മുംബൈ: സാമ്പത്തികമായി തകരുന്നതിനാലാണ് ഇന്ത്യയുമായി അതിര്‍ത്തിത്തര്‍ക്കം തീര്‍ക്കാന്‍ ചൈന തിടുക്കം കാട്ടുന്നതെന്ന് റിപ്പോര്‍ട്ട്. ഏറെക്കാലത്തെ വഴക്കിന് ശേഷം ഒക്ടോബര്‍ 21നാണ് അതിര്‍ത്തിയില്‍ തര്‍ക്കം വേണ്ടെന്നും ഇരുകൂട്ടരും ഹിമാലയന്‍ അതിര്‍ത്തിയായ ലഡാക്കിലെ തര്‍ക്കപ്രദേശങ്ങളില്‍ അവരുടേതായി അടയാളപ്പെടുത്തിയ അതിര്‍ത്തി അംഗീകരിച്ച് മുന്നോട്ട് പോകാമെന്നും ചൈനയും ഇന്ത്യയും തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രദേശത്ത് സൗഹൃദത്തോടെ പട്രോളിംഗ് ആരംഭിച്ചിരുന്നു.
2020ല്‍ ഈ ഹിമാലയന്‍ അതിര്‍ത്തിയില്‍ 24 പട്ടാളക്കാര്‍ അതിര്‍ത്തി തര്‍ക്കത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവിടെ നിന്നും പൊടുന്നനെ ചൈന ശത്രുതയെല്ലാം വേണ്ടെന്ന് വെച്ച് സമാധാനത്തിന് തയ്യാറായത് എന്തുകൊണ്ടാണെന്ന് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും യുഎസ് ഉള്‍പ്പെടെയുള്ള പുറം രാജ്യങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളും ആണ് അതിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
2024ല്‍ 5 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ചൈനക്കായില്ല. പകരം 4.8 ശതമാനം മാത്രമാണ് വളര്‍ച്ച നേടിയത്. ചൈനയിലെ ഈ വളര്‍ച്ചാമാന്ദ്യം സാമ്പത്തിക അസ്ഥിരതയും ജനകീയ പ്രതിഷേധങ്ങളും ഉണ്ടാക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടുതല്‍ ജനങ്ങള്‍ ചൈനയില്‍ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരം ജനകീയ പ്രതിഷേധങ്ങളില്‍ 0.2 ശതമാനത്തോളം വളര്‍ച്ച മന്ദീഭവിച്ചു. ഇത് ചൈനീസ് ഭരണകൂടത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയാണ് ചൈനയുടെ കരുത്ത്. ആ കരുത്താണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്.
നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ഐശ്വര്യം തരാം എന്നതാണ് ചൈനയുടെ വാഗ്ദാനം. പല സാമ്പത്തിക ഉത്തേജനങ്ങളും പ്രഖ്യാപിച്ചെങ്കിലും, ചൈനയ്ക്ക് വളരാന്‍ കഴിയുന്നില്ലെന്ന് ഐഎംഎഫ് പറയുന്നു. ചൈനയുടെ സാമ്പത്തിക വെല്ലുവിളികള്‍ വര്‍ധിക്കുന്നതായും ഐഎംഎഫ് പറയുന്നു. ചൈന ഭരിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആശങ്കയിലാണ്.
അതിര്‍ത്തി രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധങ്ങള്‍ വഷളായി. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരയുദ്ധത്തിലും ചൈനയ്ക്ക് തിരിച്ചടി കിട്ടി. സാങ്കേതികവിദ്യാരംഗത്തെ ചൈനയുടെ കുതിപ്പിന് തടയിടാന്‍ ശ്രമിക്കുകയാണ് അമേരിക്ക. സെമികണ്ടക്ടര്‍ അഥവാ ചിപുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ ചൈനയുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്പിച്ചിരിക്കുകയാണ് അമേരിക്ക. ചൈനയിലെ കമ്പനിയായ ഡിജെ ഐയില്‍ നിന്നുള്ള ഡ്രോണ്‍ ഇറക്കുമതി ചൈന അവസാനിപ്പിച്ചു. തായ് വാനും ചൈനയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണ്. തായ് വാനെതിരെ ചൈന കൂടുതല്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തുകയാണ്. നൂറുകണക്കിന് യുദ്ധക്കപ്പലുകളാണ് തായ് വാന്‍ കടലിടുക്കിലേക്ക് ചൈന അയച്ചത്. തായ് വാനെ കീഴടക്കാനുള്ള തന്ത്രം പയറ്റുകയായിരുന്നു ചൈന. എന്നാല്‍ ഇതിനെതിരെ അമേരിക്കയും കാനഡയും തായ് വാനിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചത് ചൈനയെ ഞെട്ടിച്ചു.
ഇന്ത്യന്‍ നേതാവ് നരേന്ദ്രമോദിയുടെ ആഗോളതലത്തിലുള്ള ജനപ്രീതിയും ലോകശക്തികളുമായുള്ള ചങ്ങാത്തവും ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. ഇങ്ങിനെ നാല് ഭാഗത്ത് നിന്നും പരീക്ഷണം നേരിടുന്നതാണ് ചൈന ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം മയപ്പെടുത്തുന്നതിന് കാരണമെന്നാണ് പുതിയ വിലയിരുത്തലുകള്‍. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം റഷ്യയില്‍ നടന്ന ബ്രിക്സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ ഷീ ജിന്പിങ്ങും നരേന്ദ്രമോദിയും വേദി പങ്കിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: