കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ പലരും ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പദമാണ് ആര്‍എസ്എസ്. അകാരണമായും അസ്ഥാനത്തും ഈ പദം എടുത്തുപയോഗിച്ച് സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും നിക്ഷിപ്ത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്. നിയമസഭയില്‍ മറുപടി പറയാന്‍ ആര്‍എസ്എസിന്റെ പ്രതിനിധികളാരും ഇല്ലാതിരിക്കെ, തുടര്‍ച്ചയായി ആരോപണശരങ്ങള്‍ ഇരുകൂട്ടരും മത്സരിച്ച് ഈ പ്രസ്ഥാനത്തിന്റെ നേര്‍ക്ക് തൊടുത്തുവിടുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തെന്ന് ആര്‍ക്കും മനസ്സിലാകും. ജനങ്ങളുടെ വഷളായി വരുന്ന ജീവല്‍ പ്രശ്‌നങ്ങളും നിലനില്‍പ്പിനെപ്പോലും പ്രതികൂലമായി ബാധിക്കുന്ന അടിയന്തര സാഹചര്യവും മറച്ചുവച്ച് അപ്രസക്തമായ വിഷയങ്ങളില്‍മേല്‍ ചര്‍ച്ചയും വാഗ്വാദവും നടത്തി നിയമസഭയുടെ വിലയേറിയ സമയം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു സിപിഎം-കോണ്‍ഗ്രസ് പക്ഷങ്ങള്‍.
തൃശൂര്‍പൂരം കലക്കിയത് ആര്‍എസ്എസ് ആണെന്ന വാദമുഖവുമായാണ് പ്രതിപക്ഷ നേതാവ് നിയമസഭ ആരംഭിക്കുമ്പോള്‍ തന്നെ രംഗപ്രവേശം ചെയ്തത്. ഓരോ ദിവസവും അടിയന്തര പ്രമേയവുമായി വന്ന പ്രതിപക്ഷം പക്ഷേ അടിയന്തിര സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഷയങ്ങളൊന്നും സ്പര്‍ശിച്ചതേയില്ല. കാലിയായ ഖജനാവും സാമ്പത്തിക പ്രതിസന്ധിയും വികസന മുരടിപ്പും മൂലം കേരളം നട്ടം തിരിയുമ്പോള്‍ അവയൊന്നും അറിയാത്തമട്ടില്‍ ആര്‍എസ്എസ് ആണ് വലിയ പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കുന്നത് നാടിനോട് ചെയ്യുന്ന കൊടും ക്രൂരതയാണ്.
സ്വര്‍ണക്കള്ളക്കടത്തും ഹവാല പണ ഇടപാടും വഴി നാട്ടില്‍ എത്തിയ പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന അതീവ ഗൗരവമേറിയ കാര്യം മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയപ്പോള്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും തന്മൂലം നാടിന്റെ സുരക്ഷിതത്വത്തിന് ഉണ്ടാകുന്ന ഭീഷണിയും വെല്ലുവിളികളും പൊതുസമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായിരുന്നു. നിയമസഭാ നടപടികള്‍ നിര്‍ത്തിവച്ച് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഈ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്ന് സഭയില്‍ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുമെന്ന് ന്യായമായും പ്രതീക്ഷിച്ചു. പക്ഷേ അറിഞ്ഞ ഭാവം പോലും പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചില്ല. ദേശദ്രോഹ പ്രവര്‍ത്തനത്തെക്കാള്‍ ഗുരുതരവും ഗൗരവമേറിയതുമായ വിഷയങ്ങള്‍ എഡിജിപിയുടെ സന്ദര്‍ശനങ്ങളും ആര്‍എസ്എസും മറ്റുമാണെന്നാണ് വി.ഡി. സതീശന്റെ കണ്ടെത്തല്‍. രാഷ്‌ട്രം ഉറ്റുനോക്കുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധയെ മാറ്റുക എന്ന ഗൂഢോദ്ദേശ്യം പ്രതിപക്ഷ നേതാവിനും റവന്യൂമന്ത്രിക്കും ഉണ്ടായിരുന്നുവെന്ന് വ്യക്തം. അതിനുവേണ്ടിയാണ് അടിയന്തര പ്രമേയ ചര്‍ച്ചകളില്‍ ആര്‍എസ്എസിനെ മുഖ്യവിഷയമാക്കിയത്.
മുഖ്യമന്ത്രിക്കും സെക്രട്ടറി പി. ശശിക്കും എതിരെ പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവയ്‌ക്കെല്ലാം വ്യക്തത തേടി ചര്‍ച്ചയ്‌ക്ക് വിധേയമാക്കാന്‍ പ്രതിപക്ഷം യാതൊരു ശ്രമവും നടത്തിയില്ല. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്ന സംഭവത്തെ ഊതിവീര്‍പ്പിച്ചും പര്‍വ്വതീകരിച്ചും മണിക്കൂറുകളോളം സഭ ചര്‍ച്ചചെയ്തു. പ്രശ്‌നങ്ങളില്‍ നിന്ന് ചര്‍ച്ചകള്‍ വഴിമാറുകയും അതുവഴി സര്‍ക്കാരിന് രക്ഷാമാര്‍ഗ്ഗമൊരുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സൗഹൃദ വാഗ്വാദങ്ങള്‍ മാത്രമാണ് സഭയില്‍ നടന്നത്.
ആര്‍എസ്എസ് വിരുദ്ധത മാത്രമായി കേരള രാഷ്‌ട്രീയം മാറിക്കഴിഞ്ഞു. ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയത്തില്‍ മാത്രം ഉന്നംവച്ച് സ്വന്തം പ്രത്യയശാസ്ത്രങ്ങളെയും ആദര്‍ശങ്ങളെയും ബലികഴിക്കുന്ന കോണ്‍ഗ്രസ്-സിപിഎം കക്ഷികള്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന സത്യം തിരിച്ചറിയണം. തൃശൂര്‍പൂരം പോലുള്ള ആധ്യാത്മിക ധാര്‍മിക സാമൂഹ്യ മഹോത്സവം അലോങ്കലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രതിപക്ഷ നേതാവും റവന്യൂ മന്ത്രിയും നാളിതുവരെ സര്‍ക്കാരിന്റെ അന്വേഷണസംഘത്തിന്റെ മുന്നില്‍ തങ്ങളുടെ പരാതിയും വിശദീകരണവും ബോധിപ്പിച്ചിട്ടില്ല. തൃശൂര്‍പൂര ദിവസം നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ത്രിതല അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാഹചര്യത്തെളിവുകളും ആരോപണങ്ങളും പരാതികളും പരിശോധിക്കാന്‍ ബാധ്യസ്ഥമായ ഈ ഉന്നതാധികാര അന്വേഷണ സംഘം സ്വാഭാവികമായും പ്രതിപക്ഷ നേതാവിന്റെയും റവന്യൂ മന്ത്രിയുടെയും മൊഴി രേഖപ്പെടുത്തേണ്ടതാണ്.
തൃശൂര്‍പൂരം ഭംഗിയായും ചിട്ടയായും നടത്തുന്നതിന് ആര്‍എസ്എസ് എന്നെന്നും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളോട് സഹകരിച്ചിട്ടേയുള്ളൂ. ഓരോ വര്‍ഷവും പൂരം നടത്തിപ്പ് വിജയിപ്പിക്കുവാന്‍ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍ പൂരം അടുക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും തടസവാദങ്ങള്‍ ഉന്നയിച്ചും പ്രതിസന്ധി സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് തുടങ്ങി പൂരത്തിന്റെ സുപ്രധാന ചടങ്ങുകളിലെല്ലാം അനാവശ്യ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്ന് പൂരം നടത്തിപ്പുകാരെ വട്ടം ചുറ്റിക്കുന്ന പതിവ് കാലാകാലങ്ങളായുണ്ട്. ഇതിനെതിരെയുള്ള പ്രതിഷേധം പൂരത്തിന് മുമ്പ് ഭാരവാഹികള്‍ ഇക്കുറിയും രേഖപ്പെടുത്തുകയുണ്ടായി. പൂരം അലങ്കോലപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അവര്‍ നല്‍കി. ഈ പശ്ചാത്തലം നില്‍നില്‍ക്കുമ്പോഴാണ് പോലീസും സര്‍ക്കാര്‍ പ്രതിനിധികളും ജില്ലാ ഭരണകൂടവും പൂരം നടത്തിപ്പില്‍ അനാവശ്യമായി ഇടപെട്ട് ആകെ അലങ്കോലമാക്കിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന റവന്യൂ മന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല. ജില്ലാ ഭരണകൂടത്തെ കെട്ടഴിച്ചു വിട്ട് പൂരം കലക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. സംഭവസ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച സുരേഷ്‌ഗോപിയെ ഇപ്പോള്‍ മന്ത്രി രാജനും വി.ഡി. സതീശനും കുറ്റപ്പെടുത്തുന്നത് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെപോയതിലുള്ള സ്വന്തം ജാള്യത മറച്ചുപിടിക്കാന്‍ വേണ്ടിയാണ്.
ആര്‍എസ്എസ് പൂരമെന്നല്ല ഒരു മഹോത്സവവും കലക്കുകയോ തടസമുണ്ടാക്കുകയോ ചെയ്തതിന്റെ ചരിത്രം നാളിതുവരെ ഉണ്ടായിട്ടില്ല. അതേസമയം ഇങ്ങനെയുള്ള ജനകീയ ഉത്സവങ്ങള്‍ വിജയിപ്പിക്കാന്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് കഠിനാധ്വാനം ചെയ്ത സംഭവങ്ങള്‍ ധാരാളമുണ്ട്. 1980-81 കാലത്ത് ശബരിമലയില്‍ പോലീസ്, ഡ്യൂട്ടില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ദേവസ്വംബോര്‍ഡിന്റെ അഭ്യര്‍ത്ഥന പ്രകാരം വളരെ പെട്ടെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയതും അങ്ങനെ പ്രതിസന്ധി ഒഴിവായതും ഏവര്‍ക്കും അറിവുള്ളതാണ്. സര്‍ക്കാരിന്റെ സഹായമോ പിന്തുണയോ ഇല്ലെങ്കില്‍പോലും ദുരന്തമുഖങ്ങളില്‍ പ്രശംസനീയമായ സന്നദ്ധ സേവന പ്രവര്‍ത്തനം നടത്തി ഒട്ടേറെ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിച്ചിട്ടുണ്ട്. അങ്ങനെയൊരു പ്രസ്ഥാനം പൂരം കലക്കിയെന്ന് വി.ഡി. സതീശനും മന്ത്രി രാജനും എത്ര ആവര്‍ത്തിച്ചു പറഞ്ഞാലും ആ നുണ ഒരിക്കലും സത്യമായി പരിണമിക്കില്ല. ഈ ഗീബല്‍സിയന്‍ തന്ത്രംവഴി രണ്ട് നേതാക്കളുടെയും ലക്ഷ്യം യഥാര്‍ത്ഥ പൂരം കലക്കിയവരെ കണ്ടെത്തുകയല്ല, ആര്‍എസ്എസിന് അവമതിപ്പുണ്ടാക്കി ഒറ്റപ്പെടുത്തുകയും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുകയുമാണ്. നാളിതുവരെ നിരവധി ശക്തികള്‍ ഒത്തുചേര്‍ന്ന് ആര്‍എസ്എസിന്റെ നെഞ്ചത്തേക്ക് കല്ലെറിഞ്ഞിട്ടും തകര്‍ന്നില്ലെന്ന് മാത്രമല്ല, വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി നൂറാം വയസ്സിലേക്ക് കടക്കുകയാണ്. ഒരു നൂറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന മന്ത്രി രാജന്റെയും വി.ഡി. സതീശന്റെയും പാര്‍ട്ടികള്‍ പല കഷ്ണങ്ങളായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ആര്‍എസ്എസിനെ ജനം അംഗീകരിച്ചതുകൊണ്ടുതന്നെയാണ് പിളരാതെ ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ വേരോട്ടമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനകീയ സന്നദ്ധസംഘടനയായി നിലനില്‍ക്കുന്നത്. പൂരം കലക്കി എന്ന് എത്ര ആവര്‍ത്തിച്ചാലും ആര്‍എസ്എസിന്റെ വിശ്വാസ്യതയെ തെല്ലും ബാധിക്കില്ലെന്ന് ഉറപ്പ്.
നിയമസഭയില്‍ ഇല്ലാത്തവരെക്കുറിച്ച് സഭയില്‍ പരാമര്‍ശിക്കരുതെന്ന് പലപ്പോഴും സ്പീക്കര്‍ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇതിന്റെ പേരില്‍ നിരവധി തവണ സഭാ നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടിവന്നിട്ടുമുണ്ട്. ഹിന്ദുഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേര് അനവസരത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വലിച്ചിഴച്ചു കൊണ്ടുവരികയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ആര്‍എസ്എസിനേയും വത്സന്‍ തില്ലങ്കേരിയെയും കുറിച്ച് സഭയില്‍ അംഗങ്ങള്‍ നടത്തിയ അടിസ്ഥാനരഹിതവും ആക്ഷേപകരവുമായ അഭിപ്രായ പ്രകടനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ നടപടി സ്വീകരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: