ന്യൂദൽഹി: സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടുകൾ ദൽഹി നിയമസഭയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നിൽ ബിജെപി പ്രതിഷേധിച്ചു. ശനിയാഴ്ച മഥുര റോഡിലെ മുഖ്യമന്ത്രിയുടെ വീടിന് പുറത്താണ് ബിജെപി എംഎൽഎയും ദൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജേന്ദർ ഗുപ്തയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ബിജെപി എംഎൽഎമാരായ മോഹൻ സിങ് ബിഷ്ത്, ഓം പ്രകാശ് ശർമ, അഭയ് വർമ, അനിൽ ബാജ്പേയ്, ജിതേന്ദ്ര മഹാജൻ, അജയ് എന്നിവരോടെപ്പമായിരുന്നു പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ അഴിമതിയിൽ ഏർപ്പെട്ടെന്ന് പ്രതിഷേധത്തിൽ ആരോപിച്ചു.
കെജ്രിവാൾ, നിങ്ങൾക്ക് ബോധം തിരിച്ച് വരട്ടെ , ഉടൻ നിയമസഭാ സമ്മേളനം വിളിക്കൂ. സിഎജി റിപ്പോർട്ട് മേശപ്പുറത്ത് കൊണ്ടുവരൂ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിൽ ഇത് സംബന്ധിച്ച് കനത്ത പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
ദൽഹിയിൽ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മറവിൽ ആം ആദ്മി നേതാവ് ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയെന്നും വൻ അഴിമതിയിൽ ഏർപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചുവെന്നും കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഗുപ്ത പറഞ്ഞു. സർക്കാർ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതുവരെ എല്ലാ വേദികളിലും ബിജെപി ഈ വിഷയം ഉന്നയിക്കുന്നത് തുടരുമെന്ന് ഗുപ്ത വ്യക്തമാക്കി.
എഎപി സർക്കാർ ഇതിൽ പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ 12 സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യപ്പെടുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി സിഎജി റിപ്പോർട്ട് നിയമസഭയിൽ എഎപി സർക്കാർ അവതരിപ്പിച്ചിട്ടില്ല. സംസ്ഥാന ധനകാര്യ ഓഡിറ്റ്, വാഹനങ്ങളിലെ വായു മലിനീകരണം തടയൽ, പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും, മദ്യത്തിന്റെ നിയന്ത്രണവും വിതരണവും, ധനകാര്യ അക്കൗണ്ടുകളും വിനിയോഗ അക്കൗണ്ടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ സിഎജി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ സിഎജിയുടെ തീർപ്പാക്കാത്ത റിപ്പോർട്ടുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി ധർമേന്ദ്രയ്ക്കും ധനകാര്യ സെക്രട്ടറി ആശിഷ് ചന്ദ്ര വർമയ്ക്കും ലെഫ്റ്റനൻ്റ് ഗവർണർ വി. കെ സക്സേനയുടെ ഓഫീസും കത്തയച്ചിരുന്നു. 2020-2021 കാലയളവിലെ 12 സിഎജി റിപ്പോർട്ടുകൾ ദൽഹി സർക്കാരിന്റെ പക്കൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് എൽജി ഓഫീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: