തിരുവനന്തപുരം:”സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നൂ….” -ഒരു തലമുറയുടെ അനശ്വരപ്രേമസങ്കല്‍പം ഒപ്പിയെടുത്ത വയലാര്‍ രചിച്ച ഈ ഗാനത്തിന് അരനൂറ്റാണ്ട് തികയുന്നു. ഇന്നും പഴയ തലമുറയിലെ ആളുകളുടെ ഉള്ളില്‍ ഈ ഗാനം അലയടിക്കുന്നുണ്ട്. ഈ ഗാനത്തെക്കുറിച്ച് ഒഎന്‍വി വിശേഷിപ്പിക്കുന്നതിങ്ങിനെ:”‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം”. ഒഎന്‍വിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതെന്ന് ചോദിച്ചാല്‍ വയലാറിന്റെ സന്യാസിനി ആണ്.
ഗാനം കേള്‍ക്കാം:
വിരഹവിഷാദ ഭാവം വാറ്റിയെുത്ത ‘കാപി’ രാഗം
ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം (1974) എന്ന സിനിമയിലെ ഗാനം വയലാർ രചിച്ച് ദേവരാജൻ മാഷാണ് ഈണമിട്ടത്. കാപി രാഗത്തിലാണ് ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. വിഷാദഭാവത്തിന് ചിറകുമുളപ്പിക്കുന്ന രാഗമാണ് കര്‍ണ്ണാടക സംഗീതത്തിലെ പ്രേമത്തിന്റെ നിർമലവിശുദ്ധിയും ഉദാത്തചാരുതയും വിഷാദവൈവശ്യവും പ്രകടമാക്കാന്‍ ഉചിതമായ രാഗം. ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് കാപി. ഈ രാഗം ശ്രോതാക്കളിൽ ഭക്തി, കരുണ, ദുഃഖം എന്നിവ സൃഷ്ടിക്കുന്നു.കാപിയ്ക്ക് തുല്യമായ ഹിന്ദുസ്ഥാനി രാഗം പീലു ആണ്.
യേശുദാസിന്റെ ഭാവതീവ്രമായ ആലാപനം. പ്രേംനസീർ ഈ ഗാനരംഗത്തില്‍ കാമുകിയോട് വിടപറയാനെത്തുന്ന അനശ്വര കാമുകനായി ജീവിക്കുക തന്നെയാണ്. ഒരു കാലത്തെ കാമുകഹൃദയങ്ങളെ കവര്‍ന്നെടുത്ത ഗാനമായതിനാലാകാം യേശുദാസും തന്റെ ഗാനമേളകളില്‍ ഒരു കാലത്ത് സ്ഥിരമായി ഈ ഗാനം പാടിയിരുന്നു.
അനശ്വര കാമുക സങ്കല്പം
പ്രണയത്തിന് ശേഷമുള്ള വിടപറയല്‍ കാമുകന്റെ ഹൃദയത്തിന് താങ്ങാവുന്നതല്ല. അതാണ് ഈ വരികളില്‍ വയലാര്‍ കുറിച്ചിടുന്നത്. ഗദ്ഗധത്തോടെയാണ് കാമുകന്റെ മോഹങ്ങള്‍ മരിയ്ക്കുന്നത്. കാമുകിയുടെ മനസ്സിന്റെ തീക്കനല്‍ വീണ് സന്ധ്യാപുഷ്പങ്ങള്‍ കരിയുകയാണ്. ഭഗ്നപ്രണയത്തിന്റെ എന്തൊരു ഭ്രാന്തുപിടിപ്പിക്കുന്ന ചിത്രമാണ് വയലാര്‍ വരച്ചിടുന്നത്.
“നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്നങ്ങളലിഞ്ഞു
സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ”
വേര്‍പിരിയലിന്റെ നീറ്റലുള്ളപ്പോഴും അനശ്വരകാമുകനാകാന്‍ കൊതിയ്ക്കുന്ന യൗവനമായിരുന്നു ഈ ഗാനത്തിന്റെ ആത്മാവ്. ജീവിതത്തില്‍ എവിടെയൊക്കെ പോയാലും തന്റെ കാല്പാടുകള് എന്നെങ്കിലും കാണുക തന്നെ ചെയ്യുമെന്ന് കാമുകിയോട് പറഞ്ഞുവെയ്ക്കുകയാണ് ഈ നഷ്ടപ്രണയം താങ്ങാന്‍ കഴിയാത്ത കാമുകന്. ഇനി വേര്‍പിരിയലില്‍ പോലും കാമുകിയെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ കാമുകന് ഇഷ്ടപ്പെടുന്നില്ല. രാത്രി പകലിനോട് വിട ചോദിക്കുന്നതുപോലെ നിശ്ശബ്ദമായ യാത്രാമൊഴിയാണ് കാമുകന് ഇഷ്ടപ്പെടുന്നത്. അത്രമേല്‍ കാമുകിയെ നഷ്ടപ്രണയത്തിന്റെ പേരില്‍ ശല്ല്യപ്പെടുത്താന്‍ ഈ കാമുകന് ഇഷ്ടപ്പെടുന്നില്ല. പ്രണയം വേര്പിരിയുമ്പോള് പോലും എന്തൊരു ആര്‍ദ്രതയാണ്.
ഭഗ്നപ്രണയം എന്നും സാഹിത്യത്തെ മഥിച്ച വിഷയം
“.നിന്റെ ഏകാന്തമാം ഓര്‍മ്മ തന് വീഥിയില്‍
എന്നെയെന്നെങ്കിലും കാണും ഒരിയ്ക്കല്‍ നീ
എന്റെ കാല്പാടുകള് കാണും….
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിയ്ക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു…
രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍”
കാമുകന് യാത്ര ചോദിച്ചു പിരിഞ്ഞുപോകുന്നുവെങ്കിലും തന്റെ ഉള്ളില്‍ എല്ലാക്കാലത്തും ആ അനശ്വരപ്രേമം അലയടിക്കുമെന്ന് തന്നെയാണ് നായകന് നായികയോട് പറയുന്നത്.
പൂവണിയാത്ത പ്രണയം(unrequited love) എന്നും സാഹിത്യങ്ങളില്‍ എത്രയെഴുതിയാലും മഷിവിറ്റിപ്പോകാത്ത പ്രമേയമാണ്. ഇതേ തകര്‍ന്നുപോകുന്ന ശുദ്ധപ്രണയത്തെക്കുറിച്ച് തന്നെയാണ് ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ’ എന്ന നോവലിലൂടെ അന്തരിച്ച വിഖ്യാത ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന് ആധുനിക കാലത്തും എഴുതാന്‍ സാധിച്ചത് ഈ വിഷയം എന്നും തളിര്‍ത്തുപൂത്തുനില്‍ക്കുന്ന ഒന്നായതുകൊണ്ടാണ്.
ബ്രഹ്മാനന്ദന് നഷ്ടപ്പെട്ട ഗാനം
ഇനി ഈ ഗാനത്തിന് പിന്നിലെ മറ്റൊരു കഥ പറയാം. ഈ ഗാനം ആലപിക്കാൻ ദേവരാജൻ മാസ്റ്റർ ഉദ്ദേശിച്ചിരുന്നത് ബ്രന്മാനന്ദനെ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് റെക്കോർഡിങ്ങ് സമയത്ത് അസുഖം വന്നതിനാൽ, ദാസേട്ടനെകൊണ്ട് പാടിപ്പിക്കുകയായിരുന്നു. ബാക്കിയെല്ലാം ചരിത്രം.ബ്രന്മാനന്ദൻ തന്നെ പറഞിട്ടുണ്ട്, ഇത് ഈശ്വരന്റെ ഇടപെടൽ ആണെന്ന്. അതായത് ആ ഗാനം ദാസേട്ടനെ അനശ്വരനാക്കാന്‍ പിറന്ന ഒന്നായിരുന്നു. മാത്രമല്ല ആ ഗാനത്തെ അന്വശ്വരമാക്കാൻ ദാസേട്ടനെപ്പോലെ മറ്റാർക്കും കഴിയില്ല എന്നും പലരും വിശ്വ സിക്കുന്നു. ഒരു കാമുകന്റെ പ്രണയനഷ്ടത്തിന്റെ ചുടുനിശ്വാസങ്ങൾ ഇത്ര വികാരവായ്പ്പോടെ മറ്റാർക്കെങ്കിലും പാടിഫലിപ്പിക്കാന്‍ കഴിയുമായിരുന്നോ?
എന്തായാലും മലയാളിയുടെ പാട്ടോർമയിൽ എന്നും മറക്കാതെ കുടികൊള്ളുന്ന ഗാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: