മുനമ്പം: മുനമ്പത്തെ വഖഫ് പ്രശ്നത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് ജനങ്ങള്‍ കാണുന്നുണ്ടെന്ന് കത്തോലിക്ക ഫാ. ഫിലിപ്പ് കവിയില്‍. മുനമ്പം സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്ത് ഒരു മതത്തിനോ ജാതിക്കോ എതിരെയുള്ള പോരാട്ടമല്ല. 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിക്കെതിരായ വലിയ പോരാട്ടമാണിത്. ക്രിസ്ത്യാനികളും ഹിന്ദുക്കളും അടക്കമുള്ള കുടുംബങ്ങള്‍ ഇതിലുണ്ട്. അവരുടെ സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. വില നല്കി തീറെഴുതി അവര്‍ വാങ്ങിയ ഭൂമിയും വീടും വഖഫിന്റെയാണെന്നാണ് അവകാശ വാദം. ഇത് വലിയ അപകടത്തെയാണ് കാണിക്കുന്നത്. ഇതിന് അവര്‍ക്ക് അവസരമൊരുക്കുന്ന വഖഫ് നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്.
കത്തോലിക്കാ സഭയും കത്തോലിക്കാ കോണ്‍ഗ്രസും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ്. അവക്കൊപ്പം ആരൊക്കെ ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്ന് നാം നോക്കേണ്ടതാണ്. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും വഖഫ് നിയമ ഭേദഗതിക്കെതിരെ ഒന്നിച്ചു നിന്ന് പ്രമേയം പാസാക്കിയെന്ന് നാം കാണേണ്ടകാര്യമാണ്. മുനമ്പത്തു വന്ന് ജനങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചിട്ട് നിയമസഭയില്‍ ചെന്ന് അവര്‍ക്കെതിരെ പ്രമേയം പാസാക്കി. ഇത് ഇരട്ടത്താപ്പാണ്. ഇത് ക്രിസ്ത്യാനികള്‍ തിരിച്ചറിയുകയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ബിജെപിക്കൊപ്പം എന്നതല്ല പ്രശ്നം. മുനമ്പത്തെ സാധാരണക്കാര്‍ക്കൊപ്പമാണ് ഞങ്ങള്‍.
മുനമ്പം പ്രശ്നത്തിന് വഖഫുമായി ബന്ധമില്ലെന്നും ആരുടെയും ഭൂമി നഷ്ടപ്പെടില്ലെന്നും ആരെയെങ്കിലും സുഖിപ്പിക്കാനായി പറഞ്ഞതുകൊണ്ട് കാര്യമില്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരാമര്‍ശച്ച് ഫാ. കവിയില്‍ പറഞ്ഞു. 2022 മുതല്‍ അവിടുത്തെ സാധാരണക്കാര്‍ക്ക് കരമടയ്ക്കാന്‍ സാധിക്കുന്നില്ല. പണം നല്കി വാങ്ങിയ ഭൂമിയാണിത്. പരാതി പറയണമെങ്കില്‍ അത് വഖഫ് ട്രൈബ്യൂണലിനോടാണ്. വാദിയും ജഡ്ജിയും ഒരാള്‍ തന്നെയാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഇത് ഏതു നാട്ടിലാണ് കേട്ടിട്ടുള്ളത്. ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ അത്തരമൊരു സ്ഥിതി ഒരിക്കലും പാടില്ല. മുനമ്പം വിഷയത്തില്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമോ? അവര്‍ സമീപിക്കേണ്ടത് വഖഫ് ട്രൈബ്യൂണലിനെയാണ്. അതില്‍ ഇരിക്കുന്നവര്‍ ആരാണ്, ഇവരുടെ ഭൂമി പിടിച്ചെടുത്തവരാണ്. ഇക്കാര്യങ്ങൡ ഞങ്ങള്‍ എല്ലാം കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് യോജിച്ചു നില്‍ക്കുകയാണ്. വഖഫ് നിയമം ഭേദഗതി ചെയ്യണം. ഈ നിയമത്തിലെ അപാകത തിരുത്തണം. അതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: