ബെയ്‌റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം ഇന്നലെയും തുടര്‍ന്നു. തിങ്കളാഴ്ച മാത്രം ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 558 പേര്‍ മരിച്ചതായി ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബൈദ് പറഞ്ഞു.
1,835 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഹിസ്ബുള്ള സാധാരണക്കാരുടെ വീടുകള്‍ ആയുധപ്പുരകളാക്കുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഭീകരര്‍ക്കെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ആരോപണം. സാധാരണക്കാരുടെ വീടുകളെ ഹിസ്ബുള്ള മിസൈല്‍ കേന്ദ്രങ്ങളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഗ്രാഫിക്സ് വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു.
ലെബനനിലെ ചില പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) മേധാവി ഡാനിയേല്‍ ഹഗാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാധാരണ ജനങ്ങളെ പരമാവധി സംരക്ഷിക്കാനായാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വീടുകളുടെ മേല്‍ക്കൂരയ്‌ക്ക് കീഴില്‍ ഒളിപ്പിച്ച ദീര്‍ഘദൂര റോക്കറ്റകളും ഇസ്രയേല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ റെക്കോഡ് ചെയ്ത സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ യുദ്ധം ജനങ്ങള്‍ക്കെതിരെയല്ല. ഇത് ഹിസ്ബുള്ളക്കെതിരെയാണ്. ഇത് നീണ്ട് നില്ക്കും. ഹിസ്ബുള്ള ഭീകരര്‍ നിങ്ങളെ മനുഷ്യപ്പരിചയായിട്ടാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങള്‍ ഗൗരവമായിട്ടെടുക്കണം. ഹിസ്ബുള്ള ഭീകരര്‍ക്കായി നിങ്ങളുടെ ജീവന്‍ കളയരുത്. നിങ്ങള്‍ പ്രിയപ്പെട്ടവരാണ്. നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്. ഓപ്പറേഷന്‍ അവസാനിക്കുന്നതോടെ നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചുവരാമെന്നും നെതന്യാഹു സന്ദേശത്തില്‍ പറയുന്നു. ലെബനനിലെ 1300 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിനിടയില്‍ ബെയ്‌റൂട്ടില്‍ നിന്നുള്ള 40 ഫ്‌ലൈറ്റുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: