ന്യൂദൽഹി : ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. ഈ ശുഭ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.
ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച കഠിനാധ്വാനിയായ നേതാവാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു അസാധാരണ ഭരണാധികാരിയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഒരു വികസിത ഭാരതത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയും ആശംസകൾ നേർന്നു. അമിത് ഷായുടെ പ്രതിബദ്ധത, കഠിനാധ്വാനം, സംഘടനാ വൈദഗ്ധ്യം എന്നിവ പ്രചോദനത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഷാ നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെയും ബിജെപിയുടെയും വികസനത്തിൽ അദ്ദേഹത്തിന്റെ പങ്ക് പ്രശംസനീയമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ബിജെപി സഖ്യകക്ഷികളായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് ലാലൻ സിംഗ്, എൽജെപി (ആർ) നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരും ആഭ്യന്തരമന്ത്രിയെ അനുമോദിച്ചു.
ഗുജറാത്തിൽ ജനിച്ച ഷാ നാല് പതിറ്റാണ്ടായി രാഷ്ട്രീയ ഭൂപടത്തിൽ നിറഞ്ഞ് നിൽക്കുന്നു. സർക്കാരിന്റെയും പാർട്ടിയുടെയും അജണ്ടകൾ നടപ്പിലാക്കുന്നതിന് പ്രതിബദ്ധതയോടും കഠിനാധ്വാനത്തോടും ഒപ്പം നിശ്ചയദാർഢ്യമുള്ള സമീപനവും കൊണ്ടുവരുന്ന ഒരു സമർത്ഥനായ രാഷ്ട്രീയ മനസ്സായാണ് ഷായെ ഏവരും വിലയിരുത്തുന്നത്.
കൂടാതെ മോദിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ വളർച്ചയിലും തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിലും അദ്ദേഹം സുപ്രധാന റോൾ വഹിക്കുന്നണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: