തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുന്നതിലും ചികിത്സാ സഹായം മുടങ്ങിയതിലും ഉയരുന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഭയ്ക്കുള്ളില്‍ ഭരണ- പ്രതിപക്ഷ സഹകരണം. ഇന്നലെ അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു ഇന്‍ഡി സഖ്യ മുന്നണികളുടെ ഒത്തൊരുമ.
13 വാരിയെല്ലുകള്‍ പൊട്ടി ആന്തരികാവയവങ്ങളില്‍ ചെളികയറി ഗുരുതരാവസ്ഥയിലായ രോഗിയുടെ പോലും തുടര്‍ ചികിത്സ ഉള്‍പ്പെടെ മുടങ്ങിയെന്നും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാമെന്ന് സംസ്ഥാനം വാഗ്ദാനം ചെയ്തിരുന്ന വാടക മുടങ്ങിയെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കേന്ദ്രത്തിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഇടതുമുന്നണിയോടാവശ്യപ്പെട്ടത്. കേന്ദ്രത്തിനെതിരെ ഒരുമിച്ച് നില്‍ക്കാമെന്ന് ഭരണമുന്നണി വാഗ്ദാനവും നല്കി.
സംസ്ഥാനത്തിന്റെ വീഴ്ചകള്‍ക്ക് കേന്ദ്രത്തെയും മാധ്യമങ്ങളെയും പഴിചാരി രക്ഷപ്പെടാനും ശ്രമം. കേന്ദ്രസര്‍ക്കാരിന് നല്കിയ മെമ്മോറാണ്ടത്തിലെ ഊതിപ്പെരുപ്പിച്ച കണക്കുകളെ വിര്‍ശിച്ചതിനാണ് മാധ്യമങ്ങളോട് വിദ്വേഷം. വിശ്വാസ്യതയില്ലാത്ത കണക്കുകള്‍ നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള മുന്‍കൂര്‍ തുകയായും 145.60 കോടി അനുവദിച്ച കാര്യം മറച്ചുവെച്ച് പ്രമേയവും പാസാക്കി.
പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ്. 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമല തൊട്ടടുത്താണ്. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും അടുത്താണ്. ഇത്രയും ഗുരുതര സാഹചര്യം ഉണ്ടായിട്ടും മഴ അളക്കാനുള്ള ക്രമീകരണം ഇല്ലാത്തതാണ് ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഏകോപനത്തില്‍ ഗൗരവകരമായ പ്രശ്നമുണ്ടായി. കളക്ടര്‍മാരെ അടിക്കടി മാറ്റിയത് പ്രശ്നമായെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് ടി. സിദ്ദിഖ് പറഞ്ഞു.
പുനരധിവാസത്തിന് 25 സ്ഥലങ്ങള്‍ കണ്ടെത്തിയെന്നും ദുരന്തബാധിതരുടെ കൂടി താല്പര്യം കണക്കിലെടുത്ത് അതില്‍ നിന്ന് രണ്ടുസ്ഥലം ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി കെ. രാജന് പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞാല്‍ ഒന്നും നടക്കില്ലെന്നും തുടക്കത്തിലെ ആവേശം കെട്ടുപോകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും റവന്യുമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 531.12 കോടിയും സിഎസ്ആര്‍ ഫണ്ടിലൂടെ 3.5 കോടിയും ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: