ഗുരുഗ്രാം: കോൺഗ്രസ് വേദികളിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുന്ന പുതിയ പ്രവണതയാണ് കാണുന്നതെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാനയിലെ ബാദ്ഷാപൂരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
താൻ ഹരിയാനയിൽ ഒരു പുതിയ പ്രവണത കാണുന്നുണ്ട്. ഹതിൻ മുതൽ തൻസെസർ വരെയും തൻസേസർ മുതൽ പൽവാൽ വരെയും കോൺഗ്രസ് വേദികളിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
കൂടാതെ എന്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടി നേതാക്കൾ ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കുന്നതെന്നും ഈ വിഷയത്തിൽ രാഹുൽ എന്തിനാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനു പുറമെ പ്രീണനത്തിലൂടെ കോൺഗ്രസ് അന്ധരായിരിക്കുകയാണ്. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസും രാഹുലും പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരിന്റെ പതാക തിരികെ കൊണ്ടുവരാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കശ്മീർ നമ്മുടേതാണ്. മോദി സർക്കാർ ഉള്ളത് വരെ കശ്മീരിൽ ഒരു പതാകയേ ഉണ്ടാവൂ, നമ്മുടെ ത്രിവർണ്ണ പതാക മാത്രമെ അവിടെ പാറിപ്പറക്കുകയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: