ബാങ്കോക്ക്: ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക്. ഇതോടെ മൃഗശാലയുടെ ടിക്കറ്റ് വില്പന തന്നെ നാലിരട്ടിയായി വര്‍ധിച്ചു. വംശനാശം സംഭവിക്കാറായ പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരെ ആകര്‍ഷിക്കുന്നത്. മൃഗശാലയില്‍ തന്നെയാണ് പിഗ്മി ഹിപ്പോകുഞ്ഞിനെ പ്രസവിച്ചത്.
ചില ടിക് ടോക് വീഡിയോകള്‍ വന്നതോടെയാണ് പിഗ്മി ഹിപ്പോ കുഞ്ഞ് വൈറലായത്. തായ് ലാന്റിലെ മൃഗശാലയിലാണ് സംഭവം. മൂ ഡെങ്ങ് എന്നാണ് ഈ പിഗ്മി ഹിപ്പോയുടെ പേര്. തായ് ലാന്റിലെ ഖാവോ ഖിയോ എന്ന പേരുള്ള തുറന്ന മൃഗശാലയിലാണ് ഈ പുതിയ അതിഥി പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
5,90,000 ഡോളര്‍ ആണ് മൂ ഡെങ് കാരണം ഈ മൃഗശാലയ്ക്ക് സെപ്തംബര്‍ മാസത്തെ ദിവസങ്ങളിലെ വരുമാനം. മൂ ഡെങ്ങിന്റെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടുകളും ഇറങ്ങിയിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ മൂ ഡെങ്ങിനെ താമസിപ്പിച്ച കൂടിന് പുറത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്. ഇതോടെ സന്ദര്‍ശകര്‍ക്ക് മൂ ഡെങ്ങിനെ കാണാനുള്ള സമയം കുറച്ചു. പരമാവധി അഞ്ച് മിനിറ്റേ നില്ക്കാന് പാടൂ. മൃഗശാല തന്നെ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടും ട്രൗസറുകളും ഉണ്ടാക്കാന്‍ ഒരു കമ്പനിയുമായി കരാറില്‍ എത്തിയിരിക്കുകയാണ്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വേരുകളുള്ളതാണ് പിഗ്മി ഹിപ്പോ. ലോകത്ത് ഇനി 2000 മുതല്‍ 2500 വരെ പിഗ്മി ഹിപ്പോകളേ ബാക്കിയുള്ളൂ. ഇതിനിടെ മൃഗസ്നേഹികളുടെ സംഘടനയായ പെട്ട (പീപ്പിള്‍ ഫോര്‍ ദി എതിക്കല്‍ ട്രീറ്റ് മെന്റ് ഓഫ് എനിമല്‍സ്) രംഗത്തെത്തിയിട്ടുണ്ട്. തടവില്‍ പിടിച്ചിട്ട ഒരു മൃഗം പ്രസവിക്കുന്നതും അതിന്റെ കുഞ്ഞിനെ പൊതിയുന്നതും അത്ര വലിയ കേമമായ കാര്യമല്ലെന്നാണ് പെട്ടയുടെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: