തൃശ്ശൂര്‍: കരുവന്നൂരിനു പിന്നാലെ സിപിഎമ്മിന് നാണക്കേടായി കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടും. 32.42 കോടി രൂപയുടെ ബിനാമി വായ്പകളാണ് കൂട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ഇതിനു പുറമേ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതായും സംശയമുയര്‍ന്നു. കുട്ടനെല്ലൂര്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഇ ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരുവന്നൂരില്‍ നടപടി വൈകിയത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. ഇത് മുന്‍കൂട്ടി കണ്ടാണ് ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുട്ടനെല്ലൂരില്‍ കഴിഞ്ഞ ദിവസം തിരക്കിട്ട് നടപടിയെടുത്തത്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വര്‍ഗീസ് കണ്ടംകുളത്തിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ഒല്ലൂര്‍ ഏരിയ സെക്രട്ടറി കെ.പി. പോളിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കുട്ടനെല്ലൂര്‍ ബാങ്കിന്റെ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന ഇവര്‍ ക്രമക്കേടിന് കൂട്ടുനിന്നെന്ന് ആരോപിച്ചാണ് പാര്‍ട്ടി നടപടി. ബാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കൗണ്‍സിലര്‍ കൂടിയാണ് വര്‍ഗീസ് കണ്ടംകുളത്തി.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ക്രമക്കേട് സംബന്ധിച്ച പരാതികള്‍ കുട്ടനെല്ലൂരില്‍ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം കണ്ണടച്ചു. ഇപ്പോള്‍ കരുവന്നൂരിലെ പൊള്ളുന്ന അനുഭവം കൂടിയായതോടെയാണ് കുട്ടനെല്ലൂരില്‍ നടപടിയിലേക്കെത്തിയത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി പാര്‍ട്ടി ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. സമ്മേളന കാലയളവില്‍ അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി പതിവില്ല. ഇവിടെ അസാധാരണ നടപടിക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചത് കരുവന്നൂരിലെ തിരിച്ചടി തന്നെ. തൃശ്ശൂര്‍ കോര്പ്പറേഷന് ഭരണം നിയന്ത്രിക്കുന്നത് വര്‍ഗീസ് കണ്ടംകുളത്തിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടു ചര്‍ച്ചയാകുമെന്നും തിരിച്ചടിയുണ്ടാകുമെന്നും പാര്‍ട്ടി ഭയപ്പെടുന്നു. അതാണ് തിരക്കിട്ട നടപടിക്ക് കാരണം.
രണ്ടുവര്‍ഷം മുമ്പുതന്നെ കുട്ടനെല്ലൂര്‍ ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. അന്ന് നടപടിയെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവിടെ ഒട്ടേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് വഴിവിട്ടു വായ്പകള്‍ നല്‍കിയിട്ടുള്ളത്. ലോണിന് ഈടായി സാധാരണക്കാര്‍ നല്കിയ ആധാരത്തിനു മേലാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ക്ക് വന്‍തുകകള്‍ വായ്പ അനുവദിച്ചിട്ടുള്ളത്. ഇപ്പോഴത്തെ നടപടി ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ ചേരി തിരിഞ്ഞ ഏറ്റുമുട്ടലിന് കാരണമാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: