ന്യൂദല്‍ഹി: ഇന്ത്യയുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തുന്ന ഒരു നടപടിയും തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപ് വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്പര ബഹുമാനത്തിലും പങ്കാളിത്ത താത്പര്യങ്ങളിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. മറ്റ് രാജ്യങ്ങളുമായി പല മേഖലകളിലും സഹകരണം വർദ്ധിപ്പിച്ചാലും ഇന്ത്യയുടെ സുരക്ഷയെ അത് ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും – ഒരു ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മയിസു വ്യക്തമാക്കി.
നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്നലെ ദൽഹിയിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുമായുള്ള നയന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ മാലദ്വീപിലെ ടൂറിസം സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം. ഞായറാഴ്ച ദല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച. ഭാര്യ സജിദ മുഹമ്മദും മുയിസുവിനൊപ്പമുണ്ട്. ഒക്ടോബര്‍ പത്തുവരെയാണ് ഇന്ത്യാ സന്ദര്‍ശനം.
ആഭ്യന്തര മുൻഗണനകൾ പരിഗണിച്ചാണ് ഇന്ത്യൻ സേനയെ പിൻവലിയ്ക്കാൻ തീരുമാനിച്ചത്. ഇരുവരുടെയും മുൻഗണനകളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും മാലദ്വീപിനും ഇന്ത്യയ്ക്കും ഇപ്പോൾ വ്യക്തമായ ധാരണയുണ്ട്. മാലദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഞാൻ ചെയ്തത് – മുയിസു പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്. ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യാസന്ദർശമെന്നും മാലദ്വീപ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ദല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: