസതി കെട്ടിപ്പൊക്കിയതെന്ന് ഒവൈസി ആവര്‍ത്തിച്ചു. ഏകദേശം 1.12 ഏക്കര്‍ ഭൂമിയിലാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികള്‍ അവരുടെ ആഡംബര വസതി കെട്ടിപ്പൊക്കിയത്. 27 നിലകളുള്ള വസതിയാണ് ആന്റിലിയ.
വഖഫ് ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന് ഒരിയ്ക്കലും വഖഫിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഒവൈസി പറഞ്ഞു. വഖഫ് ഇതര സ്വത്തായി കണക്കാക്കുന്ന വസ്തുവിനെതിരെ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കാമെന്നും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടത് വഴി ആ വസ്തു ബോര്‍ഡില്‍ നിന്നും ഏറ്റെടുക്കാനാവുമെന്നും ഒവൈസി പറഞ്ഞു.
കേന്ദ്രവഖഫ് ബോര്‍ഡിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡിന്റെയും അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന 44ഓളം ഭേദഗതികള്‍ നിറഞ്ഞ വഖഫ് ഭേദഗതി ബില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ലോക് സഭയില്‍ അവതരിപ്പിച്ചത്. 1995ല്‍ നിലനിന്നിരുന്ന വഖഫ് നിയമത്തെയാണ് വഖഫ് ഭേദഗതി ബില്‍ 2024 ല്‍ ഭേദഗതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: