മലപ്പുറം : തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കാനില്ലെന്ന് തവനൂര്‍ എം എല്‍ എ കെ ടി ജലീല്‍ . സിപിഎം സഹയാത്രികനായി തുടരും. വിരമിക്കല്‍ മൂഡിലാണ് താനെന്നും പറയുന്നു. അടുത്ത ദിവസം പുറത്തിറങ്ങുന്ന സ്വര്‍ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തിലാണ് ജലീല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം. ഇനി ന്യൂജന്‍ രംഗത്ത് വരട്ടെയെന്നും പറയുന്നു.
നവാഗതര്‍ക്ക് കസേര ഒഴിഞ്ഞുകൊടുക്കാന്‍ മടിയില്ല. നിയമനിര്‍മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഇരുപത് വര്‍ഷമായി ജനപ്രതിനിധിയായി തുടരുകയാണെന്നും ജലീല്‍ പുസ്തകത്തില്‍ എഴുതുന്നു. പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിലാണ് അധികാരക്കസേരകള്‍ മുറുകെ പിടിക്കുന്ന പ്രവണതയ്ക്കെതിരെയും പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കാരണങ്ങളും ജലീല്‍ തുറന്നെഴുതുന്നത്.
മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും കെടി ജലീല്‍ അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: