ഒട്ടാവ: ഇന്ത്യയ്ക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയോട് രാജിവെയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയിലെ 24 എംപിമാര്‍ ഒക്ടോബര്‍ 28ന് മുന്‍പ് രാജിവെയ്ക്കാന്‍ ജസ്റ്റിന് ട്രൂഡോയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ച നടത്തിയ രഹസ്യയോഗത്തിന് ശേഷമാണ് 24 എംപിമാര്‍ ജസ്റ്റിന് ട്രൂഡോയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്.
ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടുള്ള കത്തില്‍ 24എംപിമാരാണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ഇതാദ്യമായാണ് ജസ്റ്റിന് ട്രൂഡോയെ ഇത്രയും എംപിമാര്‍ ഒന്നിച്ച് എതിര്‍ക്കുന്നത്. ജൂണിലും സെപ്തംബറിലും നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പില്‍ ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റുപോയിരുന്നു. പാര്‍ട്ടിക്ക് പിന്തുണ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിന് ട്രൂഡോയോട് രാജിവെയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ആവശ്യം ശക്തമാകുന്നത്.
ഖലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണ നല്കി ഇന്ത്യയ്ക്കെതിരെ വ്യാജമായ ആരോപണം ഉയര്‍ത്തിയതും എംപിമാരെ ചൊടിപ്പിച്ചിരിക്കാമെന്ന് പറയപ്പെടുന്നു. ഇന്ത്യ വിചാരണയ്ക്കായി ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ ഭീകരവാദി നിജ്ജാറിനെ കാനഡയില്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തിന് ഇന്ത്യ തെളിവ് ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിന് ട്രൂഡോയ്ക്ക് ഒന്നും നല്കാന് സാധിച്ചിട്ടില്ല. ഈ ആരോപണത്തിലൂടെ കാനഡയിലെ സിഖ് സമുദായത്തെ സന്തോഷിപ്പിക്കുകയായിരുന്നു ജസ്റ്റിന് ട്രൂഡോയുടെ ലക്ഷ്യം. നിജ്ജാറിനെ വധിച്ചത് മറ്റൊരു എതിര്ഗ്രൂപ്പില്പെട്ടവരാണ്. ഇന്ത്യയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നിജ്ജാര്‍ പിന്നീട് കാനഡയിലേക്ക് കടക്കുകയായിരുന്നു. അവിടെവെച്ച് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. എന്തായാലും കാനഡയുടെ വ്യാജമായ ആരോപണത്തില്‍ പ്രകോപിതനായ പ്രധാനമന്ത്രി മോദി കാനഡയിലുള്ള ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. ഇത് കാനഡയിലെ ജസ്റ്റിന് ട്രൂഡോയുടെ ജനപ്രീതി കുറച്ചിരിക്കുകയാണ്.
24 എംപിമാര്‍ എതിരായത് ഇപ്പോള്‍ ജസ്റ്റിന് ട്രൂഡോയെ ബാധിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിനെതിരെ ഇത്രയും എംപിമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് 2025 ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെ ആര് നയിക്കണമെന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടാക്കുമെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: