ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയ അഞ്ച് മലയാളി യുവാക്കൾ പിടിയിൽ. കാസറഗോഡ് സ്വദേശികളായ അബ്ദുൾ ഷാക്കിർ (24), ഹസൻ ആഷിർ (34), കണ്ണൂർ സ്വദേശി റിയാസ് എ.കെ. (31), കാസർകോട് വർക്കാടി വില്ലേജിലെ പാവൂർ സ്വദേശി മുഹമ്മദ് നൗഷാദ് (22) മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഇമ്പു എന്ന യാസീൻ ഇംറാസ് (35) എന്നിവരെയാണ് മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 3,50,000 രൂപ വിലമതിക്കുന്ന 70 ഗ്രാം എംഡിഎംഎ, അഞ്ച് മൊബൈൽ ഫോണുകൾ, 1,460 രൂപ പണം, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവ പോലീസ് പിടിച്ചെടുത്തു. മംഗളൂരുവിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രതികൾ എംഡിഎംഎ വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങി മംഗളൂരുവിൽ എത്തിച്ചായിരുന്നു വിൽപന നടത്തിയിരുന്നത്.
പ്രതിയായ ഹസൻ ആഷിറിനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ മുമ്പ് ആക്രമണത്തിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കേസെടുത്തിട്ടുണ്ട്. യാസീൻ ഇംറാസിനെതിരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും, ഹെബ്ബാൾ പോലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. കൂടുതൽ വ്യക്തികൾ കേസിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: