കോട്ടയം: കോടികള്‍ മുടക്കി പണിതിട്ട് അവസാന ഘട്ടത്തില്‍ ഉപേക്ഷിച്ച പാല ചെത്തിമറ്റം കളരിയാമാക്കല്‍ പാലം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പാലാ സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി. പൂര്‍ത്തിയായി എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഇനിയും ഒരുവശത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചിട്ടില്ല. എല്‍ഡിഎഫിലെ ജോസ് കെ മാണി എംപിയും യുഡിഎഫിലെ മാണി സി കാപ്പന് എംഎല്‍എയും തമ്മിലുള്ള ചേരിപ്പോരാണ് ഇത്രയും വര്‍ഷം ജനങ്ങളെ വട്ടംചുറ്റിച്ചത്. ഈ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിച്ചാല്‍ ചെട്ടിക്കടവ് ഭാഗത്തെ ജനങ്ങള്‍ക്ക് മീനച്ചിലാര്‍ കടന്ന് പാലാ നഗരത്തിലേക്ക് എളുപ്പത്തില്‍ എത്താം. പാലാ നഗരത്തെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ ഇതുവഴി വാഹന ഗതാഗതം സാധ്യമല്ല. പാലത്തിലേക്ക് ഒരു ഏണി വെച്ച് അതിലൂടെ നടന്നു കയറിയാണ് നാട്ടുകാര്‍ അക്കരെ കിടക്കുന്നത്.
2011ലാണ് പാലത്തിന് ഭരണാനുമതി ലഭിക്കുന്നത്. ജലസേചന വകുപ്പ് റിവര്‍ മാനേജ്മെന്റ് സ്കീമില്‍ ഉള്‍പ്പെടുത്തി 2016ല്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു വശത്ത് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുപ്പ് നടന്നില്ല. ഇത് പൂര്‍ത്തിയാക്കാതെയാണ് പാലം പണി നടത്തിയത്. സ്ഥലമുടമയുമായി വില സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നതോടെ വിഷയം കോടതി കയറുകയും പ്രശ്നപരിഹാരം അടയുകയും ചെയ്തു. 5.61 കോടി രൂപയാണ് പാലത്തിന് ചെലവഴിച്ചത്. പരസ്പരം പാരവച്ച് എങ്ങനെ ജനപ്രതിനിധികള്‍ക്ക് ജനദ്രോഹികളായി മാറാം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: