പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കി പോലീസ്. തോപ്പുംപടി മുണ്ടംവേലി പാലം പള്ളിപ്പറമ്പിൽ വീട്ടിൽ ആൻ്റണി അഭിലാഷ് (27) നെയാണ് പെരുമ്പാവൂർ പോലീസ് വിടാതെ പിന്തുടർന്ന് പിടികൂടിയത്.
സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ഓട്ടത്തിനിടയിൽ തള്ളി വീഴ്ത്തി പരിക്കേൽപ്പിച്ചാണ് സ്വർണ്ണമാല കവർന്നത്. വെള്ളിയാഴ്ച പകൽ മൂന്നുമണിക്കാണ് സംഭവം. പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷനിലുള്ള സൂപ്പർ മാർക്കറ്റിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുറ്റിപ്പാടം സ്വദേശിനിയുടെ മൂന്നു പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്.
തുടർന്ന് പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പിന്തുടർന്ന് മണിക്കൂറുകൾക്കകം പെരുമ്പാവൂർ ടൗണിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്വർണ്ണമാല ഇയാളുടെ പോക്കറ്റിൽ നിന്നും പോലീസ് കണ്ടെടുത്തു.
മാല പൊട്ടിക്കാൻ ഇയാൾ ഉപയോഗിച്ച മോട്ടോർസൈക്കിൾ വെള്ളിയാഴ്ച നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മുൻവശത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചു. കുറുപ്പംപടിയിൽ നിന്ന് മാല പൊട്ടിക്കൽ, പുത്തൻ കുരിശ്, ചേർത്തല, കുന്നത്തുനാട് എന്നിവിടങ്ങളിൽ ബൈക്ക് മോഷണം തുടങ്ങിയവ ഇയാൾ നടത്തിയിട്ടുണ്ട്. 2019 ൽ മയക്കു മരുന്ന് കേസിൽ ഒരു വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി എം റാസിഖ്, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി. എ അഫ്സൽ, വർഗീസ് ടി വേണാട്ട് ബെന്നി ഐസക് സിബിൻ സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: