ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ ഭാരതം അപലപിച്ചു. ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയും സമാധാനവും ബംഗ്ലാദേശിലെ താത്കാലിക ഭരണകൂടം ഉറപ്പുവരുത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ദുര്‍ഗാ പൂജാവേളയില്‍ ഉണ്ടായ അക്രമങ്ങളുടെയും ക്ഷേത്രത്തിലെ മോഷണത്തിന്റെയും പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശില്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഭാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം ഹീനമായ പ്രവൃത്തികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തില്‍ ദേവിയുടെ പ്രതിഷ്ഠയില്‍ അണിഞ്ഞിരുന്ന കിരീടം കവര്‍ന്നത്. 2021 മാര്‍ച്ചില്‍ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ സമര്‍പ്പിച്ച കിരീടമായിരുന്നു ഇത്. മുഖം മറയ്ക്കാതെ എത്തിയ മോഷ്ടാവ് കിരീടം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മോഷ്ടാവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
നവരാത്രി ആഘോഷങ്ങളിലേക്ക് ഇടിച്ചുകയറിയ ആക്രമികള്‍ പൂജകളും മറ്റും നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും ഇസ്ലാം മതം സ്വീകരിക്കാന്‍ ഹിന്ദുക്കളെ നിര്‍ബന്ധിക്കുന്നതിന്റെയും വീഡിയോയും പുറത്തുവന്നിരുന്നു. പൂജ മണ്ഡപത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഇത്തരം ഹീനമായ പ്രവൃത്തികളില്‍ നടപടി സ്വീകരിക്കാതെ ബംഗ്ലാദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: