കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഹാരാജാസ് കോളജിന് ഓട്ടോണമസ് പദവിയില്ലെന്ന് സമ്മതിച്ച് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. ഷാജില ബീവി. 2020 മാര്‍ച്ച് 15ന് ശേഷം സ്വയംഭരണപദവിയും അഫിലിയേഷനും പുതുക്കിയിട്ടില്ലെന്ന വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍.
യുജിസി നടപടിക്രമങ്ങളുടെ ഭാഗമായി വന്ന കാലതാമസമാണ് പദവി നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. 2020 തുടക്കത്തില്‍ത്തന്നെ സ്വയംഭരണാധികാരം പുതുക്കുന്നതിനായി യൂണിവേഴ്സിറ്റി വഴി യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പിന്നാലെ ലോക്ഡൗണായി. 2022 ജനുവരി 14ന് ആണ് യുജിസിയില്‍ നിന്ന് പ്രോപ്പര്‍ ചാനലിലൂടെയല്ല അപേക്ഷ ലഭിച്ചിട്ടില്ലെന്ന കത്ത് വരുന്നത്. 15 ദിവസത്തിനകം വീണ്ടും അപേക്ഷ സമര്‍പ്പിച്ചു.
പല കത്തിടപാടുകള്‍ നടന്നെങ്കിലും സ്വയംഭരണാധികാരം ലഭിക്കുന്നത് നീണ്ട് പോകുകയായിരുന്നു. പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയത് 2023 ഏപ്രില്‍ മുതലാണെന്നും ഇവര്‍ പറയുന്നു. കോളജിനെ ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും യുജിസിയുടെ സെക്രട്ടറി നേരില്‍ കണ്ട് വിവരം ധരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഡോ. ഷാജില ബീവി വ്യക്തമാക്കി.
2014ല്‍ ആണ് കോളജിന് എംജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ സ്വയംഭരണാധികാരം ലഭിച്ചത്. ആറ് വര്‍ഷത്തെ കാലാവധി 2020 മാര്‍ച്ച് 15ന് അവസാനിച്ചു. ഈ സമയത്ത് യുജിസി യോഗ്യത നേടാന്‍ കഴിയാത്തതുകൊണ്ടാണ് സ്വയംഭരണാധികാരം നഷ്ടമായത്. 2018ലെ റൂള്‍ 15 പ്രകാരം ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും കോളജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
എന്നാല്‍ ഇത് മറച്ചുവയ്ക്കുകയാണ് കോളജ് അധികൃതര്‍ ചെയ്തത്. 2019 വരെ അഡ്മിഷന് നേടിയവര്‍ക്ക് സ്വയംഭരണാധികാര പ്രകാരമുള്ള സ്റ്റാറ്റസ് ലഭിക്കും. അതിന് ശേഷം വന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യങ്ങളാണ് പ്രശ്നമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: