തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് എഡിജിപി പി. വിജയനെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവിറങ്ങി. നിലവില്‍ പോലീസ് അക്കാദമി ഡയറക്ടറാണ് അദ്ദേഹം. ഇന്റലിജന്‍സ് വിഭാഗം മേധാവി മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി. വിജയനെ നിയമിച്ചിരിക്കുന്നത്.
മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന് വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഇത് അന്വേഷണത്തില്‍ തള്ളിയതിനെ തുടര്‍ന്ന് പി. വിജയനെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ പി. വിജയന് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഉത്തരമേഖലാ ഐജിയായിരിക്കെയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുന്നത്. പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ. അക്ബറിനെയും നിയമിച്ചു. എഡിജിപിമാരായ എസ്. ശ്രീജിത്, പി.വിജയൻ , എച്ച്. വെങ്കിടേഷ് എന്നിവരെയായായിരുന്നു പുതിയ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. തുടര്‍ന്നാണിപ്പോള്‍ പി വിജയനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: