ലക്നൗ : അയോദ്ധ്യ പട്ടാഭിഷേകത്തിന് ഒരുങ്ങിക്കഴിഞ്ഞു . രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായി നടക്കുന്ന ദീപാവലി പുതിയ റെക്കോർഡാകും സൃഷ്ടിക്കുക. ദീപോത്സവം ഗംഭീരമാക്കാനുള്ള തിരക്കിലാണ് യോഗി സർക്കാർ. 500 ഡ്രോണുകൾ ഉപയോഗിച്ച് അയോദ്ധ്യയുടെ ആകാശത്ത് ഒരു ഗ്രാൻഡ് ഏരിയൽ ഡ്രോൺ ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ഏരിയൽ ഡ്രോൺ ഷോയിലൂടെ, ഭഗവാൻ ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും വീര ഭാവത്തിന്റെ ദിവ്യ ദർശനം ജനങ്ങൾക്ക് ലഭിക്കും. മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകളാണ് ഈ ഡ്രോൺ ഷോയിൽ ഉപയോഗിക്കുക.
രാവണവധം, പുഷ്പക വിമാനം, ദീപോത്സവം, രാം ദർബാർ വാൽമീകി, തുളസീദാസ്, രാമക്ഷേത്രം എന്നിവയും ഡ്രോണുകൾ വഴി അയോധ്യയുടെ ആകാശത്ത് ചിത്രീകരിക്കും. രാജ്യാന്തര നിലവാരത്തിലായിരിക്കും ഡ്രോൺ ഷോ സംഘടിപ്പിക്കുക.ഒക്ടോബർ 30ന് നടക്കുന്ന ദീപോത്സവ് പരിപാടിക്ക് മുന്നോടിയായി 29ന് ഡ്രോൺ ഷോയുടെ റിഹേഴ്സലും നടക്കും.രാം കി പാഡിയിലാണ് ഈ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്.രാമായണ കാലഘട്ടത്തിന്റെ പ്രതീതി നൽകുന്ന കവാടങ്ങളും നിർമിക്കുന്നുണ്ട്. റാംപത്ത്, ധരംപത്ത് എന്നിവിടങ്ങളിൽ രണ്ട് കിലോമീറ്ററിലധികം സ്ഥലത്ത് വലിയ വിളക്കുകൾ ഒരുക്കും. അതേസമയം രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ഭക്തർ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തും.ഈ ദീപോത്സവത്തിന് വരാൻ സാധിക്കുന്നില്ലെങ്കിലും ഓൺലൈനിൽ വിളക്ക് ദാനം ചെയ്ത് മഹോത്സവത്തിന്റെ ഭാഗമാകാം
ഇതിനായി അയോധ്യ ഡെവലപ്മെൻ്റ് അതോറിറ്റി ‘ശ്രീരാമന്റെ നാമത്തിൽ ഒരു വിളക്ക്’ എന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ഇതിലൂടെ വീടുകളിൽ ഇരിക്കുന്ന ഭക്തർക്കും വിളക്ക് തെളിയിക്കാനാകും. ആളുകൾക്ക് വിളക്ക് ബുക്ക് ചെയ്യാനും ഓൺലൈനായി സംഭാവന നൽകാനും കഴിയും. പ്രസാദം അവരുടെ വീട്ടിലേക്ക് അയയ്ക്കുമെന്നും അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ അശ്വനി കുമാർ പാണ്ഡെ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: