ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ പല രീതികളിലും പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് ചുട്ട മറുപടി കൊടുക്കാതെ തരമില്ലെന്ന് വന്നപ്പോഴാണ് മോദി ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പം കാണിക്കുന്നതെന്ന് രാഷ്ട്രീയ വിശകലനവിദഗ്ധര്‍. റഷ്യയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ ചൈനയുമായുള്ള ശത്രുതയ്ക്ക് അയവ് വരുത്തിയും റഷ്യന്‍ നേതാവായ പുടിനുമായി കൂടിക്കാഴ്ച നടത്തിയും മോദി യുഎസിനും കാനഡയ്ക്കും ഒരു താക്കീത് നല്‍കുകയാണ്. വാസ്തവത്തില്‍ നയതന്ത്രത്തിന്റെ അതിദുര്ഘം പിടിച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മോദി സര്‍ക്കാര്‍.
ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ അട്ടിമറിച്ച വിദ്യാര്‍ത്ഥി കലാപം യുഎസില്‍ നിന്നുള്ള ഇറക്കുമതിയാണെന്ന് ഏതാണ്ട് തെളിഞ്ഞിരിക്കുകയാണ്. വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളെ യുഎസിലെ ഒരു എന്‍ജിഒ വേദിയില്‍ ഇപ്പോഴത്തെ ഇടക്കാല സര്‍ക്കാരിന്റെ നേതാവായ മുഹമ്മദ് യൂനസ് പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനര്‍ത്ഥം കലാപമെല്ലാം ആസൂത്രണം ചെയ്യപ്പെട്ടത് യുഎസില്‍ ആണെന്നാണ്.
ഇപ്പോഴിതാ ഇന്ത്യയിലും കാനഡയും യുഎസും ചേര്‍ന്ന് മുന്‍പെങ്ങും ഇല്ലാത്ത വിധം മോദി സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം അഴിച്ചുവിടുകയാണ്. ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് രാഹുല്‍ യുഎസിലെ ഒരു എന്‍ജിഒ വേദിയിലാണ് പ്രസംഗിച്ചത്. കശ്മീരില്‍ ഉള്‍പ്പെടെ ജനാധിപത്യം പുലരണമെങ്കില്‍ ഇന്ത്യയിലെ ഭരണം മാറണം എന്നാണ് രാഹുല്‍ പറഞ്ഞത്. തൊട്ടടുത്ത യുഎസ് സന്ദര്‍ശനത്തില്‍ സിഖുകാര്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പോകാന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ഖലിസ്ഥാന്‍ വാദികള്‍ക്ക് വേണ്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസംഗം. രാഹുല്‍ ഈ പ്രസംഗങ്ങളെല്ലാം വലിയൊരു അജണ്ടയുടെ ഭാഗമാണെന്ന് കരുതുന്നു. അതില്‍ യുഎസിലെ എന്‍ജിഒകള്‍ മാത്രമല്ല, യുഎസ് സര്ക്കാരിലെക്കൂടി ചിലരും ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരും ഉള്‍പ്പെട്ടിരിക്കുന്നു. ഈ കൂട്ടായ്മയെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇന്ത്യയിലെ ശക്തമായ മോദി സര്‍ക്കാരിനെ അട്ടിമറിച്ച് രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരു പാവയെ അധികാരത്തില്‍ ഏറ്റുക എന്നത് വളരെക്കാലമായി ഡീപ് സ്റ്റേറ്റുകള്‍ താലോലിക്കുന്ന സ്വപ്നമാണ്.
എന്തായാലും മോദി സര്‍ക്കാരിനെ പല രീതികളിലും പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് ഇനി ചുട്ട മറുപടി കൊടുക്കാതെ തരമില്ലെന്ന് വന്നിരിക്കുന്നു. ചൈനയുമായുള്ള ശത്രുതയ്ക്ക് അയവ് വരുത്തിക്കൊണ്ടും കൂടെക്കൂടെ റഷ്യന്‍ നേതാവായ പുടിനുമായി കൂടിക്കാഴ്ച നടത്തിയും മോദി യുഎസിനും കാനഡയ്ക്കും ഒരു പരോക്ഷ സന്ദേശം നല്കുകയാണോ എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പലരും വിശ്വസിക്കുന്നത്. ഇന്ത്യയെ തഴഞ്ഞാല്‍ ഇന്ത്യയും തഴയും എന്ന വലിയ താക്കീതാണോ മോദി സര്‍ക്കാര്‍ യുഎസിനും കാനഡയ്ക്കും നല്‍കുന്നതെന്ന് പലരും സംശയിക്കുന്നു.കാരണം യുഎസിന്റെ ഇരട്ടത്താപ്പ് അനുവദിച്ചുകൊടുത്താല്‍ ഭാവിയില്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുമെന്ന് തന്നെയാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ക്യാമറകള്‍ക്ക് മുന്പില് മോദിയെ ആലിംഗനം ചെയ്യുന്നവര്‍ മറുഭാഗത്ത് ഖലിസ്ഥാനെ കൂട്ടുപിടിച്ചും പിന്തുണച്ചും മോദിയെ വെള്ളംകുടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും യുഎസിന്റെ ഈ ഇരട്ടത്താപ്പ് അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാണ്.
ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് കലാപം സൃഷ്ടിച്ചത്. ഇന്ത്യയില്‍ ഖലിസ്ഥാന്‍വാദികള്‍ക്കൊണ്ട് ഇത് നടപ്പാക്കാനാണോ ഉദ്ദേശിക്കുന്നത്? അതോ കര്‍ഷകരെക്കൊണ്ടോ? കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഒമര്‍ അബ്ദുള്ളയെയും ഫറൂഖ് അബ്ദുള്ളയെയും കണ്ടിരുന്നു. 2019ല്‍ മോദി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് പിന്‍വലിച്ചപ്പോള്‍ യുഎസ് പ്രതിനിധി സഭ മനുഷ്യാവകാശ യോഗം സംഘടിപ്പിച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഒരു വര്‍ഷം നീണ്ട കര്ഷകകലാപമുണ്ടായപ്പോഴും യുഎസ് നയതന്ത്രോദ്യോഗസ്ഥര്‍ കര്‍ഷകനേതാക്കളെ കണ്ടിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം ധ്വംസിക്കപ്പെടുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് പ്രസംഗം ശരിയ്ക്കും യുഎസ് പറഞ്ഞുപഠിപ്പിക്കുന്നതാണ് എന്ന് വേണം കരുതാന്‍. അതായത് മോദി സര്‍ക്കാരിനെതിരെ ഉപയോഗിക്കാവുന്ന ഏത് വടിയും യുഎസ് ഉപയോഗിക്കുകയാണ്.
16ാമത് ബ്രിക്സ് സമ്മേളനം റഷ്യയിലെ കസാനില്‍
റഷ്യയിലെ കസാനില്‍ നടക്കുന്ന 16ാമത്തെ ബ്രിക്സ് സമ്മേളനത്തിന് രണ്ട് ദിവസമാണ് മോദി. ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നിവരാണ് ബ്രിക്സിന്റെ അംഗങ്ങള്‍. ഇത് ഒരു പാശ്ചാത്യരാജ്യങ്ങളുടെ സാന്നിധ്യമില്ലാത്ത സമ്മേളനമാണ്. എന്നാല്‍ പാശ്ചാത്യരാഷ്ട്രങ്ങളുടെ അധീശത്വത്തെ വെല്ലുവിളിക്കാനുള്ള ഒരു സമ്മേളനമല്ല. ബ്രിക്സ് സമ്മേളനം പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കെതിരായ സമ്മേളനമല്ലെന്ന് റഷ്യയും ചൈനയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യുഎസിന് പങ്കാളിത്തമില്ലാത്ത ഏത് രാഷ്ട്രകൂട്ടായ്മകളും അവര്‍ക്ക് ഭയമാണ്. എന്തായാലും നയതന്ത്രത്തിലെ ഒരു സാധ്യതയാണ് ഇന്ത്യ പരീക്ഷിക്കുന്നതെന്ന് വിദഗ്ധരില്‍ ചിലര്‍ സംശയിക്കുന്നു. യുഎസിനും കാനഡയ്ക്കും ഒരു താക്കീത് കൊടുക്കുക എന്ന അത്യപൂര്‍വ്വ നയതന്ത്രം.
ഖലിസ്ഥാന്‍ വാദികളിലൂടെ ഇന്ത്യയെ വെല്ലുവിളിക്കുന്ന യുഎസ് തന്ത്രം കഴിഞ്ഞ കുറച്ചുനാളുകളായി പാരമ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ യാത്രാവിമാനങ്ങള്‍ക്കെതിരെ വരെ ഭീഷണി മുഴക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ യുഎസില്‍ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയുടെ അറിവോടെയാണെന്ന ആരോപണം യുഎസ് കൂടുതല്‍ ശക്തമായി ഉയര്‍ത്തുന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണെന്ന് ഉറപ്പ്. എന്തിനാണ് ഇന്ത്യയുടെ താല്പര്യങ്ങളെ ഹനിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഖലിസ്ഥാന്‍ തീവ്രവാദിക്ക് വേണ്ടി യുഎസ് ഇത്രയും ശക്തമായി പണിയെടുക്കുന്നത് എന്ന ചോദ്യം ആശങ്ക ഉളവാക്കുന്നു.
മൂന്നാം ലോകരാജ്യങ്ങളിലെ ശക്തമായ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തിലേറ്റുന്ന യുഎസ് തന്ത്രം മുല്ലപ്പൂ വിപ്ലവും മുതല്‍ നമ്മള് കണ്ടതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങാത്ത ഷേഖ് ഹസീനയുടെ ഭരണത്തെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയുള്ള വിദ്യാര്‍ത്ഥി കലാപത്തിലൂടെ വലിച്ചെറിഞ്ഞത്. ഡീപ് സ്റ്റേറ്റിന്റെ മറ്റൊരു തന്ത്രം തന്നെയാണ് മോദി സര്‍ക്കാരിനെ ഖലിസ്ഥാനുമായി ഏറ്റുമുട്ടിക്കുന്ന പുതിയ സംഭവവികാസങ്ങള്‍?
യാതൊരു തെളിവും കൈവശമില്ലാതെ കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാര്‍ കാനഡയില്‍ വധിക്കപ്പെട്ടതിന് ബന്ധമുണ്ടെന്ന് കാനഡ ആരോപിക്കുന്നത് യുഎസിന്റെ ബലത്തിലാണെന്ന് വ്യക്തം. ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു തീവ്രവാദസംഘടനയായ ഖലിസ്ഥാനെയും കാനഡയിലും യുഎസിലും ഉള്ള ഖലിസ്ഥാന്‍ വാദികളെയും എന്ത് ഉദ്ദേശ്യത്തോടെയാണ് യുഎസും കാനഡയും പിന്തുണയ്ക്കുന്നത്? കടുത്ത ഖലിസ്ഥാന്‍ വാദിയായ നിജ്ജാര്‍ ഇന്ത്യ വിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന കുറ്റവാളിയാണ് എന്ന് കൂടി ഓര്‍ക്കുക. ഇന്ത്യയിലെ ശക്തമായ ഭരണത്തെ ദുര്‍ബലപ്പെടുത്തുക എന്നല്ലാതെ അതിന് പിന്നില്‍ മറ്റൊരു ലക്ഷ്യവുമില്ല എന്ന് വ്യക്തം. കാനഡയുടെയും യുഎസിന്റെയും പിന്തുണയുണ്ട് എന്നതോടെ കൂടുതല്‍ ഹിംസാത്മകത പുറപ്പടുവിക്കുകയാണ് ഖലിസ്ഥാന്‍ ക്യാമ്പുകള്‍. കൂടെക്കൂടെയുള്ള വിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണികള്‍ക്ക് പിന്നിലും ഈ ഖലിസ്ഥാന്‍ കൈ സംശയിക്കാതെ തരമില്ല.
ഇതോടെയാണ് ഉക്രൈന് യുദ്ധസാഹചര്യത്തില്‍ ചൈനയോടുള്ള ശത്രുതയില്‍ ഇളവ് വരുത്തി സൗഹൃദത്തിന്റെ സൂചനകള്‍ നല്കി ഇന്ത്യ മുന്നേറുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടോ എന്ന് ചില വിദേശരാഷ്ട്രീയം വിശകലനം ചെയ്യുന്നവര്‍ സംശയിക്കുന്നു. അതുപോലെ റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായുള്ള മോദിയുടെ സൗഹൃദവും യുഎസിന് ഉള്ള താക്കീതാകാം എന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: