കൊൽക്കത്ത: അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാൽ മാത്രമേ പശ്ചിമ ബംഗാളിൽ സമാധാനം സ്ഥാപിക്കാൻ കഴിയൂവെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ പെട്രാപോൾ ലാൻഡ് പോർട്ടിൽ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടവും കാർഗോ ഗേറ്റായ മൈത്രി ദ്വാരയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ഷാ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റം കൊണ്ടുവരാൻ സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 2026-ൽ തങ്ങൾ സംസ്ഥാനത്ത് അധികാരത്തിലേറിയാൽ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതിർത്തിക്കപ്പുറത്തേക്ക് നിയമവിരുദ്ധമായ സഞ്ചാരരീതികൾ ഉയർന്നുവരുന്നത് രാജ്യത്തിന്റെ സമാധാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ തുറമുഖങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇതിനു പുറമെ അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിൽ തുറമുഖങ്ങൾ അന്ത്യന്താപേക്ഷിതമാണ്. ഈ സൗകര്യങ്ങൾ അയൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 2014ൽ എൻഡിഎ അധികാരത്തിൽ വന്നതു മുതൽ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രധാനമന്ത്രി നിരവധി സംരംഭങ്ങൾ ആരംഭിച്ചതായി ഷാ പറഞ്ഞു. എന്നാൽ ബംഗാളിലെ ജനങ്ങൾക്ക് ആരോഗ്യമേഖലയിൽ നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ ഇല്ലായ്മ 2026 മുതൽ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ അഴിമതി വിഷയത്തിൽ സംസ്ഥാനത്തെ തൃണമൂൽ സർക്കാരിനെ അദ്ദേഹം ആഞ്ഞടിച്ചു. പശ്ചിമ ബംഗാളിലേക്ക് കേന്ദ്രം അയച്ച ഫണ്ടിന്റെ ഭൂരിഭാഗവും സംസ്ഥാനത്തെ അഴിമതി മൂലം ശരിയായ രീതിയിൽ വിനിയോഗിച്ചിട്ടില്ല. കേന്ദ്രം നൽകുന്ന നമ്പത്തിക സഹായങ്ങൾ ഗുണഭോക്താക്കളിലേക്ക് പോകുന്നതിനുപകരം പണം തൃണമൂൽ നേതാക്കളിലേക്കാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പശ്ചിമ ബംഗാളിൽ അച്ഛേ ദിൻ 2026 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ ഭരണകാലത്ത് എംജിഎൻആർഇജിഎ പ്രകാരം സംസ്ഥാനത്തിന് 15,000 കോടി രൂപ ലഭിച്ചിരുന്നു. എന്നാൽ ഇത് എൻഡിഎയുടെ കാലത്ത് 54,000 കോടി രൂപയായി ഉയർന്നുവെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: