കേരളത്തിലെ സി.പി.എം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തകര്‍ച്ചയുടെ ആഴത്തിലേക്ക് കൂപ്പുകുത്തുകയാണ്. സി.പി.എമ്മിന്റെ ഇന്നത്തെ പ്രതിസന്ധി ആശയപരമോ ആദര്‍ശപരമോ അല്ല. അധികാരത്തിനുവേണ്ടി സ്വന്തം നയപരിപാടികള്‍ ബലികൊടുത്ത്, വര്‍ഗീയവാദികള്‍ക്കും മതഭീകരര്‍ക്കും സുരക്ഷയൊരുക്കി, അവരെ പാര്‍ട്ടിയുടെ ചിറകിനടിയില്‍ സംരക്ഷിച്ച സ്വാര്‍ത്ഥ-ജീര്‍ണ്ണ രാഷ്‌ട്രീയത്തിന് കാലം കൊടുത്ത തിരിച്ചടിയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അഭിമുഖീകരിക്കുന്നത്.
സി.പി.എമ്മിന്റെ ചരിത്രത്തില്‍ പലതവണ പിളര്‍പ്പും സംഘര്‍ഷവും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തില്‍ 1964 ല്‍ ഉണ്ടായ സംഘര്‍ഷം സി.പി.ഐയും സി.പി.എമ്മും എന്നീ രണ്ടു പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിലാണ് എത്തിയത്. സി.പി.ഐ മുന്‍കൈയെടുത്ത് കരുണാകരനോടൊപ്പം യു.ഡി.എഫ് എന്ന ഐക്യമുന്നണി രൂപീകരിച്ചതിനു കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചേരിപ്പോര് തന്നെയായിരുന്നു. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ പേര് പറഞ്ഞ് സ്വന്തം ശക്തിയും ആദര്‍ശവും സംഘടനാസംവിധാനവും സി.പി.എമ്മിന് മുന്നില്‍ അടിയറവെച്ച് സി.പി.ഐ കീഴടങ്ങിയപ്പോള്‍ നഷ്ടമായത് പൊതുസമൂഹത്തിന്റെ പ്രതീക്ഷയായിരുന്നു. ചില്ലറ അപഖ്യാതികളോ സ്വയംവിമര്‍ശനങ്ങളോ സി. അച്യുതമേനോനെ പോലെയുള്ളവര്‍ സ്വന്തം ഡയറിക്കുറിപ്പില്‍ പോലും രേഖപ്പെടുത്തിയത് ഒരുപക്ഷേ, കേരളരാഷ്‌ട്രീയത്തിന്റെ കൂരിരുട്ടില്‍ ഒരു രജതരേഖയായിരുന്നു. അച്യുതമേനോനും പി.കെ.വിയും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും ഇ. ചന്ദ്രശേഖരന്‍ നായരും ഒക്കെ അടങ്ങിയ രാഷ്‌ട്രീയനേതൃത്വം സി.പി.ഐയെ ഡോ. ബാബുപോള്‍ പറഞ്ഞതുപോലെ അഴിമതിയുടെയും ജീര്‍ണ്ണതയുടെയും ചെളിക്കുണ്ടില്‍ പാദം പതിക്കാതെ രക്ഷപ്പെടുത്തുന്നതില്‍ സഹായിച്ചു. പക്ഷേ, സി.പി.എം അങ്ങനെയായിരുന്നോ? അരി കുംഭകോണം മുതല്‍ കേരളത്തിലെ രാഷ്‌ട്രീയ അഴിമതി തുടങ്ങിവച്ചതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന് മാത്രമാണ്. മതഭീകരരെ മതേതര മുഖം നല്‍കി വെള്ളപൂശാന്‍ തുടങ്ങിയതും അവര്‍ തന്നെയായിരുന്നു. മലപ്പുറം ജില്ല മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെ പ്രീണനത്തിന്റെ പുതിയ ചുവടുവയ്‌പ്പുകളിലൂടെ അധികാര രാഷ്‌ട്രീയത്തിന്റെ എല്ലിന്‍കഷ്ണങ്ങള്‍ക്കു വേണ്ടി തെരുവുനായ്‌ക്കളെപ്പോലെ കേരളരാഷ്‌ട്രീയം അധ:പതിപ്പിച്ചതും അവര്‍ തന്നെയാണ്.
1980 കളില്‍ ബദല്‍രേഖയുടെ പേരില്‍ എം വി. രാഘവന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് പുറത്തിറങ്ങുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയായിരുന്നു. ഒരുപക്ഷേ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃനിരയില്‍ വരെ എത്തിയേക്കാമായിരുന്ന സി.പി. ജോണ്‍ അടക്കം പലരും രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലാതെ അപ്രസക്തരായി പോകാന്‍ കാരണവും യു.ഡി.എഫ് ചേരിയിലേക്ക് മാറിയതാണ്. കെ കരുണാകരന്‍ എന്ന ആശ്രിതവത്സലനും താന്‍പോരിമയുമുള്ള നേതാവിന്റെ കാരുണ്യമോ രാഷ്‌ട്രീയ ഔദ്ധത്യമോ കാരണം എം.വി. രാഘവന്‍ രണ്ടുതവണ മന്ത്രിയായി.
സി.പി.എം സംഘടനാസംവിധാനത്തിന്റെ നട്ടെല്ലായ സഹകരണമേഖല തന്നെ എം.വി. രാഘവനെ ഏല്‍പ്പിച്ച് തിരിച്ചടിക്കാന്‍ കരുണാകരന്‍ കാട്ടിയ കൗശലം യു.ഡി.എഫിനോ മറ്റു കടകകക്ഷികള്‍ക്കോ മനസ്സിലാകുന്നത് പോലുമായിരുന്നില്ല.
അടുത്ത ഊഴം ഗൗരിയമ്മയുടേതായിരുന്നു. കേരളരാഷ്‌ട്രീയത്തില്‍ ഗൗരിയമ്മ അനുഭവിച്ച പീഡനവും ത്യാഗവും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവും അനുഭവിച്ചിട്ടില്ല. പാര്‍ട്ടിയിലെ പിളപ്പിനെ തുടര്‍ന്ന് സി.പി.ഐ പക്ഷത്തുപോയ സ്വന്തം ഭര്‍ത്താവ് ടി.വി. തോമസിനെതിരെ ദാമ്പത്യത്തില്‍പോലും അലോസരമുണ്ടാക്കിയ രാഷ്‌ട്രീയ നിലപാടായിരുന്നു ഗൗരിയമ്മയുടേത്. ലാത്തികള്‍ക്ക് ഗര്‍ഭം ധരിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ താന്‍ പലതവണ ഗര്‍ഭിണിയാകുമായിരുന്നു എന്ന ഗൗരിയമ്മയുടെ വാക്കുകള്‍ പാര്‍ട്ടിക്കാര്‍ തന്നെ പാടിപ്പുകഴ്‌ത്തിയിരുന്നു. ഗൗരിയമ്മയെ മുന്‍നിര്‍ത്തി അവരെ മുഖ്യമന്ത്രിയാക്കും എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ സി.പി.എം ജയിച്ചുകഴിഞ്ഞപ്പോള്‍ മത്സരംഗത്തുപോലും ഇല്ലാതിരുന്ന ഇ. കെ.നായനാരെ മുഖ്യമന്ത്രിയാക്കി തങ്ങളുടെ ജാതിക്കുശുമ്പ് പ്രകടമാക്കി. കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി മുഖ്യമന്ത്രി എന്ന മുദ്രാവാക്യം സിപിഎം മറന്നു. പക്ഷേ, കേരളത്തിലുടനീളം മുഴുവനും മായ്‌ക്കാത്ത ചുവരെഴുത്തുകളിലും നാട്ടുകാരുടെ ഹൃദയത്തിലും ആ മുദ്രാവാക്യം ഒരു നീറ്റലായി അവശേഷിച്ചു. പോരാട്ടവീര്യം അണഞ്ഞിട്ടില്ലാത്ത ഗൗരിയമ്മയുടെ സ്വാഭാവികമായുള്ള പ്രതികരണം പാര്‍ട്ടി നിലപാടിനെതിരെത്തന്നെയായിരുന്നു. ഒരു സംസ്ഥാനസമിതി യോഗത്തില്‍ ഉന്നതനേതാവിന്റെ മകന്‍ ‘ചോത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളരാഷ്‌ട്രീയത്തിലെ ഏറ്റവും പ്രഗല്‍ഭയായ പോരാട്ടവീര്യം തെരുവിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. പണ്ട് ഗുരുവായൂരിലേക്ക് അതിവേഗത്തില്‍ പായുന്നതിന് കെ. കരുണാകരനെതിരെ നിയമസഭയില്‍ പരാമര്‍ശം നടത്തിയ ഗൗരിയമ്മയെ ചന്ദനത്തില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം നല്‍കി യുഡിഎഫിലേക്ക് കൊണ്ടുവന്നതും കരുണാകരനായിരുന്നു. അങ്ങനെ കെ. കരുണാകരന്റെ ‘കെ’ കരിങ്കാലിയാണെന്ന് നിയമസഭയില്‍ പറഞ്ഞ എം.വി. രാഘവനും എന്നും കുത്തിനോവിച്ച ഗൗരിയമ്മയും യുഡിഎഫില്‍ എത്തി. പക്ഷേ, അവര്‍ക്കാര്‍ക്കും സി.പി.എമ്മിനും നേതൃത്വത്തിനെതിരെ അതിശക്തമായ പോരാട്ടമുഖം തുറക്കാന്‍ കഴിഞ്ഞില്ല. തന്നോടൊപ്പംനിന്ന് ബദല്‍രേഖയെ പിന്തുണച്ചശേഷം കാലുവാരിയ നായനാരുടെ നട്ടെല്ല് പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞ എം.വി. രാഘവനോട് ‘അനക്ക് എന്തുവേണമെങ്കിലും പറയാമെടാ രാഘവാ’ എന്ന് സ്നേഹവാത്സല്യത്തോടെ തിരിച്ചടിച്ച ഇ.കെ. നായനാരുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ കാരുണ്യാതിരേകത്തിനപ്പുറത്തേക്ക് പാര്‍ട്ടിയില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ആ സംഘര്‍ഷത്തിനു കഴിഞ്ഞില്ല. എം.വി. രാഘവന്റെ മരണത്തിനു ശേഷവും ഗൗരിയമ്മയുടെ മരണത്തിന് തൊട്ടുമുമ്പും അവരെ വീണ്ടും പാര്‍ട്ടി മാമോദിസ മുക്കി. ഗൗരിയമ്മയ്‌ക്ക് ചെങ്കൊടി പുതപ്പിച്ച് വിട നല്‍കാനും കഴിഞ്ഞു.
പക്ഷേ, അന്നത്തെ ആദര്‍ശത്തിന്റെയും തത്വദീക്ഷയുടെയും രാഷ്‌ട്രീയമല്ല ഇന്നത്തേത്. എം.വി.രാഘവനും ഗൗരിയമ്മയും പാര്‍ട്ടി വിട്ടപ്പോള്‍ കാര്യമായ ആഘാതം സൃഷ്ടിക്കാനോ പാ
ര്‍ട്ടി നേതൃത്വത്തിനെതിരെ ചടുലമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പ്രതിരോധത്തിലാക്കാനോ കഴിഞ്ഞില്ല. വര്‍ഗീയതയ്‌ക്കെതിരെയും ഭീകരവാദത്തിനെതിരെയും നിലപാട് എടുത്തിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിന്റെ അപ്പക്കക്ഷണങ്ങള്‍ക്ക് വേണ്ടി ഇസ്ലാമിക ജിഹാദി ഭീകരര്‍ക്ക് അടിമപ്പെട്ടു. കെ.ടി.ജലീലും, പി.വി. അന്‍വറും, കാരാട്ട് റസാക്കും അടക്കം ഇസ്ലാമിക ഭീകരതയെ താലോലിക്കുന്നവര്‍ ഘട്ടംഘട്ടമായി സിപിഎമ്മിന്റെ താഴെയറ്റം മുതല്‍ മുകളറ്റം വരെ പിടിമുറുക്കി. പി.വി. അന്‍വര്‍ രണ്ടുതവണ എംഎല്‍എ ആയി. ഒരുതവണ എം പി സ്ഥാനത്തേക്കു മത്സരിച്ചുതോറ്റു. സി.പി.എമ്മിന്റെ മലപ്പുറത്തെ മുഖമായി, പാര്‍ട്ടിയിലെ ഇസ്ലാമിന്റെ പ്രതീകമായി ജലീലും അന്‍വറും മാറിയപ്പോള്‍ കാരാട്ട് റസാക്ക് അടക്കമുള്ളവര്‍ കോഴിക്കോടും സ്വന്തം മേല്‍വിലാസം പാര്‍ട്ടി സംവിധാനത്തിനൊപ്പം ചേര്‍ത്തു. സി.പി.എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും അതിനുമുമ്പ് കേരളത്തിലുടനീളം നടന്ന ബ്രാഞ്ച് മുതല്‍ മുകളിലേക്കുള്ള സമ്മേളനങ്ങളിലും ഇസ്ലാമിക ജിഹാദി തീവ്രവാദബന്ധം ചര്‍ച്ചയായി. പക്ഷേ സി.പി.എം പാഠം പഠിച്ചില്ല. ഇക്കുറി സംസ്ഥാന സമ്മേളനം തുടങ്ങുമ്പോഴേക്കും ബ്രാഞ്ച് കമ്മിറ്റി അടക്കം മുന്‍ എസ്.ഡി.പി.ഐക്കാരും മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരും മുന്‍ സിമി നേതാക്കളും പാര്‍ട്ടി ചുമതലകള്‍ പിടിച്ചുപറ്റുന്നത് കണ്ടു. ചിലയിടത്ത് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ജിഹാദിവല്‍ക്കരണം തിരിച്ചടിച്ചു. 19 സീറ്റിലും പരാജയപ്പെട്ടു എന്നുമാത്രമല്ല 140 നിയമസഭാമണ്ഡലങ്ങളില്‍ 18 എണ്ണം ഒഴികെ ബാക്കി എല്ലായിടത്തും സിപിഎം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും പോയി. ഇതൊരു പുതിയ ധ്രുവീകരണമാണ്. പാര്‍ട്ടിയുടെ അടിത്തറയും അടിസ്ഥാനവുമായിരുന്ന ഈഴവസമുദായവും മറ്റ് പിന്നാക്ക സമുദായങ്ങളും മാത്രമല്ല മുന്നോക്കക്കാരും കൂടി കൈവിട്ടതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടിലേക്ക് സിപിഎം അധ:പതിച്ചിരിക്കുന്നു.
സിപിഎമ്മിന്റെ നേതൃനിരയില്‍ പിടിമുറുക്കാനുള്ള ജിഹാദി ഭീകരവാദികളുടെ ഏറ്റവും പുതിയ നീക്കമാണ് അന്‍വറും, ജലീലും,കാരാട്ട് റസാക്കും നടത്തുന്നത് എന്നകാര്യം പകല്‍പോലെ വ്യക്തം.
അന്‍വര്‍ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുമായി മുന്നണി സംവിധാനത്തില്‍ പുതിയ മേച്ചില്‍പ്പുറം തേടിയെത്തുമ്പോള്‍ ജലീല്‍ അതിനൊപ്പം ചേരും എന്നകാര്യത്തിലും സംശയമില്ല. ഇസ്ലാമിക ജിഹാദി ഭീകരരുടെ ഒരു പുതിയ അഭയകേന്ദ്രവും മുഖമുദ്രയുമായി ഒരു പുതിയ രാഷ്‌ട്രീയ പ്രസ്ഥാനം കൂടി ഉരുത്തിരിയുകയാണ്. ഏതു മുന്നണിയില്‍ ആര്‍ക്കൊപ്പം എന്നതിനേക്കാള്‍ അധികാരത്തിന്റെ സമസ്തമേഖലകളിലേക്കും നുഴഞ്ഞുകയറുകയും ജിഹാദി താല്‍പര്യങ്ങള്‍ പരിരക്ഷിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. കണ്ണിലെ കൃഷ്ണമണിപോലെ അന്‍വറിനെയും ജലീലിനെയും സംരക്ഷിച്ച് ഒപ്പം കൊണ്ടുനടന്ന പിണറായി വിജയന് കിട്ടിയത് കാലത്തിന്റെ തിരിച്ചടിയാണ്. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ഏറ്റവും പ്രധാന ആരോപണം എഡിജിപി.യെ ഉപയോഗിച്ച് ബിജെപിയുമായി ബന്ധം സൃഷ്ടിച്ച് മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. പിണറായി എന്ന സൂര്യന്‍ കെട്ടടങ്ങി. അഴിമതിയുടെ കോക്കസിന്റെയും ഉപജാപകസംഘത്തിന്റെയും പിടിയിലാണ്. മരുമകന്‍ മുഹമ്മദ് റിയാസിന് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കുന്നു, എംഎല്‍എമാര്‍ അടക്കമുള്ള പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ അന്‍വര്‍ ഉയര്‍ത്തി. പി. ശശിക്കെതിരെയും അന്‍വര്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ആരോപണത്തിന്റെ ന്യായാന്യായങ്ങളിലേക്കോ വാസ്തവങ്ങളിലേക്കോ കടക്കുന്നില്ല. പക്ഷേ, മുഖ്യമന്ത്രിയെപോലും വ്യക്തിപരമായി കടന്നാക്രമിച്ച് എല്ലാ ബന്ധങ്ങളും തകര്‍ത്തെറിഞ്ഞ് അന്‍വര്‍ വരികയും അതിനെ പിന്തുണയ്‌ക്കാന്‍ ജലീല്‍ തയ്യാറാവുകയും ചെയ്യുന്ന രാഷ്‌ട്രീയധ്രുവീകരണം സിപിഎം ഇന്നുവരെ കാണാത്തതാണ്, അനുഭവിക്കാത്തതാണ്.
രാഷ്‌ട്രീയലാഭത്തിനുവേണ്ടി സ്വന്തം ഹൈന്ദവാടിത്തറ തകര്‍ക്കുകയും പാര്‍ട്ടി സംവിധാനം താഴെത്തട്ട് മുതല്‍ മുകളറ്റം വരെ തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും വിട്ടുകൊടുക്കുകയും ചെയ്ത രാഷ്‌ട്രീയ മണ്ടത്തരത്തിന് ഇന്ന് മറുപടി പറയേണ്ട സാഹചര്യത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. കേരളരാഷ്‌ട്രീയത്തില്‍ സ്വന്തം സ്വാധീനവും ശക്തിയും തെളിയിക്കാനുള്ള ജിഹാദി ധ്രുവീകരണം തന്നെയാണ് ഇതിന് പിന്നിലെന്ന സത്യം സിപിഎം ഇനിയും മനസ്സിലാക്കിയിട്ടില്ല. അതേസമയം മുഖ്യമന്ത്രിക്കെതിരെ പടവാളെടുത്ത പി.ജയരാജനും എം.എ. ബേബിയും തോമസ് ഐസക്കും ഉള്‍പ്പെട്ട വിഭാഗങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. അന്‍വറിന്റെ പിന്നില്‍ താനല്ലെന്ന് പരസ്യപ്രസ്താവന ഇറക്കേണ്ട ഗതികേടിലേക്ക് പി. ജയരാജന്‍ എത്തി. മാത്രമല്ല, പാര്‍ട്ടി സംവിധാനത്തിലെ കാര്യം പറയാതെ കേരളത്തിലുടനീളം ഐ.എസ് റിക്രൂട്ട്മെന്റ് നടക്കുന്നു എന്നുകൂടി തുറന്നുപറയുന്ന അവസ്ഥയിലേക്ക് പി ജയരാജന്‍ എത്തി. ഭീകരവാദികളെയും ജിഹാദികളെയുമാണ് തങ്ങള്‍ ചുമന്നു നടന്നിരുന്നതെന്ന് ജയരാജനും സിപിഎം നേതൃത്വവും സമ്മതിക്കുമ്പോള്‍ ഇത്രയുംകാലം ബിജെപിയും സംഘപരിവാറും പറഞ്ഞത് സത്യമാണെന്ന് കാലം തെളിയിക്കുകയാണ്. ബംഗാളിനും ത്രിപുരക്കും പിന്നാലെ ജനങ്ങള്‍ കൈവിടുന്ന അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎമ്മും പതിക്കുകയാണ്. അതെ ഇത് സ്വാഭാവികമായ പതനമാണ്. പുതിയതായി ഉരുത്തിരിയാന്‍ പോകുന്ന രാഷ്‌ട്രീയസംവിധാനം ഒരു ജിഹാദി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരിക്കും. അതിന്റെ പിന്നിലെ പ്രചോദനവും ആശയധാരയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഇസ്ലാമികവല്‍ക്കരണത്തിന്റെയും ആകും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ആശയപരമായും ആദര്‍ശപരമായും തകര്‍ന്ന സിപിഎമ്മിനെ ഇനി മുന്നോട്ട് നയിക്കാന്‍ ആദര്‍ശത്തിന്റെയും ആശയത്തിന്റെയും പ്രകാശധാര ഇല്ല. ഭാരതത്തെയും ഭാരതവത്കരണത്തെയും എല്ലാക്കാലത്തും എതിര്‍ത്ത അവര്‍ക്ക് ഒരിക്കലും ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. ആശയപരമായ ഈ പ്രതിസന്ധിയിലാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പുതിയ അടി കാലം നല്‍കുന്നത്. ഇനിയെത്ര കാലം മുന്നോട്ടു പോകാനാകും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. സന്ധ്യ മയങ്ങിയിരിക്കുന്നു. ഒരു പുതിയ പ്രഭാതത്തിലേക്ക് നയിക്കാന്‍ ഈ കൂരിരുട്ടില്‍ ഒരു വെള്ളിനക്ഷത്രവും ഇല്ല. ക്വിറ്റിന്ത്യാ സമരം മുതല്‍ ഒറ്റിക്കൊടുക്കലിന്റെയും രാഷ്‌ട്രവിരുദ്ധതയുടെയും സ്വാര്‍ത്ഥതയുടെയും പണംപറ്റിയ ഇരുട്ടിന്റെ സന്തതികള്‍ക്ക് ഇനി ഏറെ ഇഴഞ്ഞു നീങ്ങാനാവില്ല. കാത്തിരിക്കാം അനിവാര്യമായ ആ പതനത്തിന്റെ നിമിഷങ്ങള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: