കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. വായ്പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവുമാണ് സ്ഥാപനത്തെ നഷ്ടത്തിലും കോടിക്കണക്കിനു രൂപയുടെ കടക്കെണിയിലുമാക്കിയത്. രണ്ടു മാസമായി ജീവനക്കാര്‍ക്കു ശമ്പളം പോലും നല്കാനാകാത്ത വിധം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് സ്ഥാപനം. സ്ഥാപനം കടക്കെണിയിലാകുക മാത്രമല്ല, നിക്ഷേപം നടത്തിയ വിവിധ സഹകരണ ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
1500 ജീവനക്കാരുള്ള സംസ്ഥാനത്തെ സഹകരണ മേഖലയിലെ വലിയ സ്ഥാപനങ്ങളിലൊന്നാണ് റബ്‌കോ. അന്താരാഷ്‌ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുന്ന സ്ഥാപനം കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയതിനു കാരണം ആരംഭിച്ചതു മുതല്‍ അതിന്റെ നിയന്ത്രണമേറ്റെടുത്ത സിപിഎം നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം കാലങ്ങളായുണ്ട്. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയില്‍ നല്കിയ കണക്കനുസരിച്ച് റബ്‌കോയുടെ കടം 293 കോടി 80 ലക്ഷം രൂപയാണ്.
2001-2004ല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് റബ്‌കോ സ്വീകരിച്ച നിക്ഷേപം 1.2 കോടി രൂപ. വായ്പ സ്വീകരിച്ചതല്ലാതെ മുതലോ പലിശയോ തിരിച്ചടച്ചില്ലെന്നു മാത്രമല്ല ബാധ്യത 7.57 കോടിയായി. നിക്ഷേപത്തുക റബ്‌കോ തിരിച്ചടയ്‌ക്കാത്തതിനാല്‍ മാത്രം കോട്ടയം ജില്ലാ സഹകരണ ബാങ്ക് നിഷ്‌ക്രിയ ആസ്തിയാക്കിയത് 150 കോടി രൂപയാണ്. ഇതടക്കം 450 പ്രാഥമിക സഹ. സ്ഥാപനങ്ങള്‍ക്ക് റബ്‌കോ മടക്കി നല്കാനുള്ള സ്ഥിര നിക്ഷേപം 322.41 കോടി രൂപ വരും. നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്തതിനാല്‍ ഈ തുക വര്‍ഷാവര്‍ഷം പലിശയും പിഴപ്പലിശയും ചേര്‍ത്ത് പുതുക്കുകയാണ്.
കടബാധ്യത കുറയ്‌ക്കാന്‍ സര്‍ക്കാര്‍ റബ്‌കോയ്‌ക്ക് സാമ്പത്തിക സഹായമൊന്നും നല്കിയിട്ടില്ലെന്നാണ് സംസ്ഥാന സഹകരണ വകുപ്പ് പറയുന്നത്. അതേസമയം റബ്‌കോ പുനരുദ്ധാരണം പഠിക്കാന്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ട റിപ്പോര്‍ട്ടായെന്ന് പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികളില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഈ പഠനത്തിന്റെ ചെലവ് സര്‍ക്കാരിനാണ്. കേരള ബാങ്കിന്റെ രൂപീകരണ വേളയില്‍ റബ്‌കോയുടെ വായ്പ ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി നേരത്തേ വിവാദത്തിനിടയാക്കിയിരുന്നു.
1997ലാണ് കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) പ്രവര്‍ത്തനമാരംഭിച്ചത്. കൂത്തുപറമ്പ് കെഎസ്‌ഐഡിസി വ്യവസായ എസ്റ്റേറ്റില്‍ അഞ്ചു യൂണിറ്റുകളായാണ് തുടക്കം. കര്‍ഷകരില്‍ നിന്ന് വിപണി വിലയിലും മെച്ചമായ തുകയ്‌ക്കു റബര്‍ വാങ്ങി ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: