കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ അജണ്ട തീരുമാനിക്കുന്ന പത്രമായി ജന്മഭൂമി മാറിയതായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്. ജന്മഭൂമിയില് വന്ന വാര്‍ത്തകള്‍ പിന്നീട് രാഷ്ട്രീയ അജണ്ടയായി മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. അസ്വാതന്ത്രത്തിന്റെ കാലഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും ജന്മഭൂമിയെ മുന്നോട്ടു നയിച്ചത് ആദര്‍ശമായിരുന്നു. സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് ജന്മഭൂമി നിലകൊണ്ടത്- ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
പത്രവാര്‍ത്തയാണ് തന്നെ ദേശീയ രാഷ്ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ വരുത്തുന്ന പത്രം ദീപികയായിരുന്നു. കുട്ടിക്കാലത്തു തന്നെ പത്രത്തിലെ കോമിക്കുകള് വായിച്ചു തുടങ്ങി. മുട്ടത്തു വര്‍ക്കിയുടെ നോവലിലേയക്ക് വായന വളര്‍ന്നു. 9ാം ക്ലാസില്‍പഠിക്കുമ്പോഴാണ് എസ് കെ പൊറ്റക്കാടിന്റെ ‘കുരുമുളക്’ നോവല്‍ പത്രത്തില്‍ പരമ്പരയായി വന്നത്. ഒരു ഞായറാഴ്ച ‘കുരുമുളക്’ വോയിക്കാനായി പത്രം ആവേശത്തോടെ എടുത്തപ്പോള്‍ നോവല്‍ ഇല്ല. ചില കാരണങ്ങളാല്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഖേദം പ്രകടിപ്പിച്ചുള്ള പത്രാധിപരുടെ കുറിപ്പാണ് കണ്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണതെന്ന് വീട്ടുകാര്‍ പറഞ്ഞു. കൂട്ടൂകാര്‍ക്കൊപ്പം പുറത്ത് ഒന്നിച്ചിരുന്നാല്‍ പൊലീസ് പിടിച്ചുകൊണ്ടു പോകുമെന്നു പേടിപ്പിച്ചു. എന്റെ രാഷ്ട്രീയ ചിന്ത തുടങ്ങുന്നതവിടെയായിരുന്നു. ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടുന്ന ജയപ്രകാശ് നാരായണനെക്കുറിച്ച് കേള്‍ക്കുന്നതും അന്നാണ്. സ്കൂളില്‍ വെച്ച് ജയപ്രകാശ് നാരായണന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെക്കതിരെ ഒളിപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ വീട്ടില്‍ കാണാന്‍ വന്നു. തുടര്‍ന്ന് ഓമനക്കുട്ടന് എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി- ജോര്‍ജ്ജു കുര്യന് പറഞ്ഞു.
അഭിഭാഷകന് എന്ന നിലയില്‍ ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ച കാര്യവും കേന്ദ്രമന്ത്രി അനുസ്മരിച്ചു. ജന്മഭൂമിക്ക് വലിയൊരു തുക പി എഫ് കുടിശിക വന്നു. ഒരു തരത്തിലും ജന്മഭൂമിക്ക് അടച്ചു തീര്‍ക്കാന്‍ പറ്റാത്ത തുകയായിരുന്നു.ജന്മഭൂമിയുടെ ചുമതല വഹിച്ചിരുന്ന കുമ്മനം രാജശേഖരന്, ദല്‍ഹിയില്‍ ട്രൈബ്യൂണലില്‍ കേസ് വാദിക്കണമെന്ന് എന്നോടു പറഞ്ഞു. ‘സാമ്പത്തിക നേട്ടത്തിന് ഇറക്കുന്ന പത്രമല്ല, ആശയ പ്രചാരണം മാത്രമാണ് ലക്ഷ്യം. ഇത്രയും വലിയ തുക അടച്ചാല്‍ പത്രം പൂട്ടിപ്പോകും. എന്നു ഞാന്‍ വാദിച്ചു. ഏതായാലും കേസ് ജയിച്ചു. കുമ്മനം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു’ ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: