മുംബൈ: തെന്നിന്ത്യന്‍ നടന് സായാജി ഷിന്‍ഡെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നു.
അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈയില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, സംസ്ഥാന യൂണിറ്റ് മേധാവി സുനില്‍ തത്കരെ എന്നിവര്‍ ചേര്‍ന്ന് ഷിന്‍ഡെയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
“ഞങ്ങളുടെ പാർട്ടിയിലേക്ക് സായാജിറാവു ഷിൻഡെയെ സ്വാഗതം ചെയ്യുന്നു. ഞാൻ അധികം സിനിമകൾ കാണാറില്ല, പക്ഷേ സായാജിറാവുവിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘത്തോടൊപ്പം അദ്ദേഹം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു,” ഷിൻഡെയെ സ്വാഗതം ചെയ്തുകൊണ്ട് അജിത് പവാർ പറഞ്ഞു.
ഷിൻഡെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത അജിത് പവാർ, സംസ്ഥാന തെരഞ്ഞെടുപ്പിൽ എൻസിപിയുടെ താരപ്രചാരകരില്‍ ഒരാളായിരിക്കുമെന്നും വരും ദിവസങ്ങളിൽ നിരവധി പ്രമുഖർ പാർട്ടിയിൽ ചേര്‍ന്നേക്കുമെന്നും പറഞ്ഞു. ഷിൻഡെയുടെ സംഭാവനകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അജിത് പവാർ, പാർട്ടിയിൽ താരത്തിന് അർഹമായ ബഹുമാനം നൽകുമെന്നും കൂട്ടിച്ചേര്‍ത്തു.
സിനിമയിൽ രാഷ്ട്രീയക്കാരുടെ വേഷം ഞാൻ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ഇതുവരെ ഒരു രാഷ്ട്രീയക്കാരനായിട്ടില്ല, ഞാൻ ചെയ്യുന്ന സാമൂഹിക പ്രവർത്തനം എന്നെ ചിന്തിപ്പിച്ചു, പുറത്തുനിൽക്കുന്നതിന് പകരം സിസ്റ്റത്തിലേക്ക് വന്ന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന്. അതുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്, അജിത് പവാറിന്റെ എൻസിപിയുടെ നയങ്ങൾ എനിക്കേറെ ഇഷ്ടപ്പെട്ടു. അതാണ് ഞാൻ അവരോടൊപ്പം ചേർന്നതിന് കാരണം-സായാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: