പത്തനംതിട്ട : ആരോഗ്യ പരിരക്ഷാ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ അഭിമാനമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതി വന്‍ പരാജയമെന്ന് കണക്കുകള്‍. 2022 ജൂലൈയില്‍ ആരംഭിച്ച പദ്ധതി രണ്ടു വര്‍ഷം പിന്നിട്ടപ്പോഴേക്കും ക്ലെയിം ലഭിക്കാനുള്ളത് ഏഴു ലക്ഷം പേര്‍ക്ക്. ധനകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്.
ഇതില്‍ 3,36,359 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 3,63,641 പെന്‍ഷന്‍കാര്‍ക്കും ആണ് ക്ലെയിം ലഭിക്കാനുള്ളത്. എംപാനല്‍ഡ് ആശുപത്രികളില്‍ പ്രായപരിധി ഇല്ലാതെ പണമടയ്‌ക്കാതെ ചികിത്സ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങള്‍ക്കും കവറേജ്, അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കും 12 മാരക രോഗങ്ങള്‍ക്കും കൂടി 35 കോടിയുടെ കരുതല്‍ ധനം, മെഡിക്കല്‍ ശാസ്ത്രക്രിയ ഡേ കെയര്‍ ചികിത്സകള്‍ (ഡയാലിസിസ്, കീമോതെറാപ്പി, തിമിര ശാസ്ത്രക്രിയ) എന്നിവ ഉള്‍ക്കൊള്ളുന്ന 1,920 വ്യത്യസ്ത പാക്കേജുകള്‍, അവയവ മാറ്റത്തിന് മൂന്ന് ലക്ഷം മുതല്‍ 20 ലക്ഷം വരെ കവറേജ് എന്നിങ്ങനെ വന്‍ വാഗ്ദാനങ്ങള്‍ ആണ് പദ്ധതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ക്ലെയിം ചെയ്യുന്നവര്‍ക്ക് ആശുപത്രികളില്‍ ചെലവായ തുക ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. സര്‍ക്കാരിന് ഒരു രൂപ പോലും മുടക്ക് ഇല്ലാത്തതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനനേട്ടമായി കൊട്ടിഗ്‌ഘോഷിക്കുന്നതുമായ പദ്ധതിയില്‍ അംഗങ്ങളില്‍ നിന്നും 500 രൂപ വീതം നിര്‍ബന്ധമായി പ്രതിമാസം ഈടാക്കുന്നുണ്ട്. വര്‍ഷം 6,000 രൂപ പിടിക്കുമ്പോള്‍ പദ്ധതി ഏറ്റെടുത്ത ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 5,664 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നിന്ന് ഓറിയന്റല്‍ കമ്പനി ജിഎസ്ടിയും അടയ്‌ക്കണം.
ബാക്കി വരുന്ന 35 കോടിയില്‍പരം തുക കോര്‍പ്പസ് ഫണ്ടായി പ്രത്യേകം സൂക്ഷിക്കുകയും 12ല്‍ പരം മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും നല്‍കുമെന്നണ് പറഞ്ഞിരുന്നത്. സര്‍വീസിലുള്ളവര്‍ക്കും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഒരേ തുകയാണ് പ്രീമിയം ആയി ഈടാക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്കും 25 വയസ്സ് വരെ പ്രായമുള്ള മക്കള്‍ക്കും ചികിത്സ ആനുകൂല്യം നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഭാര്യക്കോ ഭര്‍ത്താവിനോ മാത്രമാണ് ചികിത്സയ്‌ക്ക് അര്‍ഹത. കൂടാതെ ഭാര്യയും ഭര്‍ത്താവും പെന്‍ഷനായാല്‍ രണ്ടുപേര്‍ക്കും പ്രീമിയം അടയ്‌ക്കണം. ഒരാള്‍ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് വിരമിച്ച ദമ്പതികള്‍ രണ്ടുപേര്‍ക്കും കൂടി ലഭിക്കുക എന്നതുംപദ്ധതിയുടെ പോരായ്മയാണ്.
മെഡിസെപ് അംഗീകരിച്ച ആശുപത്രികളില്‍ രോഗിയുടെ എല്ലാ അസുഖത്തിനും ഉള്ള ചികിത്സ ലഭ്യമല്ല. പല രോഗങ്ങള്‍ക്കായി ഇവര്‍ പല ആശുപത്രികളില്‍ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊക്കെ പുറമേ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ എല്ലാം പദ്ധതിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ചില ആശുപത്രികള്‍ മെഡിസെപ്പ് സൗകര്യം ലഭ്യമല്ല എന്ന് ബോര്‍ഡ് വെച്ചിട്ടുമുണ്ട്. അതാത് കളക്ടറേറ്റുകളിലെ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറായും ജില്ലാ കളക്ടര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന പരാതി പരിഹാര സെല്‍ ആരംഭിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. ഫിനാന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സംസ്ഥാന സമിതിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അപ്പലേറ്റ് അതോററ്റിയായും നിയമിക്കുമെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ഇവയൊന്നും രൂപീകൃതമായിട്ടില്ല. ടോള്‍ഫ്രീ നമ്പര്‍ ആയ 18004251857 ല്‍ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഇല്ലെന്നും ഗുണഭോക്താക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: