ഗ്ലാസ്ഗോ: ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പത്ത് മത്സര ഇനങ്ങളെ 2026 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കി. ഒഴിവാക്കപ്പെട്ടവയില്‍ ഭാരതത്തിന് മെഡല്‍ പ്രതീക്ഷിക്കാവുന്ന ഒമ്പത് മത്സര ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ഹോക്കി, ബാഡ്മിന്റണ്‍, ഷൂട്ടിങ്, ക്രിക്കറ്റ് എന്നിവ ഒഴിവാക്കിയവയിലുണ്ട്. സ്കോട്ട്ലന്‍ഡ് നഗരം ഗ്ലാസ്ഗോയിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.
ആകെ നാല് വേദികളിലായാണ് എല്ലാ മത്സരങ്ങളും നടക്കുക. 2026 ജൂലൈ 23 മുതല്‍ ആഗസ്ത് രണ്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 23-ാം പതിപ്പ്. ഇതിന് മുമ്പ് 2014ല്‍ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായിട്ടുണ്ട്. ആകെ പത്ത് ഇനങ്ങള്‍ മാത്രമാണ് 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉണ്ടാകുക. ഇത്രയും ഇനങ്ങളില്‍ മത്സരിക്കാന്‍ 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന് 3000 അത്ലറ്റുകള് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2002ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതലാണ് പാരാ അത്ലറ്റിക്സും ഇതിന്റെ ഭാഗമായത്.
2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയയിലെ വിക്ടോറിയ നഗരമാണ്. ഗെയിംസ് നടത്തിപ്പിന് ഭീമമായ ചിലവ് വരുമെന്നും ഇത് വലിയ നഷ്ടമായിരിക്കുമെന്നും കണക്കാക്കിയാണ് വിക്ടോറിയ നഗര ഭരണകൂടം ആതിഥേയത്വത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്നാണ് ഗ്ലാസ്ഗോയെ 12 വര്‍ഷത്തിനിടെ വീണ്ടും വേദിയായി തെരഞ്ഞെടുത്തത്.
ഒഴിവാക്കപ്പെട്ട ഇനങ്ങളില്‍ ഭാരതം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ളത് ഷൂട്ടിങ്ങിലാണ്. വിവിധ ഗെയിംസുകളിലായി 135 മെഡലുകളാണ് വാരിക്കുട്ടിയത്. 63 സ്വര്‍ണവും 44 വെള്ളിയും 28 വെങ്കലവും ഇതില്‍ ഉള്‍പ്പെടും. രണ്ടാമത് നില്‍ക്കുന്നത് ഗുസ്തിയാണ്. 49 സ്വര്‍ണം, 39 വെള്ളി, 26 വെങ്കലം അടക്കം 114 മെഡലുകളാണ് ഗുസ്തിയില്‍ നിന്നും നേടാനായത്. കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ള മറ്റൊരു ഇനമാണ് ബാഡ്മിന്റണ്‍ പത്ത് സ്വര്‍ണവും എട്ട് വള്ളിയും 13 വെങ്കലവും അടക്കം 31 മെഡലുകള്‍ ഭാരത ബാഡ്മിന്റണ്‍ താരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുരുഷ വനിതാ സിംഗിള്‍സിലും പുരുഷ ഡബിള്‍സിലും സ്വര്‍ണം നേടിയിരുന്നു. ഹോക്കിയില്‍ നിന്നും 2002ല്‍ മാത്രമാണ് സ്വര്‍ണം നേടിയിട്ടുള്ളത്. ഇത് കൂടാതെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. അതേസമയം ഹോക്കിയില്‍ വനിതാ ടീം കാര്യമായ നേട്ടം കൈവരിച്ചിട്ടില്ല.
ക്രിക്കറ്റില്‍ ലോകകപ്പ് അടക്കമുള്ള പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാരതത്തിന്റെ പുരുഷ ടീമിന് കോമണ്‍വെല്‍ത്തില്‍ നേട്ടമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ തവണത്തെ ബിര്‍മിങ്ഹാം ഗെയിംസിലാണ് ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റിനെ വീണ്ടും ഉള്‍പ്പെടുത്തിയത് തന്നെ. അക്കൊല്ലം വനിതാ ടീം വെള്ളി നേടിയിരുന്നു.
ഉള്‍പ്പെടുത്തിയ ഇനങ്ങള്‍
1. അത്ലറ്റിക്സും പാരാ അത്ലറ്റിക്സും
(ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മാത്രം)
2. നീന്തലും പാരാ സ്വിമ്മിങ്ങും
3. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്
4. ട്രാക്ക് സൈക്ലിങ്ങും പാരാ ട്രാക്ക് സൈക്ലിങ്ങും
5. നെറ്റ് ബോള്‍
6. ഭാരോദ്വഹനവും പാരാ പവര്‍ലിഫ്റ്റിങ്ങും
7. ബോക്സിങ്
8. ജൂഡോ
9. ബൗള്‍സും പാരാ ബൗള്‍സും
10. 3-3ബാസ്കറ്റ്ബോളും 3-3 വീല്‍ചെയര്‍
ബാസ്കറ്റ്ബോളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: