അഭിനയത്തിന്റെ അഭ്രപാളികളില്‍ കവിയൂരിനെ അടയാളപ്പെടുത്തിയ പ്രിയപ്പെട്ട പൊന്നമ്മയ്ക്ക് വിട. 2017-ലാണ് അവസാനമായി പൊന്നമ്മ കവിയൂരിലെത്തിയത്. അന്ന് ശോഭാ സുരേന്ദ്രനൊപ്പം ബിജെപി കുടുംബ സംഗമത്തിലും പങ്കെടുത്തു. കവിയൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതോടെയാണ് ജന്മനാട്ടിലേക്കു വരവ് നിലച്ചത്.
പത്തനംതിട്ടയിലെ കവിയൂരില്‍ 1945ല്‍ ജനനം. ടി.പി. ദാമോദരന്റേയും ഗൗരിയുടേയും 7 മക്കളില്‍ മൂത്തയാളായിരുന്നു
പൊന്നമ്മ. അന്തരിച്ച നടി കവിയൂര്‍ രേണുകയാണ് ഇളയസഹോദരി. എഴുത്ത് പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പത്താമത്തെ വയസില്‍ അമ്മവീടായ പൊന്‍കുന്നത്തേക്ക് മാറി. എങ്കിലും കവിയൂര്‍ ആയിരുന്നു പൊ
ന്നമ്മയുടെ പ്രിയനാട്.
ദക്ഷിണാമൂര്‍ത്തി സ്വാമിക്കൊപ്പം മഹാദേവന് മുന്നില്‍
സംഗീതജ്ഞന് വി.ദക്ഷിണാമൂര്‍ത്തി സ്വാമി കവിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൊന്നമ്മയ്ക്ക് സംഗീത പഠനത്തില്‍ കമ്പം കയറിയത്. മഹാദേവന് മുന്നില്‍ 41 ദിനം ഭജനം പാര്‍ക്കാനായിരുന്നു അന്ന് സ്വാമിയെത്തിയത്. സ്വാമിയെത്തിയതറിഞ്ഞപ്പോള് അന്നത്തെ നാട്ടുപ്രമാണികള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് സ്വാമി സംഗീതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കണമെന്ന് മോഹമായി. സന്തോഷത്തോടെ അക്കാര്യം ഏറ്റെടുത്ത സ്വാമിയുടെ ആദ്യ സ്വരങ്ങളാണ് പൊന്നമ്മയെ കലാരംഗത്തേക്ക് ആകര്‍ഷിച്ചത്.ഡോ. കവിയൂര്‍ രേവമ്മ അടക്കമുള്ളവര്‍ക്കൊപ്പമാണ് അന്ന് പഠനം തുടങ്ങിയത്. പിന്നീട് എല്‍.പി.ആര്. വര്‍മയുടേ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരിയില്‍ എത്തി. വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
പരദേവതയ്ക്ക് മുന്നില്‍
കുടുംബക്ഷേത്രമായ തെക്കേതില്‍ ത്രിപുര സുന്ദരിക്ക് മുന്നില്‍ എല്ലാവര്‍ഷവും പ്രാര്‍ത്ഥനകളുമായി എത്തുമായിരുന്ന പൊന്നമ്മയെ കണ്ണിരോടെയാണ് ബന്ധുജനങ്ങള്‍ ഓര്‍ക്കുന്നത്. അച്ഛന് ടി.പി. ദാമോദരന്റെ സഹോദര പരമ്പരകളില്‍പെട്ടവരാണ് ഇപ്പോള്‍ കുടുംബ വീട്ടിലുള്ളത്. 2014ല്‍ കുടുംബക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കും അനുബന്ധ ചടങ്ങുകള്‍ക്കുമായി പല ദിവസങ്ങളിലും എത്തിയിരുന്നു. മാസപൂജകളും വിശേഷാല്‍ വഴിപാടുകളും കവിയൂര്‍ പൊന്നമ്മയുടെ വകയായി ഇവിടെ മുടങ്ങാതെ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: