വാരാണസി ; വാരണാസിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 6700 കോടി രൂപയുടെ 23 പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഒരു ലക്ഷം യുവാക്കളെ ബിജെപി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദിയുടെ രണ്ടാം വാരണാസി സന്ദർശനമാണിത് . ‘ എൻഡിഎ സർക്കാർ എന്ത് ചെയ്താലും രാജ്യം മുഴുവൻ അതിനെ പിന്തുണയ്ക്കുകയാണ് . ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിച്ചു. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടുകൾ ലഭിച്ചു.എൻഡിഎ സർക്കാർ ആരുടെയും അവകാശങ്ങൾ കവർന്നെടുത്തിട്ടില്ല . പാവപ്പെട്ടവർക്ക് സംവരണം നൽകുന്ന പ്രവർത്തനമാണ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. രാംലല്ലയെ ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ഇന്ന് അയോധ്യയിലേക്ക് പോകുന്നത്.സ്വജനപക്ഷപാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണ് . അതുകൊണ്ട് തന്നെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത കുടുംബങ്ങളിലെ ഒരു ലക്ഷം യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുക്കുകയാണ്. പുതിയ രാഷ്ട്രീയത്തിന്റെ നെടുംതൂണായി അവരെ മാറ്റും.
വാരാണസിയിലെ പുരോഗതി കാണുമ്പോൾ അതിയായ സംതൃപ്തി തോന്നുന്നു . കാശിയെ ആധുനിക നഗരമാക്കാൻ ഞങ്ങൾ സ്വപ്നം കണ്ടു. വികസനത്തോടൊപ്പം പൈതൃകവും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: