തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപ്പിലാക്കുന്ന 177 കോടി രൂപയുടെ തുറമുഖ വികസനത്തിലൂടെ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ജീവഹാനിക്ക് അറുതിവരും. പദ്ധതിയിലൂടെ ഉയരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്തി തീരത്തെത്താനുള്ള ശാസ്ത്രീയ തുറമുഖം. മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അനുമതി നല്‍കിയതോടെ മത്സ്യത്തൊഴിലാളികളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
നിലവിലെ ഹാര്‍ബറിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പുലിമുട്ട് സ്ഥാപിച്ചത് മുതല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതാണ്. അന്നുമുതല്‍ ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ട് ക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇപ്പോള്‍ മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനായി പൂനൈയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് പഠനം നടത്തിയശേഷമാണ് തുറമുഖത്തിന്റെ പദ്ധതി തയ്യാറാക്കിയത്. ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെയും തിരമാല പരിവര്‍ത്തനം, തീരത്തെ മാറ്റങ്ങള്‍, ഹൈഡ്രോഡൈനാമിക്സ്, സെഡിമെന്റേഷന്‍ എന്നിവ നിരീക്ഷിച്ചതിനും ശേഷമാണ് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് റിപ്പോര്‍ട്ട് തയാറാക്കിയത്.
പദ്ധതി അനുസരിച്ച് 415 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയും. അതുവഴി പ്രതിവര്‍ഷം 38,142 മെട്രിക് ടണ്‍ മത്സ്യം കൈകാര്യം ചെയ്യാനാകും. ഏകദേശം 10,000പരം ആളുകള്‍ക്ക് നേരിട്ടും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുമെന്നത് വലിയ തൊഴില്സാധ്യതയക്ക് കൂടി തുടക്കമിടുകയാണ്.
117 കോടി രൂപയുടെ പദ്ധതിയില്‍ ജല, കര സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 164 കോടി രൂപ ചെലവഴിച്ച് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇന്റേണല്‍ റോഡ് നവീകരണം, പാര്‍ക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം വാര്‍ഫ് വിപുലീകരണം, ലേലഹാള്‍, ഓവര്‍ഹെഡാട്ടര്‍ ടാങ്ക് നിര്‍മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലാന്‍ഡ്സ്കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാര്‍ഡ്ലൈറ്റിംഗ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം ആന്‍ഡ് ഓട്ടോമേഷന്‍ മുതലായവ നടത്തും. ബാക്കി 13 കോടി സ്മാര്‍ട്ട് ഗ്രീന്‍ തുറമുഖം, തീരദേശ സംരക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കും. ഇതോടെ’തുറമുഖത്തിന്റെ മാത്രമല്ല അഞ്ചുതെങ്ങ്, വര്‍ക്കല, പൂന്തുറ തീരദേശ മേഖലയുടെ മുഖച്ഛായ തന്നെ മാറും.
അതേസമയം മുതലപ്പൊഴിയില്‍ ഇപ്പോഴുള്ള പുലിമുട്ടും ഹാര്‍ബറും വന്നതു മുതല്‍ 80ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന് നഷ്ടമായി എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിവരം. വാമനാപുരം നദി കടലിലേക്ക് ചേരുന്ന പൊഴിമുഖത്ത് 2014മുതലാണ് അപകടം തുടര്‍ക്കഥയായത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഇത് 33 ഓളം എന്ന് മാത്രമാണ്. 600ല്‍ അധികം അപകടങ്ങളുണ്ടായി. പരിക്കേറ്റവര്‍ക്ക് കണക്കില്ല. നഷ്ടമായ വള്ളവും വലയും കണക്കാക്കിയാല്‍ കോടികള്‍ കടലില്‍ മുങ്ങിയിട്ടുണ്ട്.
ഓരോ അപകടം നടക്കുമ്പോഴും പ്രദേശത്ത് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അശാസ്ത്രീയമായ പുലിമുട്ടുകള്‍ നീക്കം ചെയ്യണമെന്നത് അന്നുമുതലുള്ള ആവശ്യമാണ്. സംസ്ഥാന മന്ത്രിമാര്‍ സ്ഥലത്തെത്തി ദുരന്തത്തില്‍പ്പെട്ടവരോട് തട്ടിക്കയറുന്നതും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിശ്രമഫലമായി 2023 ആഗസ്റ്റില്‍ അന്നത്തെ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്രമന്ത്രിമാരായ എല്‍. മുരുഗനും ഉദ്യോഗസ്ഥ സംഘവും മുതലപ്പൊഴിയിലെത്തി. സിഡബ്ലിയുആര്‍സിഎസ് റിപ്പോര്‍ട്ട് വന്നാലുടന്‍ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പര്‍ഷോത്തം രൂപാല അന്ന് ഉറപ്പും നല്കി.
2024 ജൂലൈയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ജൂണില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിയും മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരാഞ്ഞു. തുടര്‍ന്നാണ് ശാസ്ത്രീയ പഠനം നടക്കുന്നതും തുറമുഖ വികസന പദ്ധതിക്കും ജീവ വച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: