മുംബൈ: ന്യൂസിലന്‍ഡിന്റെ കരുത്തന് പ്രകടനത്തിന് ഒരു മറുപടിയെങ്കിലും നല്കി മാനം കാക്കാന്‍ ഭാരതം ഇന്ന് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനിറങ്ങും. തോല്‍വികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാനുള്ള കരുത്ത് ടീമിന് ഉണ്ടാകണമെന്ന് വാംഖഡെയില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരത പരിശീലകന് ഗൗതം ഗംഭീര്‍ പറഞ്ഞു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 2-0ന് സന്ദര്‍ശകര്‍ പരമ്പര ഉറപ്പാക്കിയതാണ്.
പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം മത്സരം ജയിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കാം. അതിനേക്കാളുപരി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനുള്ള അവസരവും നിലനിര്‍ത്താന്‍ ശ്രമിക്കാം. അതിനായി ഭാരതത്തിന് മികച്ച പോരാട്ടം പുറത്തെടുത്തേ മതിയാകൂ. മറുഭാഗത്ത് ന്യൂസിലന്‍ഡിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിക്കണമെങ്കില്‍ ഇനിയും ജയിക്കേണ്ട സ്ഥിതിയിലാണ്.
തുടര്‍ തോല്‍വികള്‍ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അതിനെ ഉള്‍ക്കൊള്ളുകയും അതില്‍ നിന്നും ഊര്‍ജ്ജിതരായി പൊരുതാനുള്ള കരുത്ത് ആര്‍ജ്ജിക്കുകയുമാണ് ടീമിലെ യുവതാരങ്ങള്‍ ചെയ്യേണ്ടതെന്നും ഗംഭീര്‍ നിര്‍ദേശിച്ചു. ഈ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിനെതിരെ രണ്ട് മത്സര പരമ്പര തൂത്തുവാരിയിരുന്നു. അതിലെ രണ്ടാം മത്സരത്തില്‍ മഴ കാരണം രണ്ടര ദിവസമേ കളിക്കാന്‍ സാധിച്ചിരുന്നുള്ളൂ. കിട്ടിയ അവസരത്തില്‍ നന്നായി കളിച്ച് ജയിക്കാന്‍ സാധിച്ചതില്‍ മതിമറന്നുകൊണ്ടാണ് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയത്. ഇങ്ങനെയൊരു തിരിച്ചടി ആവശ്യമായിരിക്കാം. അല്ലായിരുന്നെങ്കില്‍ പിഴവുകള്‍ തിരിച്ചറിയാതെ പോയേനെ എന്നും ഗംഭീര്‍ പറഞ്ഞു. എന്തു തന്നെയായാലും തോല്‍വി വേദനയുളവാക്കുന്നുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു.
ഇന്നത്തെ ടെസ്റ്റില്‍ ഭാരത ടീമില്‍ ചിലപ്പോള്‍ പേസ് ബൗളര്‍ ബുംറയെ ഒഴിവാക്കിയേക്കും. ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് താരത്തിന് വിശ്രമം അനുവദിക്കുന്നതിനായാണ് ഈ നീക്കം. മുഹമ്മദ് സിറാജും അകാശ് ദീപും പേസര്‍മാരാകുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരായി പതിവുപോലെ ആര്. അശ്വിന്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങും.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരതം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവച്ചിരിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി കൂടുതല്‍ പരമ്പരകള്‍ നേടിയതിനുള്ള റിക്കാര്‍ഡ് ഭാരതത്തിനാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 18 പരമ്പരകളിലാണ് ടീം തോല്‍ക്കാതെ മുന്നേറിയത്. ഏറ്റവും ഒടുവില്‍ പരാജയപ്പെട്ടത് 2012ല്‍ ഇംഗ്ലണ്ടിനോടാണ്. അന്ന് നാല് ടെസ്റ്റുകള്‍ക്കെത്തിയ അവരോട് 2-1ന് തോല്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: