‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം പഠിച്ച ശേഷം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയിരിക്കുന്നു. ഈ പദ്ധതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പുറത്തെടുക്കുന്ന ഒരു പ്രധാന ആയുധമാണ് ‘ഭാരതത്തെ പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് ഇത് നടപ്പിലാക്കുന്നത് ശരിയല്ലെന്നു’ള്ളത്. എന്നാല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ പല രാജ്യങ്ങളിലും സമാന സംവിധാനം കാണാന്‍ സാധിക്കും. യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ കൗണ്ടി അഥവാ സംസ്ഥാന, മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നാല് വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചു നടക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണാഫ്രിക്ക ദേശീയ അസംബ്ലി, മുന്‍സിപ്പല്‍ കൗണ്‍സില്‍, പ്രവിശ്യാ നിയമനിര്‍മാണ തെരഞ്ഞെടുപ്പുകള്‍ എന്നിവ ഓരോ അഞ്ച് വര്‍ഷത്തിലും ഒന്നിച്ചാണ് നടത്തുന്നത്. ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നിയമനിര്‍മാണ, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിക്കുന്നതിന് 2019-ല്‍ ഭരണഘടന ഭേദഗതി ചെയ്തു. ബെല്‍ജിയത്തിന്റെ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു സമയത്ത് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഒന്നിച്ചു നടത്തുന്നു. ജര്‍മ്മനി, ഇറ്റലി, ഫിലിപ്പൈന്‍സ്, കോസ്റ്ററിക്ക, ബൊളീവിയ, ഗ്വാട്ടിമാല, അമേരിക്ക എന്നിവിടങ്ങളില്‍ വിവിധ മാറ്റങ്ങളോടെ സമാന ആശയം കാണാന്‍ സാധിക്കും. ഈ രാജ്യങ്ങളിലൊന്നും വൈവിധ്യങ്ങളില്ലെന്ന് എതിര്‍ക്കുന്നവര്‍ക്ക് പറയാന്‍ സാധിക്കുമോ?
വാസ്തവത്തില്‍ ഒറ്റത്തെരഞ്ഞെടുപ്പിനെയല്ല ഒരു രാഷ്ട്രമെന്ന സങ്കല്പത്തെയാണ് കോണ്‍ഗ്രസ് ഭയക്കുന്നതും ഇല്ലാതാക്കാന്‍ ശ്രമിച്ചതും, ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഏതൊരു പുതിയ നയം അല്ലെങ്കില്‍ ആശയം ഭാരതത്തില്‍ അവതരിപ്പിക്കുമ്പോഴും അവ മുടക്കാന്‍ കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് സഖ്യം ഉയര്‍ത്തുന്നൊരു പ്രധാന വാദമാണ് ഭാരതത്തിന്റെ വൈവിധ്യം. ലോകത്ത് ഭാരതത്തില്‍ മാത്രമാണ് വൈവിധ്യങ്ങളുള്ളതെന്ന തോന്നല്‍ ഇവരുടെ വാദം കേള്ക്കുന്നവര്ക്കുണ്ടായാല് അവരെ തെറ്റ് പറയാനാവില്ല. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഇസ്ലാമിക രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം വൈവിധ്യങ്ങള്‍ നിറഞ്ഞതാണെന്ന വാസ്തവം മറന്നുകൊണ്ടാണ് ഇക്കൂട്ടര്‍ ഇത്തരത്തിലുള്ള ഒരാഖ്യാനം ഓരോ ഭാരതീയന്റെയും മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
പുതിയ ആശയമോ?
‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഭാരതത്തിന് പുതിയ കാര്യമല്ല. 1952 മുതല്‍ 1967 വരെ തുടര്‍ന്നിരുന്ന ഒരു പ്രക്രിയ നിയമപരമാക്കുകയും അതിനാവശ്യമായ ചട്ടക്കൂടുകള്‍ തയ്യാറാക്കുന്നുവെന്ന ഏക വ്യത്യാസമാണിപ്പോഴുള്ളത്. എന്നാല്‍ ബിജെപിയുടെ അജണ്ടയെന്നാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ബിജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകും മുന്‍പേ നിലനില്‍ക്കുന്ന ഒരാശയമാണ് ഇതെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കേണ്ടതുണ്ട്. 1951-52, 1957, 1962, 1967 എന്നീ വര്‍ഷങ്ങളില്‍ ലോക്സഭ, സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പുകള്‍ രാജ്യത്ത് ഒന്നിച്ചാണ് നടത്തിയത്. അക്കാലത്ത് ചില നിയമസഭകളും ഒപ്പം ലോക്സഭ തന്നെയും നേരത്തെ പിരിച്ചുവിടുകയും ചെയ്തപ്പോഴാണ് ഇതില്‍ മാറ്റമുണ്ടായത്. എന്നാല്‍ അധികം വൈകാതെ പഴയ സംവിധാനത്തിലേക്ക് തിരികെ പോകണമെന്നുള്ള ആവശ്യം 1980-കളില്‍ ഉയര്‍ന്നിരുന്നു.
1983 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ ഒരേസമയം വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. തുടര്‍ന്ന് 1999 ല്‍ ജസ്റ്റിസ് ബി.പി. ജീവന് റെഡ്ഡിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന അന്നത്തെ നിയമ കമ്മീഷനും ഒരേസമയം തെരഞ്ഞെടുപ്പെന്ന രീതിയെ പിന്തുണച്ചിരുന്നു.
2003 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഈ വിഷയം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ടു പോയില്ല. 2010 ല്‍, ബിജെപി
നേതാവ് എല്‍.കെ. അദ്വാനിയും 2014 ല്‍, ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഉള്‍പ്പെടുത്തി ഇതിനെ പിന്തുണച്ചു. 2015 ല്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ലമെന്ററി കമ്മിറ്റിയും 2018ല്‍ ലോ കമ്മീഷന് നടത്തിയ സര്‍വകക്ഷി യോഗത്തില്‍, ചില രാഷ്ട്രീയ പാര്‍ട്ടികളും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തു. ഇത് നടപ്പാക്കുന്നതിന് 2016 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ നടത്തി. പൊതുസമൂഹത്തെ ഇതിന്റെ പ്രാധാന്യം ധരിപ്പിക്കാനും ശ്രമിക്കുന്നു.
കോണ്‍ഗ്രസിനാവശ്യം അനൈക്യം
ഒരു രാഷ്ട്രം, ഏക ദേശീയത തുടങ്ങിയ സങ്കല്പങ്ങളെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭയക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ച് രാഹുല്‍ പിന്തുടരുന്ന രാഷ്ട്രീയം ഭിന്നിപ്പിന്റേതാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസിനായി മുറവിളി കൂട്ടിയും ദക്ഷിണ ഭാരതത്തില്‍ ഹിന്ദു വര്‍ഗീയത ഉയര്‍ത്തി ഭയം സൃഷ്ടിച്ചും ന്യൂനപക്ഷ പ്രീണനം നടത്തിയും വടക്ക് കിഴക്ക് രാജ്യ വിരുദ്ധത പ്രചരിപ്പിച്ചും വോട്ട് നേടുകയെന്ന തന്ത്രമാണ് അവര്‍ പിന്തുടരുന്നത്. ഇതിന്റെയൊപ്പം പ്രാദേശികവാദം ഊതിപ്പെരുപ്പിക്കുകയെന്ന നയവും കോണ്‍ഗ്രസ് എല്ലാക്കാലത്തും പിന്തുടര്ന്ന് പോന്നു. കോണ്‍ഗ്രസിന്റെ ഈ നയത്തിന്റെ സൃഷ്ടികളാണ് വിവിധ പ്രാദേശിക പാര്‍ട്ടികളും വര്‍ഷങ്ങള്‍ നീണ്ടു നിന്ന കേന്ദ്രത്തിലെ അസ്ഥിര ഭരണവും. അതിനാല്‍, രാജ്യത്ത് വിവിധ സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമേ കോണ്‍ഗ്രസിന് തന്ത്രങ്ങള്‍ പയറ്റാന്‍ സാധിക്കൂ. കാരണം ബിജെപിയെ പോലെ ഭാരതത്തെ ഒന്നായി കാണാനോ രാജ്യത്താകമാനം ഒരേ നയം സ്വീകരിക്കാനോ കോണ്‍ഗ്രസിന് സാധിക്കില്ല. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി ഭാരതം ഭിന്നിച്ചു നിന്നാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുള്ളൂ. ദ്രാവിഡ വാദം ഉയര്‍ത്തുന്ന തമിഴ് കക്ഷികള്‍ക്കും, ‘ഇത് കേരളമാണെ’ന്ന പ്രാദേശിക വാദത്തില്‍ ഊന്നി നില്ക്കുന്ന കമ്മ്യൂണിസ്റ്റ് കക്ഷികള്‍ക്കും, മുസ്ലിം രാഷ്ട്രീയം പയറ്റുന്ന മുസ്ലിം ലീഗിനും, കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ഭാരതം ഭിന്നിച്ചു നില്‍ക്കേണ്ടതുണ്ട്.
അതിന് രാജ്യത്ത് എല്ലാവര്‍ഷവും തെരഞ്ഞെടുപ്പ് നടക്കുകയും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് വേരോട്ടം ഉണ്ടാകുകയും അവര്‍ക്ക് അവ തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിക്കുകയും വേണം. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് തന്നെ ഇതിന് ഉദാഹരണമാണ്. വിഘടനവാദത്തിന് അനുച്ഛേദം 370, 35 (എ) വകുപ്പുകളിലൂടെ ഭരണഘടനാ പദവി നല്കി ഇസ്ലാമിക സമൂഹത്തെ ഭീകരവാദത്തിലേക്ക് തള്ളിവിടുകയും പാകിസ്ഥാന്റെ കൈകളിലേക്ക് മുസ്ലിം യുവാക്കളെ എത്തിക്കുകയും കശ്മീരി പണ്ഡിറ്റുകളെ നാട് കടത്തുകയും ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസ് ഭരണകാലത്തിന് പറയാനുള്ളത്. ഈ വകുപ്പുകള്‍ തിരികെ കൊണ്ടു വരുമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും പിന്തുണച്ചു. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിലും സിഖ് മതക്കാരെ ഭിന്നിപ്പിക്കാനുള്ള പ്രസ്താവനകള്‍ രാഹുല്‍ നടത്തി. അതുകൊണ്ടു തന്നെ ഭാരത രാഷ്ട്രം വിവിധ ജാതി, മത, പ്രാദേശിക, ലിംഗപരമായി ഭിന്നിച്ചുനിന്നാല്‍ മാത്രമേ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളൂ. അതുകൊണ്ട് ഏത് വിധേനയും ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തെ എതിര്‍ക്കുന്ന നയമാണ് അവര്‍ സ്വീകരിക്കുക.
കാലത്തെ ഉള്‍ക്കൊള്ളുന്ന മാറ്റം
ഭാരത ഭരണഘടന ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. 140 കോടിയും കടന്ന് ലോക ജനസംഖ്യയില്‍ ഒന്നാമതെത്തിയിരിക്കുന്ന രാജ്യത്തിന് യോജിക്കുന്ന തരത്തില്‍ അതിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തെ മാറ്റുന്നതില്‍ എന്താണ് തെറ്റ്. നിരന്തരം തെരഞ്ഞെടുപ്പ് നടക്കുന്നത് വികസന പ്രക്രിയകളെ ബാധിക്കുകയും രാജ്യത്ത് സാമൂഹിക-സാമുദായിക അന്തരീക്ഷം മലിനമാവുന്നതിനും കാരണമാവുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനും, സമയം ലാഭിക്കാനും, കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാനും സാധിക്കും. എന്നാല്‍ രാഷ്ട്രത്തിന്റെ വൈവിധ്യത്തെ ബാധിക്കുമെന്നും, ജനാധിപത്യം മരിക്കുമെന്നും ബിജെപി അജണ്ടയാണിതെന്നുമുള്ള കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് വാദങ്ങള്‍ യുക്തിക്കു നിരക്കാത്തതാണ്.
(ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: