ആലുവ തന്ത്രവിദ്യാപീഠം മുന്‍ മാനേജരും തൃശ്ശിവപേരൂരിലെ കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറായി വിരമിച്ച വ്യക്തിയുമായിരുന്ന ചെറുവക്കാട്ട് നാരായണന് നമ്പൂതിരി അന്തരിച്ച വിവരം ജന്മഭൂമിയിലും കേസരി വാരികയിലും വായിച്ചപ്പോള്‍ ഒട്ടേറെ ഓര്‍മകള്‍ മനസ്സിലേക്കു തിക്കിത്തിരക്കിവന്നുകൊണ്ടിരുന്നു. തന്ത്രവിദ്യാ പീഠത്തില്‍വച്ചാണ് ഞാനദ്ദേഹത്തെ അവസാനം കണ്ടത്. ആദ്യ സമാഗമം 1957 ല്‍ ഗുരുവായൂര്‍ ഭാഗത്ത് പ്രചാരകനായി പോയപ്പോഴായിരുന്നു. അക്കാലത്ത് അദ്ദേഹം ചാവക്കാട് ബോര്‍ഡ് ഹൈസ്കൂളില്‍ ഒന്‍പതിലോ പത്തിലോ പഠിക്കുകയായിരുന്നു. അനുജന് കേശവന് നമ്പൂതിരിയും അതേ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ ഒരു മഠത്തിന്റെ മുകള്‍നിലയിലെ വിശാലമായ മുറിയിലായിരുന്നു അവരുടെ താമസം. അച്ഛന് ഉൗഴമനുസരിച്ച് ക്ഷേത്രത്തില്‍ ശാന്തിയുള്ളപ്പോള്‍ താമസം ദേവസ്വം വക മഠത്തിലാവും. ഗുരുവായൂരിന്റെ ചരിത്രവും ഭൂമിശാസ്ത്രവും, സംഘത്തിന്റെ നിലയും ആ വിദ്യാര്‍ഥികളില്‍നിന്ന് മനസ്സിലായി.
അക്കാലത്ത് ഗുരുവായൂരില്‍ വൈദ്യുതിബന്ധം ഉണ്ടായിരുന്നില്ല. ദേവസ്വം വകയായി ക്ഷേത്രത്തിലും ചുറ്റുപാടും വിതരണമുണ്ടായിരുന്നു. ക്ഷേത്രത്തിനകത്ത് ആ ‘മ്ലേഛശക്തി’ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സത്രങ്ങള്‍, സാമൂതിരി കോവിലകം സങ്കേതത്തിലെ നിരത്തുകള്‍ എന്നിവിടങ്ങളില്‍ ആ വൈദ്യുതിയുണ്ടായിരുന്നു. ക്ഷേത്രത്തില്‍നിന്ന് രണ്ടുമൂന്ന് കി.മീ അകലെ തിരുകൊച്ചി സംസ്ഥാനാതിര്‍ത്തിവരെ വൈദ്യുതി ബോര്‍ഡിന്റെ വെളിച്ചം എത്തിയിരുന്നു. നാരായണന് നമ്പൂതിരി താമസിച്ച വീട്ടില്‍ ചിമ്മിനി വിളക്കുണ്ടായിരുന്നു.
സ്കൂള്‍ സിലബസും തിരുകൊച്ചിയിലേതുപോലെയല്ലായിരുന്നു. ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളില്‍ ബ്രിട്ടീഷ് ഭരണകാലത്തെ സിലബസിന്റെ അവശിഷ്ടങ്ങളും നിലനിന്നു. അതിനിടെ 1957 ലെ വിജയത്തിനുശേഷമുള്ള ഇഎംഎസ് ഭരണം നിലവില്‍ വന്നു. ഇടതു തരംഗം പ്രത്യക്ഷമായിത്തുടങ്ങി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ശബരിമല ക്ഷേത്ര ധ്വംസനത്തെക്കുറിച്ച് നടത്തപ്പെട്ട അനേ്വഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സോവ്യറ്റ് യൂണിയന് സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചതും വലിയ വാര്‍ത്തയായി. ലെയ്ക്ക എന്ന നായക്കുട്ടിയെ ഉപഗ്രഹത്തില്‍ അയച്ചതും വലിയ ഉദ്വേഗം സൃഷ്ടിച്ചു. ആ സമയത്ത് സംഘത്തിന്റെ മുന്‍ പ്രാന്തപ്രചാരകനായിരുന്ന ദാദാജി പരമാര്‍ഥ് ഏതാനും വര്‍ഷങ്ങളുടെ ‘അജ്ഞാത’വാസത്തിനുശേഷം ഗുരുവായൂരിലെ സംഘകാരണവരായിരുന്ന ബാരിസ്റ്റര്‍ നാരായണമേനോന്റെ അതിഥിയായി ഒരു മാസത്തോളം താമസിച്ചു. നാരായണന് നമ്പൂതിരിയുമൊത്തു മേനോന്റെ വീട്ടുവളപ്പിലെ ശാഖകഴിഞ്ഞ് ദാദാജിയെ കാണാന്‍ പോയി. അദ്ദേഹം കൃത്രിമ ഉപഗ്രഹത്തെപ്പറ്റി ഇംഗ്ലീഷില്‍ എഴുതിയ കവിത വായിച്ചുകേള്‍പ്പിച്ചു.
ഗുരുവായൂരമ്പലത്തിലെ കൃഷ്ണനാട്ടം കളി, അവിടെ പുറത്തു നടക്കാറുള്ള കഥകളി മുതലായവ ഞങ്ങള്‍ ഒന്നിച്ചിരുന്നു കണ്ടാസ്വദിക്കുമായിരുന്നു. കഥകളി, ഗോപുരത്തിനു പുറത്തായിരുന്നു നടന്നിരുന്നത്. വടക്കന്‍ ചിട്ടയിലായിരുന്നു ആട്ടം. പറശ്ശിനിക്കടവിലെ യോഗം അവിടെ അവതരിപ്പിച്ച കഥകള്‍ രസിച്ചു എന്നു പറയാം. അവരുടെ തിരശ്ശീലപിടുത്തക്കാര്‍ക്കു യൂണിഫോം ഉണ്ടായിരുന്നു. പറശ്ശിനി മടപ്പുരയെപ്പറ്റിയും നാരായണന് നമ്പൂതിരിയില്‍നിന്നാണ് ആദ്യം മനസ്സിലാക്കിയത്.
ഗുരുവായൂരിലെ പഠിപ്പു കഴിഞ്ഞ് ചെറുവക്കാട് സഹോദരന്മാര് നാട്ടിലേക്കു മടങ്ങി. അവരുടെ ഒരനുജന്‍ കൃഷ്ണന് നമ്പൂതിരി സംസ്കൃതമാണ് പഠിച്ചത്. പിന്നീട് വര്‍ഷങ്ങളോളം ബന്ധം വിഛേദിച്ചതുപോലെയായി. എനിക്ക് കണ്ണൂര്‍ ജില്ലയിലും തുടര്‍ന്ന് കോട്ടയത്തുമായിരുന്നു കര്‍മക്ഷേത്രം നല്കപ്പെട്ടത്. 1967 ല്‍ ഭാരതീയ ജനസംഘത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി നിയോഗിക്കപ്പെട്ടപ്പോള്‍ കേന്ദ്രം കോഴിക്കോടായി. അവിടെ കെഎസ്ആര്‍ടിസിക്ക് പുതിയ വിശാലമായ സ്റ്റാന്‍ഡ് വന്നു. കോഴിക്കോട്ട് യാത്രക്കു അപ്പോഴും സ്വകാര്യ ബസ്സുകള്‍തന്നെയാണ് കാര്യക്ഷമവും സൗകര്യവും. എന്നാല്‍ ചില റൂട്ടുകള്‍ സര്‍ക്കാര്‍ കുത്തകയാക്കിയപ്പോള്‍ സ്റ്റാന്‍ഡില്‍ പോകേണ്ടിവന്നു. അവിടത്തെ അവസ്ഥ അന്വേഷിച്ചു ചെന്നപ്പോള്‍ നാരായണന് നമ്പൂതിരിയെ കണ്ടു, അവിടത്തെ ജീവനക്കാരനായി. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആ സമാഗമം ഞങ്ങള്‍ ആഘോഷിച്ചു.
കോഴിക്കോട്ടെ ജനസംഘം അഖിലഭാരത സമ്മേളനത്തിന്റെ അത്യധ്വാനം ശാരീരിക ക്ലേശങ്ങള്‍ കലശലാക്കിയിരുന്നു. അവിടെ ഒരു വാര്യരുടെ വിധിപ്രകാരം ഏഴു ദിവസത്തെ കഷായവും തുടര്‍ന്നു ഒരാഴ്ചത്തെ തേച്ചുകുളിയും നടത്തേണ്ടിവന്നു. പരമേശ്വര്‍ജിയുടെയും ഭാസ്കര്‍റാവുജിയുടെയും സമ്മതം ലഭിച്ചതോടെ ചെറുവക്കാടില്ലത്താവാം അജ്ഞാതവാസം എന്നു നിശ്ചയിച്ചു. നമ്പൂതിരിയെ അറിയിച്ചു. അദ്ദേഹവും അച്ഛനും സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. മാവൂര്‍ റയോണ്‍സ് കമ്പനിക്കു സമീപം നിലമ്പൂര്‍ പുഴ കടന്നാല്‍ ചെറുവക്കാട്ടില്ലം സ്ഥിതിചെയ്യുന്ന ചെറുവായൂരായി. പുഴയുടെ മറുകരയില്‍ മാവൂര്‍ ബിര്‍ളാ കമ്പനിയുടെ ഐശ്വര്യം തകര്‍ത്താടിയ കാലം. മറുവശത്തെ ചെറുവായൂരില്‍ അന്ന് അതിന്റെ ലാഞ്ഛന പോലുമില്ല. ഇല്ലത്തു ഒരാഴ്ചത്തെ വാസം സുഖമായിക്കഴിഞ്ഞു. അക്കാലത്ത് സാധാരണ നമ്പൂതിരി ജീവിതത്തിന്റെ പ്രശ്നങ്ങളെ യഥാര്‍ഥ രൂപത്തില്‍ കണ്ടറിയാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ വേളി പാര്‍വതി അന്തര്‍ജനത്തെ വര്‍ഷങ്ങള്‍ക്കുശേഷം പരിചയപ്പെട്ടു.
നാരായണന്റെ അനുജന്മാരില് കേശവനും കൃഷ്ണനും അധ്യാപകരായി എന്നാണ് എന്റെ ധാരണ. മലപ്പുറം ജില്ലയിലെ അരീക്കോടിന് സമീപം അവര്‍ താമസിച്ച വീട്ടില്‍ പോകാനും ഒപ്പം ഒരു ദിവസം കഴിയാനും അവസരമുണ്ടായി. കൃഷ്ണന് സംസ്കൃതാദ്ധ്യാപകനായി കാസര്‍കോട് ഭാഗത്ത് തുടര്‍ന്നുണ്ടായിരുന്നു.
1957 ലെ ഗുരുവായൂര്‍ കാലത്ത് അവിടത്തെ കൂത്തമ്പലത്തില്‍ പലപ്പോഴും ചാക്യാര്‍കൂത്ത് കാണുമായിരുന്നു. പൈങ്കുളം രാമചാക്യാരുടെ 21 ദിവസത്തെ സീതാസ്വയംവരവും, പിന്നൊരവസരത്തില്‍ രാജസൂയവും ചില ദിവസങ്ങളില്‍ കാണാന്‍ അവസരമുണ്ടായി. രാമചാക്യാര്‍ കമ്യൂണിസ്റ്റ് മനസ്ഥിതിക്കാരനാണെന്ന കിംവദന്തിയുള്ളതുകൊണ്ട് സീതാസ്വയംവരത്തിലെങ്ങിനെയാണ് കമ്യൂണിസം ചെലുത്തുക എന്ന സംശയമുണ്ടായി. പരമേശ്വര്‍ജിയും ഗുരുവായൂരുള്ള ദിവസം ഒരുമിച്ചു കൂത്തമ്പലത്തിലെത്തി. അഹല്യയ്ക്കു മോക്ഷം കൊടുത്ത് രാമന് വിശ്വാമിത്രനുമൊത്ത് അയോധ്യക്കു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മിഥിലയില്‍ പോകാമെന്ന ആശയം വന്നത്. അവിടെ സീതാസ്വയംവരം നടക്കാനിരിക്കുകയാണ്. ഭൂമിപാലന്മാരായ രാജാക്കന്മാര് സഭ കൂടിയിരിക്കുന്നു. പക്ഷേ, സ്വയംവരത്തില്‍ പങ്കെടുക്കാനൊരു തടസമുണ്ട്. സഭയില്‍ ഒരു വില്ലുണ്ട്. അതു ശങ്കരന്റെ വില്ലാണ്. സഭയിലേക്കത് കൊണ്ടുവന്നത് മറ്റാരെങ്കിലുമാണെങ്കിലും വില്ല് ശങ്കരന്റെ തന്നെയാണ്. സീതയെ ലഭിക്കാന്‍ (സീതയെന്നാല്‍ ഉഴവുചാല് അഥവാ കൃഷിഭൂമി) ഭൂനയ ബില്ലവതരിപ്പിച്ചതു (ഗൗരിയമ്മയാണെങ്കിലും അതു ശങ്കരന്റെ) ഇഎംഎസ്സിന്റെതന്നെയാണെന്നും ധ്വനിപ്പിക്കുന്നതായിരുന്നു ചാക്യാരുടെ വാഗ്വിലാസം. പിന്നെയും പലതവണ കൂത്തമ്പലത്തില്‍ പോകാന്‍ അവസരം ഉണ്ടായി.
അവസാനമായി അദ്ദേഹവുമായി ബന്ധപ്പെട്ടത് കോഴിക്കോട്ട് നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലിനിടെയാണ്. അടിയന്തരാവസ്ഥാ പീഡിതരുടെ യോഗത്തില്‍ പ്രധാനമന്ത്രി എത്തുന്ന സമയത്തു സ്വാഗതമാശംസിക്കേണ്ടതു ഞാനാണെന്ന് പത്രദ്വാരാ അറിഞ്ഞ നാരായണന് നമ്പൂതിരി എന്നെ ഫോണില്‍ വിളിച്ച് തനിക്കും ചടങ്ങില്‍ വരാന്‍ താല്പര്യമുണ്ടെന്നറിയിച്ചു. അതതു ജില്ലക്കാരാണ് അതിനു ചുമതലപ്പെട്ടവര്‍ എന്നു മറുപടി നല്‍കാനേ എനിക്കു കഴിഞ്ഞുള്ളൂ. അടിയന്തരാവസ്ഥയില്‍ വൈക്കം ഗോപകുമാറിനോടൊപ്പം ആലപ്പുഴയില്‍ അറസ്റ്റു ചെയ്യപ്പെട്ട് ക്രൂരമായി പീഡനമേറ്റ ശിവദാസന്‍, കോഴിക്കോട്ട് ഒരു വിളിപ്പാടകലെ കൊളത്തൂരില്‍ താമസമാക്കിയിരുന്നു. അദ്ദേഹത്തെ പരിപാടിയുടെ വിവരം പോലും ആരുമറിയിച്ചില്ല എന്നും അറിവായി.
നാരായണന് നമ്പൂതിരിയുടെ വേര്‍പാട് പത്രദ്വാരാ അറിഞ്ഞപ്പോള്‍ സംഘപഥയാത്രയ്ക്കിടെ മനസ്സിലുയര്‍ന്ന വിചാരങ്ങള്‍ കുറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: