കൊച്ചി: നിര്‍മാണ മേഖലയെ ആധുനിക വത്കരിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കായി നിരന്തരം ഗേവേഷണങ്ങള് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) യുടെ ദേശീയ സമ്മേളനം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ എന്‍ജിനീയര്‍മാര്‍ വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളിലൂടെ നിര്‍മാണ മേഖലയെ നവീകരിച്ചതോടെ ചെലവ് കുറയ്ക്കാന്‍ സാധിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമായിരുന്നു ഓരോ ദിവസവും രാജ്യത്ത് അടിഞ്ഞു കൂടിക്കൊണ്ടിരുന്നത്. പുതിയ കണ്ടുപിടുത്തങ്ങളിലൂടെ റോഡ് നിര്‍മാണത്തിനായി അവ ഉപയോഗിച്ചു. ഇതിലൂടെ കോടിക്കണക്കിന് രൂപ ലാഭിച്ചു. ഗതാഗതരംഗത്തും വലിയ മാറ്റങ്ങളുണ്ടായി. സിഎന്‍ജി വാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങുന്നു. ഇതിലൂടെ പണം ലാഭിക്കാനും വായൂ മലിനീകരണം ഇല്ലാതാക്കാനും സാധിച്ചു.
നല്ല രൂപരേഖയും ഗുണനിലവാരവുമാണ് ഏത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്നത്.റെയില്‍വേ, റോഡ് തുടങ്ങി എല്ലാ മേഖലകളിലും ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവും. രാജ്യം ഇന്ന് മൂന്നാം സാമ്പത്തികശക്തിയായി മുന്നേറുകയാണ്. ഇതില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ നല്ല പങ്ക് വഹിക്കുന്നുണ്ടെന്നും രാജ്യത്തെ പുനഃസൃഷ്ടിക്കുന്ന വിശ്വകര്‍മജരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
ഐ ഇ പ്രസിഡന്റ് ഡോ.ജി. രംഗനാഥന് അധ്യക്ഷത വഹിച്ചു. എഐസിടിഇ ചെയര്മാന് പ്രൊഫ. ഡോ. ടി.ജി. സീതാറാം മുഖ്യാതിഥിയായിരുന്നു. ഐഎസിവിഡിബി ചെയര്മാന് ഡോ. അനില്‍ ജോസഫ്, കൊച്ചി ലോക്കല്‍ സെന്റര്‍ ചെയര്മാന് ജി. വേലായുധന് നായര്‍, ദേശീയ കണ്വന്ഷന് കണ്‍വീനര്‍ കെ.എസ്. ബാബു, ഐഇ നിയുക്ത പ്രസിഡന്റ് വി.ബി. സിങ്, കൊച്ചി ലോക്കല്‍ സെന്റര്‍ ഓണററി സെക്രട്ടറി ടി.സി. പ്രശാന്ത്, ഡോ. സഞ്ജയ് പന്ത്, ഇ.എ. അബ്ദു എന്നിവര്‍ പ്രസംഗിച്ചു. മികച്ച എന്‍ജിനീയര്‍മാര്‍ക്കുള്ള അവാര്‍ഡ്, മികച്ച യുവ എന്‍ജിനീയര്‍മാര്‍ക്കുള്ള അവാര്‍ഡ് എന്നിവ ഉദ്ഘാടന ചടങ്ങില്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: